News - 2024

സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൊറിയന്‍ അതിരൂപത നല്‍കിയത് 35 കോടി: കൃതജ്ഞത പ്രകടിപ്പിച്ച് പാപ്പ

പ്രവാചകശബ്ദം 12-01-2022 - Wednesday

സിയോൾ: പാവപ്പെട്ടവർക്ക് കോവിഡ് 19 രോഗപ്രതിരോധ കുത്തിവയ്പ്പ് ഉൾപ്പടെയുള്ള ഫ്രാന്‍സിസ് പാപ്പായുടെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ദക്ഷിണ കൊറിയയിലെ സിയോൾ അതിരൂപത 35 കോടിയിലേറെ രൂപയ്ക്കു തുല്യമായ തുക സംഭാവന നല്‍കി. കൊറിയയുടെ പ്രഥമ കത്തോലിക്കാ വൈദികനും വിശുദ്ധനുമായ വിശുദ്ധ ആൻഡ്രൂ കിം തയെ ഗോണിൻറെ ഇരുനൂറാം ജന്മവാർഷികത്തിൻറെ സമാപന ദിനത്തിനോട് അനുബന്ധിച്ച് തുടക്കം കുറിച്ച പദ്ധതിയനുസരിച്ചാണ് ഇത്രയും തുക സമാഹരിച്ച് പാപ്പായെ ഏല്പിച്ചത്. സിയോൾ അതിരൂപത വിശ്വാസികളിൽ നിന്ന് സമാഹരിച്ച 10 കോടിയിൽപ്പരം രൂപയ്ക്കു തുല്യമായ 14 ലക്ഷത്തോളം ഡോളർ കഴിഞ്ഞ ഡിസംബര്‍ 17നു കൈമാറിയിരിന്നു. കഴിഞ്ഞ വർഷം അതിരൂപത വത്തിക്കാന് നല്കിയ മൂന്നാമത്തെ സംഭാവനയായിരിന്നു ഇത്.

ഈ സംഭാവനയ്ക്കു മുമ്പ്, 25 കോടി 10 ലക്ഷത്തിൽപ്പരം രൂപയ്ക്ക് തുല്യമായ, 34 ലക്ഷത്തോളം ഡോളർ കോവിഡ് 19 രോഗപ്രതിരോധ കുത്തിവയ്പ്പുൾപ്പടെ പാവപ്പെട്ടവർക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി സിയോൾ അതിരൂപത വത്തിക്കാന് കൈമാറിയിരുന്നു. തുടര്‍ച്ചയായ സന്നദ്ധ സഹായത്തിന് പാപ്പ അതിരൂപതയ്ക്കും വിശ്വാസികള്‍ക്കും നന്ദി അറിയിച്ചു. സിയോൾ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് പീറ്റർ ചുംഗ് സൂൻ തായിക്കിന് അയച്ച കത്തിലൂടെയാണ് ഫ്രാൻസീസ് പാപ്പ തന്റെ കൃതജ്ഞതയും കടപ്പാടും അറിയിച്ചിരിക്കുന്നത്. തിരുപിറവിയുടെ സ്മരണയുടെ ഈ ദിനങ്ങളിൽ കാണിച്ച ഉദാരതയുടെ ഈ പ്രവർത്തിയെ താൻ വിലമതിക്കുന്നുവെന്ന് പാപ്പ കത്തിൽ കുറിച്ചു. ലോകമെമ്പാടുമുള്ള പാവപ്പെട്ടവർക്ക് സഹായഹസ്തം നീട്ടുന്നത് സിയോൾ അതിരൂപത ഇനിയും തുടരുമെന്ന് അതിരൂപത വക്താവായ വൈദികൻ ഫാ. മത്തിയാസ് യൊവുംഗ് യുപ് ഹുർ പറഞ്ഞു.


Related Articles »