News

അഫ്സ്പ അതിക്രമത്തിനെതിരെ നാഗാലാന്‍ഡില്‍ കാല്‍നട ജാഥ: പങ്കെടുത്തത് ആയിരകണക്കിന് ക്രൈസ്തവര്‍

പ്രവാചകശബ്ദം 12-01-2022 - Wednesday

കൊഹിമ: വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്സ്പ നിയമം പിന്‍വലിക്കണമെന്നും, കഴിഞ്ഞ മാസം സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ട 14 നിരപരാധികള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി നാഗാലാന്‍ഡില്‍ നടന്ന ദ്വിദിന കാല്‍നട പ്രതിഷേധ ജാഥയില്‍ പങ്കെടുത്ത് ആയിരകണക്കിന് ക്രൈസ്തവര്‍. ജനുവരി 10-ന് വാണീജ്യ കേന്ദ്രമായ ദിമാപൂരില്‍ നിന്നും ആരംഭിച്ച് ഇന്നലെ കൊഹിമയില്‍ അവസാനിച്ച കാല്‍ നട ജാഥയില്‍ സാമൂഹ്യ പ്രവര്‍ത്തകരും, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു.

വിവാദമായ അഫ്സ്പ നിയമത്തിനെതിരെ നടന്ന ഏറ്റവും ശക്തവും അക്രമരഹിതവുമായ പ്രതിഷേധമായിരുന്നു ഇതെന്ന് നാഗാലാന്റിലെ സാമൂഹിക പ്രവര്‍ത്തക റോസ്മേരി ഡ്സുവിന്‍ചു യു.സി.എ ന്യൂസിനോട് പറഞ്ഞു. കാല്‍നട ജാഥയില്‍ പങ്കെടുത്തവരില്‍ ചിലര്‍ അഫ്സ്പ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സ്റ്റേറ്റ് ഗവര്‍ണര്‍ ജഗദീഷ് മുഖിക്ക് ഒരു മെമോറാന്‍ഡവും സമര്‍പ്പിച്ചിട്ടുണ്ട്. കടുത്ത ശൈത്യവും, ചെങ്കുത്തായ കയറ്റങ്ങളും, പരുക്കന്‍ പാതകളും വകവെക്കാതെയാണ് 75 കിലോമീറ്റര്‍ നീണ്ട കാല്‍നട ജാഥയില്‍ ആയിരങ്ങള്‍ പങ്കെടുത്തത്.

1956-ല്‍ നാഗാലാന്‍ഡില്‍ നടന്ന സായുധ കലാപത്തിന് ശേഷം വിഘടനവാദങ്ങളെയും, സായുധ കലാപങ്ങളേയും തടയുന്നതിനായി രൂപം നല്‍കിയതാണ് ‘ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവേഴ്സ്‌ ആക്റ്റ്’ (അഫ്സ്പ) എന്ന വിവാദ നിയമം. സംശയിക്കപ്പെടുന്നവരെ വെടിവെയ്ക്കാനും മറ്റ് അനേകം കാര്യങ്ങള്‍ക്കും സൈന്യത്തിന് അനുമതി നല്‍കുന്നതാണ് ഈ നിയമം. സിവില്‍ കോടതികള്‍ക്ക് ഇവരെ വിചാരണ ചെയ്യുവാന്‍ കഴിയുന്നുമില്ല. വിവാദ നിയമം പിന്‍വലിക്കണമെന്ന ആവശ്യം നാഗാലാന്‍ഡില്‍ ശക്തമായി വരികയായിരുന്നു. ഇതിനിടയിലാണ് ഡിസംബര്‍ 4-ന് മോണ്‍ ജില്ലയില്‍ തീവ്രവാദികളെന്ന്‍ തെറ്റിദ്ധരിച്ച് നിരപരാധികളായ ഖനി തൊഴിലാളികളെ ഇന്ത്യന്‍ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയത്. ഇവരിലേറെയും ക്രൈസ്തവരായിരിന്നു.

കഴിഞ്ഞ മാസം നടന്ന സംസ്ഥാന അസ്സംബ്ലിയില്‍ അഫ്സ്പ നിയമം പിന്‍വലിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഈ ആവശ്യം നിരാകരിച്ചതിനെ പുറമേ, അഫ്സ്പ നിയമം 6 മാസത്തേക്ക് കൂടി നീട്ടുകയും, നാഗാലാന്‍ഡിനെ 'അപകടകരവും അസ്വസ്ഥവും’ ആയ സംസ്ഥാനമായി പ്രഖ്യാപിക്കുകയുമാണ്‌ ചെയ്തത്. അതേസമയം സെന്‍സസ് ചീഫ് ഡോ. വിവേക് ജോഷിയുടെ നേതൃത്വത്തില്‍ ഒരു അഫ്സ്പ പുനരവലോകന കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. നാഗാലാന്റിലെ ജനസംഖ്യയുടെ ഭൂരിഭാഗവും ക്രൈസ്തവരാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »