News - 2024

യൂറോപ്യന്‍ യൂണിയന്‍ പുനസംഘടിപ്പിക്കുകയും അംഗങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുകയും വേണം: ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 28-06-2016 - Tuesday

വത്തിക്കാന്‍: പുതിയ പരിഷ്‌കാര നടപടികളുമായി യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ ശക്തമാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അംഗ രാജ്യങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന തരത്തിലേക്ക് യൂറോപ്യന്‍ യൂണിയന്‍ മാറണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പുറത്തു പോയ സംഭവത്തോട് അര്‍മേനിയന്‍ യാത്രക്കു ശേഷം വത്തിക്കാനില്‍ മടങ്ങിയെത്തിയ മാര്‍പാപ്പ പ്രതികരിച്ചു. എന്തോ ഒന്ന് യൂറോപ്യന്‍ യൂണിയനില്‍ കൃത്യമായി പ്രവര്‍ത്തിക്കാതതു മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

"ബ്രിട്ടന്‍ എന്തിനാണ് യൂറോപ്യന്‍ യൂണിയന്‍ വിട്ടു പോയതെന്ന വിഷയം ഞാന്‍ കൂടുതലായി പഠിച്ചിട്ടില്ല. യൂറോപ്യന്‍ യൂണിയന്‍ അതിന്റെ വേരുകള്‍ വരെ ഇറങ്ങി ചെന്നശേഷം അതിനുള്ളില്‍ തന്നെ അടങ്ങിയിരിക്കുന്ന സാധ്യതകളെ കുറിച്ച് പഠിക്കണം. യൂണിയനില്‍ അംഗങ്ങളായിരിക്കുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണം". ഫ്രാന്‍സിസ് പാപ്പ വിഷയത്തിലെ തന്റെ പ്രതികരണം വ്യക്തമാക്കി. ഭാവനാപൂര്‍ണ്ണമായ പദ്ധതികള്‍ യൂറോപ്യന്‍ യൂണിയന്‍ ആവിഷ്‌കരിച്ചാല്‍ നിലവിലെ ജീവിത സാഹചര്യങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ സാധിക്കുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

"കുഞ്ഞിനെ കുളിപ്പിച്ച ശേഷം വെള്ളം ദൂരേക്ക് കളയുമ്പോള്‍ ആരും അതിന്റെ കൂടെ കുഞ്ഞിനേയും കളയുകയില്ല. ആവശ്യം മനസിലാക്കിയുള്ള ക്രിയാത്മകമായ നടപടിയാണ് സ്വീകരിക്കേണ്ടത്". യൂറോപ്യന്‍ യൂണിയനിലെ തൊഴിലില്ലായ്മയേ കുറിച്ചും സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ചും മാര്‍പാപ്പ പറഞ്ഞു. സാഹോദര്യം നിലകൊള്ളുന്ന ഒരു അന്തരീക്ഷമാണ് എപ്പോഴും ദൂരത്തേക്കാളും, ശത്രൂതയെക്കാളും നല്ലതെന്നും ആളുകളെ വേര്‍ത്തിരിക്കുന്ന മതിലുകളിലും നല്ലത് കൂട്ടിച്ചേര്‍ക്കുന്ന പാലങ്ങളാണെന്നും മാര്‍പാപ്പ പറഞ്ഞു.