Social Media - 2024

ആധുനിക യൂദാസുമാരുടെ കീശയിൽ വീഴുന്ന നാണയ കിലുക്കങ്ങളും മുറിപ്പെടുന്ന ക്രൈസ്തവ വിശ്വാസവും

സി. സോണിയ തെരേസ് ഡി. എസ്. ജെ 08-02-2022 - Tuesday

മാർത്തോമ്മാ സഭയിലെ ഒരു പുരോഹിതൻ കത്തോലിക്ക സഭയിലെ 7 കൂദാശകളിൽ ഒന്നായ കുമ്പസാരത്തെ അവഹേളിച്ചത് വളരെ വേദനാജനകമാണ്. സൃഷ്ടാവും പരിപാലകനുമായ ദൈവത്തിൻ്റെ കരുണയും കൃപയും മനുഷ്യമക്കളിലേയ്ക്ക് ഒഴുകി എത്തുന്ന കനാലാണ് പരിശുദ്ധ കൂദാശകൾ. ആ കൂദാശകളെ ക്രിസ്തുവിനെ അനുഗമിക്കുന്ന, പൗരോഹിത്യം എന്ന കൂദാശയുടെ കൃപയിൽ ജീവിക്കുന്ന ഒരുവൻ തന്നെ അവഹേളിച്ചപ്പോൾ അതും പത്ത് നാണയം കീശയിൽ വീഴുന്നതിനും പ്രശസ്തിക്കു വേണ്ടിയും ആകുമ്പോൾ ഓർമ്മ വരുന്നത് ഏകദേശം 2000 വർഷങ്ങൾക്ക് അപ്പുറം വെറും 30 വെള്ളി നാണയങ്ങൾക്കു വേണ്ടി സ്വന്തം ഗുരുവിനെ ഒറ്റികൊടുത്ത യൂദാസിനെ ആണ്. യൂദാസിന് ലഭിച്ച ആ നാണയ തുട്ടുകളുടെയും രണ്ടു വശവും തിളങ്ങി നിന്നിരുന്നത് പണത്തോടുള്ള ആർത്തിയും പ്രശസ്തിയും ആയിരുന്നു.

തിരുസഭ പവിത്രമായി കാണുന്ന കുമ്പസാരം എന്ന ഈ കൂദാശയ്ക്ക് വേണ്ടി അനേകം വൈദികരും മെത്രാൻമാരും ധീരതയോടെ രക്തസാക്ഷിത്വം വരിച്ചതിന് സാക്ഷ്യങ്ങൾ ചരിത്രത്തിൽ ധാരാളം ഉണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് (ജനുവരി 31 തിങ്കളാഴ്ച) വിയറ്റ്നാമിലെ കൊൺ ടും പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഡാക് മോട്ട് മിഷൻ ദേവാലയത്തിൽ വൈകുന്നേരത്തെ വിശുദ്ധ കുർബാന അർപ്പണത്തിനുമുമ്പ് വിശ്വാസികളെ കുമ്പസാരിപ്പിച്ചു കൊണ്ടിരുന്ന ഒരു ഡൊമിനിക്കൻ വൈദികനായ ഫാ. ജോസഫ് ട്രാൻ എൻജോക്ക് ദാരുണമായി കൊല്ലപ്പെട്ടതാണ് അതിൽ അവസാനമായി കോറിയിട്ടിരിക്കുന്നത്.

യാതൊരു മടുപ്പും കൂടാതെ മണിക്കൂറുകൾ കുമ്പസാരക്കൂട്ടിൽ ഇരുന്ന് മനുഷ്യാത്മാക്കൾക്ക് ആശ്വാസവും ദൈവകൃപയും നേടികൊടുക്കാൻ മധ്യവർത്തികളായി നിന്ന വൈദികരെ നാണം കെടുത്തുന്ന ഒരു സാക്ഷ്യമാണ് കുമ്പസാരത്തിന് ഇടയിൽ മടുപ്പു കാണിച്ചു ഫോൺ നോക്കുന്നതും ഫുഡ് ഓർഡർ ചെയ്തു കഴിക്കുന്നതുമായ പരസ്യത്തിൽ അഭിനയിച്ച പുരോഹിതൻ ചെയ്തത്. ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരുവൻ തന്നെ ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്കാസഭയുടെ മൂല്യങ്ങളെയും നിന്ദിക്കുന്നത് ഭയാനകവും നാശത്തിൻ്റെ തുടക്കവുമാണ്.

വിശുദ്ധ ഗ്രന്ഥത്തിലും ചരിത്രത്തിൻ്റെ എടുകളിലും കുമ്പസാരം എന്ന കൂദാശ: ‍

കുമ്പസാരം എന്ന കൂദാശ കത്തോലിക്കാസഭയും പുരോഹിതൻമാരും തട്ടിക്കൂട്ടിയതാണ് എന്ന് ചരിത്രാവബോധമില്ലാതെ വിളിച്ച് പറയുന്നവരോട് ദൈവവചനത്തിൻ്റേയും ചരിത്രത്തിൻ്റേയും അടിസ്ഥാനത്തിൽ ഈ കൂദാശയെ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ലോകരക്ഷകനായ ക്രിസ്തുവിനാൽ സ്ഥാപിതമായ ഈ കൂദാശയ്ക്ക് ഏകദേശം 2000 വർഷങ്ങളുടെ പാരമ്പര്യം തന്നെ ഉണ്ട്. വി. ഗ്രന്ഥത്തിൻ്റെ പുതിയനിയമ താളുകൾ മറിച്ചു നോക്കുമ്പോൾ വി. മത്തായി, വി. യോഹന്നാൻ, എന്നിവരുടെ സുവിശേഷങ്ങളിൽ കോറിയിട്ടിരിക്കുന്ന തിരുവചനങ്ങൾ ഇങ്ങനെയാണ്:

ഇതു പറഞ്ഞിട്ട്‌ അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട്‌ ക്രിസ്തു അവരോട്‌ അരുളിച്ചെയ്‌തു: "നിങ്ങള്‍ പരിശുദ്‌ധാത്‌മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്‌ഷമിക്കുന്നുവോ, അവ അവരോടു ക്‌ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്‌ധിക്കുന്നുവോ, അവ ബന്‌ധിക്കപ്പെട്ടിരിക്കും" (യോഹ. 20, 22-23).

"സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും." (മത്താ. 18, 18).

ക്രിസ്തുവിൻ്റെ പരസ്യ ജീവിതകാലത്ത് അനേകം പാപികൾ തങ്ങളുടെ വീഴ്ചകൾ ഏറ്റുപറഞ്ഞ് ആത്മീയവും ശാരീരികവുമായ സൗഖ്യം നേടിയിരുന്ന യാഥാർത്ഥ്യം സുവിശേഷങ്ങളിൽ വ്യക്തമായി കാണം. ഇങ്ങനെ തെറ്റുകൾ ഏറ്റ് പറഞ്ഞ് മോക്ഷം നേടിയ അന്നത്തെ പ്രമുഖരിൽ ഒരുവൻ ആയിരുന്നു സക്കേവൂസ്. തൻ്റെ തെറ്റുകളും ഇടർച്ചകളും ഒരു സമൂഹം മുഴുവൻ കേൾക്കാൻ ഇടവരുമല്ലോ, എന്ന ആശങ്കയൊന്നും സക്കേവൂസിനെ അലട്ടിയിരുന്നില്ല... ഒരു സമൂഹം മുഴുവൻ സക്കേവൂസിനെക്കുറിച്ച് പരസ്പരം ചെവികളിൽ പറഞ്ഞിരുന്ന കാര്യങ്ങൾ അയാൾ ആ സമൂഹത്തിൻ്റെ മുമ്പിൽ വച്ച് തന്നെ ക്രിസ്തുവിനോട് ഏറ്റു പറയുന്നു. ഒരു പരസ്യകുമ്പസാരം എന്ന് തന്നെ പറയാം... ക്രിസ്തുവിൻ്റെ മുമ്പിൽ തൻ്റെ തെറ്റുകൾ ഏറ്റ പറഞ്ഞവരിൽ തിരുസഭയുടെ ആദ്യ മാർപാപ്പായും, പാപിനിയായ സ്ത്രീയും ഒക്കെയായി ആ ലിസ്റ്റ് അങ്ങ് നീണ്ടുപോകുന്നുണ്ട്. ക്രിസ്തുവിൻ്റെ മരണത്തിന് ശേഷം 12 അപ്പസ്തോലൻമാരിൽ കൂടിയും അവരുടെ പിൻഗാമികളിൽ കൂടിയും തുടർന്നു പോന്ന പരസ്യകുമ്പസാരം എന്ന ശൈലി ആദ്യ ആറ് നൂറ്റാണ്ടുവരെ നിലനിന്നു.

പരസ്യ കുമ്പസാരത്തിൽ നിന്ന് രഹസ്യ കുമ്പസാരത്തിലേക്കുള്ള മാറ്റം:

ഒരു സമൂഹത്തിൻ്റെ മുമ്പിൽ തങ്ങളുടെ തെറ്റുകളും വീഴ്ചകളും ഏറ്റുപറഞ്ഞ്, പുരോഹിതൻ കല്പിക്കുന്ന പ്രാശ്ചിത്തം പൊതു സമൂഹത്തിൻ്റെ മുമ്പിൽ അനുഷ്ഠിച്ച് മോക്ഷം നേടുന്ന ശൈലിയിൽ ഒത്തിരി നൊമ്പരവും നാണക്കേടും പലരും അനുഭവിച്ചു. എങ്കിലും അനേകായിരം ക്രിസ്ത്യാനികൾ ആത്മരക്ഷയ്ക്കു വേണ്ടി ഈ ത്യാഗം ഏറ്റെടുത്തിരുന്നു. ആദ്യ നൂറ്റാണ്ടുകളിൽ ഉണ്ടായിരുന്ന ഓരോ മൊണസ്ട്രികളിലും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം വൈകുന്നേരങ്ങളിൽ സമൂഹാംഗങ്ങൾ ഒരുമിച്ച് കൂടുകയും ആബട്ടിന്റെ (സമൂഹത്തിൻ്റെ അധികാരി) മുന്നിൽ മുട്ടുകുത്തി തങ്ങളുടെ ചെറിയ ചെറിയ വീഴ്ച്ചകൾ പോലും ഏറ്റുപറയുകയും പ്രശ്ചിത്തം അനുഷ്ഠിക്കുകയും ചെയ്യുന്ന ശൈലി നിലനിന്നിരുന്നു.

ഇസ്രായേൽ, സിറിയ തുടങ്ങിയ കിഴക്കൻ ദേശങ്ങളിൽ നിന്ന് യൂറോപ്പിൻ്റെ പടിഞ്ഞാറൻ (അയർലൻ്റ്, ഇംഗ്ലണ്ട്) ദേശങ്ങളിലേക്ക് മിഷണറിമാരായി കടന്നുചെന്ന സന്യാസ വൈദീകരിലൂടെ (ആശ്രമ ജീവിതം നയിക്കുന്നവരിലൂടെ) ദൈവാത്മാവ് പ്രവർത്തിക്കുവാൻ ഇടയായതാണ് ഏകദേശം ആറു നൂറ്റാണ്ടുകൾ ക്രിസ്ത്യാനികൾക്ക് ഇടയിൽ നിലനിന്ന പാരമ്പര്യം മാറ്റിമറിക്കുവാൻ ഇടയായത്.

ഒരു സമൂഹത്തിൻ്റെ മുമ്പിൽ നടത്തുന്ന പരസ്യ കുമ്പസാരത്തിൽ പലപ്പോഴും മറ്റുള്ളവരിൽ നിന്ന് ഏല്ക്കുന്ന മുറിപ്പെടുത്തലുകളിൽ നിന്നും ഒളിയമ്പുകളിൽ നിന്നും സാധാരണക്കാരായ വിശ്വാസികളെ സംരക്ഷിക്കുവാൻ ഈ സന്യാസ വൈദികർ (മൊണച്ചികൾ) അക്കാലത്ത് ആശ്രമങ്ങളിൽ നടത്തിവന്നിരുന്ന അനുദിന പാപപരിഹാര ശൈലി വിശ്വാസികളിലേയ്ക്കും വ്യാപിപ്പിച്ചു. പരസ്യ കുമ്പസാരത്തിൽ നിന്ന് രഹസ്യ കുമ്പസാരത്തിലേക്ക് ചുവടുമാറുന്നത് വിശ്വാസികളെ സംബന്ധിച്ചും വളരെ ആശ്വാസകരമായ ഒന്നായിരുന്നു. പരസ്യകുമ്പസാരം ജീവിതത്തിൽ ഒരിയ്ക്കൽ മാത്രമാണ് നടത്താൻ അവസരം ഉണ്ടായിരുന്നത് എങ്കിൽ രഹസ്യ കുമ്പസാരം തങ്ങളുടെ ജീവിതത്തിൽ പലപ്പോഴും ആവർത്തിക്കപ്പെടാൻ സാധിക്കുമായിരുന്നു എന്നതും ഒരു പ്രത്യേകതയായിരുന്നു.

നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിന് വിപരീതമായി പരസ്യകുമ്പസാരം നടത്താൻ വൈമുഖ്യം കാട്ടിയിരുന്ന പല വിശ്വാസികളും അനുദിനവും തങ്ങളുടെ വീഴ്ചകളും തെറ്റുകളും ഏറ്റുപറയുവാൻ കുമ്പസാരക്കൂടിനെ സമീപിച്ചു... ആദ്യനാളുകളിൽ സഭയുടെ ഉള്ളിൽ നിന്ന് തന്നെ ചെറിയ എതിർപ്പുകൾ ഉയർന്നെങ്കിലും അന്നത്തെ സഭാ പിതാക്കൻമാരും ദൈവശാസ്ത്ര പണ്ഡിതന്മാരും ഈ പുതിയ ശൈലിയിലെ മാനുഷികവും ദൈവീകവുമായ വശങ്ങൾ പഠിച്ച് രഹസ്യ കുമ്പസാരത്തെ അംഗീകരിക്കുകയും കത്തോലിക്കാ സഭയുടെ പാരമ്പര്യത്തിൻ്റെ ഭാഗമായി തന്നെ നിലനിർത്തുകയും ചെയ്തു.

1215 ലെ നാലാം ലാത്തരൻ സൂനഹദോസ് കത്തോലിക്കാ സഭയിലെ ഓരോ വിശ്വാസികളും വർഷത്തിൽ ഒരിയ്ക്കൽ എങ്കിലും കുമ്പസാരിക്കണം, പ്രത്യേകിച്ച് പെസഹാക്കാലത്ത് എന്ന പ്രഖ്യാപനം നടത്തിയതോടെ അന്നു മുതൽ ഇന്നുവരെ ലക്ഷോപലക്ഷം വിശ്വാസികൾ തങ്ങളുടെ പാപഭാരം ഇറക്കിവച്ച് സ്വന്തം ആത്മാവിനെ ശുദ്ധീകരിക്കുവാൻ കുമ്പസാരക്കൂടിനെ സമീപിക്കുന്നത് പലപ്പോഴും അന്യമതസ്ഥർ പോലും അസൂയയോടെ നോക്കി കാണുന്ന ഒരു യാഥാർത്ഥ്യമാണ്.

എന്തിന് കുമ്പസാരിക്കണം..?

ആൾത്താമസമുള്ള ഒരു ഭവനം മാസങ്ങളോളം അടിച്ചുതുടച്ച് വൃത്തിയാക്കാതെ ഇട്ടാൽ ഏതാനും ആഴ്ചകൾ കഴിയുമ്പോൾ തന്നെ പൊടിപടലങ്ങൾ കൊണ്ട് നിറയുകയും ശുദ്ധവായു ശ്വസിക്കാൻ കഴിയാതെവരുകയും ചെയ്യും. അതുപോലെ തന്നെയാണ് ഒരു മനുഷ്യവ്യക്തി സമൂഹവുമായി ഇടപഴകി ജീവിക്കുമ്പേൾ വാക്കുകൾക്കൊണ്ടും പ്രവൃത്തികൾ കൊണ്ടും ഉപേക്ഷകൾ കൊണ്ടും നിരവധി പാപങ്ങളും ദ്രോഹങ്ങളും മനസ്സറിഞ്ഞും അറിയാതെയും ചെയ്യാൻ ഇടയാകുന്നു.

തെറ്റുകളുടെയും വീഴ്ചകളുടെയും (മനസ്സറിയാതെ ചെയ്യുന്നവ) ചെറിയ ചെറിയ പൊടിപടലങ്ങൾ മനുഷ്യാത്മാവിനെ മലിനമാക്കുകയും ദൈവത്തിൽ നിന്നും സഹോദരങ്ങളിൽ നിന്നും അകലാൻ ഇടയാക്കുകയും ചെയ്യുന്നു. കുമ്പസാരം എന്ന കൂദാശയിൽ കൂടി ഈ പൊടിപടലങ്ങൾ തുടച്ച് നീക്കപ്പെടുകയും കരുണാമയനായ പിതാവായ ദൈവത്തിൻ്റെ കൃപ ലഭിക്കുന്നതുവഴി വീണ്ടും ദൈവത്തോടും തന്നോട് തന്നെയും സഹോദരങ്ങളോടും അടുക്കുവാനും നേരിൻ്റെ വഴിയിൽ സഞ്ചരിക്കുവാനും സാധിക്കുന്നു.

കുമ്പസാരിക്കുന്നവർ പിന്നെയും പിന്നെയും പാപം ചെയ്യുന്നുണ്ടല്ലോ. പിന്നെ എന്തിനാ വെറുതെ സമയം കളയുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം: ഒരു കുഞ്ഞ് നടക്കാൻ പഠിക്കുന്നത് കമിഴ്ന്ന് കിടന്നും ഇഴഞ്ഞും മുട്ടിൽ നീന്തിയും പിച്ചവച്ചുമാണ്. ചുവടുറയ്ക്കാത്ത കാലുകൾ മുന്നോട്ട് വയ്ക്കുമ്പോൾ പലപ്പോഴും ഇടറി വീഴുന്നുണ്ടെങ്കിലും വീണിടത്ത് തന്നെ കിടക്കാതെ കുതറി എഴുന്നേറ്റ് വീണ്ടും പിച്ചവയ്ക്കുവാൻ പരിശ്രമിക്കും. എത്ര വലിയവരാണെങ്കിലും ദൈവത്തിൻ്റെ മുമ്പിൽ നമ്മൾ ശിശുക്കളാണ്. ദൈവത്തിൽ എത്തിചേരുക എന്ന ലക്ഷ്യത്തോടെയുള്ള ആത്മീയ ജീവിതവും ഒരു കുഞ്ഞ് നടക്കാൻ പഠിക്കുന്നതു പോലെയാണ്. വീണിടത്തു തന്നെ കിടക്കാതെ ലക്ഷ്യത്തിലേയ്ക്ക് പിച്ചവയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനം.

ലോകത്തിൻ്റെ ഏത് കോണിലുമുള്ള ക്രൈസ്തവ വിശ്വാസികൾ പ്രത്യേകിച്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് കത്തോലിക്കാ സഭയിൽ നിന്ന് അടർന്ന് മാറിയവർ ആണെങ്കിലും ക്രിസ്തുവിൻ്റെ ജീവിതവും രക്ഷാകര പദ്ധതിയും അടങ്ങുന്ന വിശുദ്ധ ഗ്രന്ഥത്തിലെ സുവിശേഷ ഭാഗങ്ങൾ (തങ്ങളുടെ സൗകര്യങ്ങൾക്ക് അനുസരിച്ച് ചിലർ ചില ഭാഗങ്ങൾ വെട്ടിമുറിച്ചും ഏച്ചു പിടിപ്പിക്കുകയും ചെയ്താലും) എപ്പോഴും എവിടെയും ഒന്നാണ്. ഈ യാഥാർത്ഥ്യം മറന്ന് ആരെങ്കിലും മലർന്ന് കിടന്ന് തുപ്പുവാൻ പരിശ്രമിച്ചാൽ ആ തുപ്പൽ അവനവൻ്റെ മുഖത്ത് തന്നെ വന്ന് പതിക്കും എന്ന് ഓർമ്മപ്പെടുത്തികൊണ്ട്... സ്നേഹപൂർവ്വം, സി. സോണിയ തെരേസ് ഡി. എസ്. ജെ


Related Articles »