Editor's Pick
സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?
സ്വന്തം ലേഖകന്‍ 02-07-2016 - Saturday
ഇന്ന് ലോകം വളരെയേറെ പുരോഗമിച്ചിരിക്കുന്നു; അമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് "തിന്മ" എന്ന് ലോകം വിളിച്ചിരുന്ന പല പ്രവര്‍ത്തികളെയും ആധുനിക ലോകം "നന്മ" എന്നു വിളിക്കാന്‍ ആഗ്രഹിക്കുന്നു. ചില പ്രത്യേക മതവിഭാഗങ്ങളും സംസ്ക്കാരങ്ങളും ഇത്തരം പ്രവൃത്തികളെ മനുഷ്യജീവിതത്തിന്‍റെ അവിഭാജ്യ ഘടകം എന്നു പോലും വിശേഷിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഇത്തരത്തില്‍ ഒരു തിന്മയ്ക്ക് ആധുനിക ലോകം നല്‍കിയിരിക്കുന്ന പേരാണ് "സ്വവര്‍ഗ്ഗ വിവാഹം". ഈ കാലഘട്ടത്തില്‍ കത്തോലിക്കാ സഭയുടെ ചില മേലധ്യക്ഷന്മാര്‍ പോലും ഇതിനെ അനുകൂലിച്ച് പ്രസ്താവനകള്‍ ഇറക്കുമ്പോള്‍ അത് വിശ്വാസികളെ ആശയക്കുഴപ്പത്തിലേക്ക് നയിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഓരോ വിശ്വാസിയും ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ സഭ എന്താണ് പഠിപ്പിക്കുന്നത് എന്ന്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
എന്താണ് "സ്വവര്‍ഗ്ഗ വിവാഹം"?
"സ്വവര്‍ഗ്ഗ വിവാഹം" എന്ന പ്രയോഗം തന്നെ അബദ്ധമാണ്. കാരണം ഒരു സ്ത്രീയും പുരുഷനും തമ്മില്‍ ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്നതും സന്താനോത്പാദനത്തിലേക്ക് നയിക്കുന്നതുമായ ഒരു ബന്ധത്തെ മാത്രമേ "വിവാഹം" എന്നു വിളിക്കാന്‍ സാധിക്കൂ.
അതിനാല്‍ തന്നെ സ്വവര്‍ഗ്ഗഭോഗ പ്രവണതയുള്ള രണ്ടു വ്യക്തികള്‍ ഒരുമിച്ചു ജീവിക്കുന്ന സമ്പ്രദായത്തെ "വിവാഹം" എന്നു വിളിക്കുക സാധ്യമല്ല.
എന്താണ് "സ്വവര്‍ഗ്ഗ ഭോഗം"?
"സ്വവര്‍ഗ്ഗത്തില്‍പ്പെട്ട ആളുകളോടു മാത്രമോ അല്ലെങ്കില്‍ പ്രബലമോ ആയ ലൈംഗികാര്‍ഷണം അനുഭവപ്പെടുന്ന പുരുഷന്മാര്‍ തമ്മിലോ സ്ത്രീകള്‍ തമ്മിലോ ഉള്ള ബന്ധമാണ് സ്വവര്‍ഗ്ഗഭോഗം. നൂറ്റാണ്ടുകളിലൂടെ വ്യത്യസ്ത സംസ്ക്കാരങ്ങളില്‍ വളരെ വൈവിധ്യമാര്‍ന്ന രൂപങ്ങളില്‍ ഇതു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ മന:ശാസ്ത്രപരമായ കാരണം വളരെ അവ്യക്തമായി നിലനില്‍ക്കുന്നു. അവയെ തികഞ്ഞ ധാര്‍മ്മികാധ:പതനമായി കാണുന്ന വി.ഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തില്‍, സഭയുടെ പാരമ്പര്യം എപ്പോഴും "സ്വവര്‍ഗ്ഗഭോഗ പ്രവൃത്തികള്‍ അവയുടെ സഹജമായ പ്രവൃത്തിയാല്‍ത്തന്നെ ക്രമരഹിതമാണ്." എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അവ സ്വാഭാവിക നിയമത്തിനും എതിരാണ്. അവ ലൈംഗിക പ്രവൃത്തിയുടെ ജീവദായകത്വത്തെ മുന്‍കൂട്ടി ഒഴിവാക്കുന്നു. അവ ശരിയായ വൈകാരിക ലൈംഗികപൂരകത്വത്തില്‍ നിന്നു പുറപ്പെടുന്നവയും യാതൊരു സാഹചര്യത്തിലും അവയെ അംഗീകരിക്കുവാന്‍ സാധ്യമല്ല" (CCC 2357)
വിവാഹം ദൈവിക പദ്ധതിയില്‍
വിശുദ്ധ ഗ്രന്ഥം തുടങ്ങുന്നത് ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും പുരുഷനെയും സ്ത്രീയെയും സൃഷ്ടിക്കുന്ന വിവരണത്തോടെയാണ്; അവസാനിക്കുന്നത് "കുഞ്ഞാടിന്‍റെ വിവാഹസദ്യ"യെപ്പറ്റിയുള്ള ദര്‍ശനത്തോടെയും. വിവാഹവും അതിന്‍റെ "രഹസ്യവും" അതിന്‍റെ സ്ഥാപനവും ദൈവം അതിനു കൊടുത്ത അര്‍ത്ഥവും അതിന്‍റെ ഉത്ഭവവും ലക്ഷ്യവും വി.ഗ്രന്ഥത്തിലുടനീളം പ്രതിപാദിക്കുന്നുണ്ട്. ഇതു മുഴുവനും "സ്ത്രീയും പുരുഷനും" എന്നുള്ള പ്രകൃതിയില്‍ ആലേഖിതമാണ്. അതിനു വിരുദ്ധമായി അത് പുരുഷനും പുരുഷനും തമ്മിലോ സ്ത്രീയും സ്ത്രീയും തമ്മിലോ ഉള്ള ബന്ധമാകുമ്പോള്‍ അത് മാരകമായ പാപമായി തീരുമെന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു.
ദാമ്പത്യജീവിതത്തിന്‍റെയും സ്നേഹത്തിന്‍റെയും ഗാഢമായ കൂട്ടായ്മ സൃഷ്ടാവു സ്ഥാപിച്ചതും അവിടുന്നു നല്‍കിയ നിയമങ്ങളില്‍ അധിഷ്ഠിതവുമാണ്. അതിനാല്‍ വിവാഹത്തിന്‍റെ കര്‍ത്താവ് ദൈവം തന്നെയാണ്. നൂറ്റാണ്ടുകളിലൂടെ വിവിധ സംസ്ക്കാരങ്ങളിലും സാമൂഹിക സംവിധാനങ്ങളിലും ആത്മീയ പാരമ്പര്യങ്ങളിലും പല മാറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ടെങ്കിലും വിവാഹം വെറും മാനുഷികമായ ഒരു സ്ഥാപനമല്ല.
ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചിരിക്കുന്നതു കൊണ്ട് വിവാഹ ബന്ധത്തിലൂടെയുള്ള അവരുടെ പരസ്പരസ്നേഹം ദൈവത്തിനു മനുഷ്യനോടുള്ള നിരുപാധികവും വീഴ്ചയില്ലാത്തതുമായ സ്നേഹത്തിന്‍റെ പ്രതീകമായി തീരുന്നു. അതിനാല്‍തന്നെ ഈ ബന്ധത്തെ സ്വവര്‍ഗ്ഗഭോഗ പ്രവണതയുള്ളവരുമായി ഒന്നു ചേര്‍ക്കുന്ന ഒരു സംവിധാനമായി തരം താഴ്ത്തുന്നവര്‍ ദൈവ സ്നേഹത്തിന്‍റെ പ്രതീകത്തെ തന്നെയാണ് തരം താഴ്ത്തുന്നത്. അങ്ങനെ അത് ദൈവ സ്നേഹത്തിനെതിരായ പാപമായി തീരുന്നു.
കാനയിലെ കല്യാണാവസരത്തിലുള്ള യേശുവിന്‍റെ സാന്നിധ്യത്തിനു സഭ വലിയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്. വിവാഹത്തിന്‍റെ നന്മയുടെ ഉറപ്പാണ് അവിടെ സഭ കാണുന്നത്. അന്നുമുതല്‍ വിവാഹം ക്രിസ്തുവിന്‍റെ സാന്നിധ്യത്തിന്‍റെ ഫലദായകമായ അടയാളമായിരിക്കുമെന്നതിന്‍റെ പ്രഖ്യാപനവുമാണ്. ഇത് എപ്രകാരമായിരിക്കുമെന്ന് യേശു തന്‍റെ പ്രഘോഷണത്തില്‍ സംശയരഹിതമായി പഠിപ്പിച്ചു. യേശുവിന്‍റെ ഈ പഠിപ്പിക്കലുകള്‍ സ്ത്രീയും പുരുഷനും തമ്മില്‍ ഒന്നു ചേരുന്ന വിവാഹം ദൈവത്തില്‍ നിന്നുള്ളതും അവിഭാജ്യവുമാണെന്ന് പ്രഖ്യാപിക്കുന്നു. സ്ത്രീയും പുരുഷനും തമ്മില്‍ ജീവിതത്തിന്‍റെയും സ്നേഹത്തിന്‍റെയും ഗാഢമായ ഐക്യം ഉളവാക്കുന്നതും സ്രഷ്ടാവ് സ്ഥാപിച്ചിട്ടുള്ളതുമായ ഉടമ്പടിയെ, ക്രിസ്തുവിനോടും, സഭയോടും ബന്ധപ്പെടുത്തിക്കൊണ്ട് "വലിയ രഹസ്യം" എന്നാണ് പൗലോസ് അപ്പസ്തോലന്‍ വിശേഷിപ്പിക്കുന്നത്.
സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭയും ദൈവവചനവും
"സഭയുടെ വിശ്വാസം ഇതാണ്: സൃഷ്ടിയുടെ ക്രമത്തില്‍ സ്ത്രീയും പുരുഷനും ഒരാള്‍ക്ക് മറ്റേയാളുടെ പരസ്പരപൂരക ഗുണങ്ങള്‍ ആവശ്യമായിരിക്കുകയും കുട്ടികള്‍ക്ക് ജീവന്‍ നല്‍കാന്‍ വേണ്ടി അവര്‍ പരസ്പര ബന്ധത്തില്‍ ഏര്‍പ്പെടുകയും വേണം. അതുകൊണ്ട് സ്വവര്‍ഗരതിപരമായ പ്രവൃത്തികള്‍ സഭയ്ക്ക് അംഗീകരിക്കാനാവില്ല.
ഒരമ്മയും അപ്പനും തമ്മിലുള്ള ഐക്യത്തില്‍ നിന്ന്‍ ഉത്ഭവിക്കാത്തവനായി ഒരു മനുഷ്യനും ഈ ഭൂമിയിലില്ല. എതിര്‍ലിംഗത്തില്‍പ്പെട്ടവരോട് ലൈംഗികാകര്‍ഷണമില്ലാതിരിക്കുകയും മനുഷ്യപ്രകൃതിയും സൃഷ്ടിയുടെ ദൈവിക ക്രമവുമനുസരിച്ചുള്ള സ്ത്രീപുരുഷ ഐക്യത്തിന്‍റെ ശാരീരിക ഫലപൂര്‍ണത നിര്‍ബന്ധപൂര്‍വ്വം നഷ്ടപ്പെടുകയും ചെയ്യുകയെന്നത് സ്വവര്‍ഗ രതിഭാവമുള്ള അനേകരുടെ വേദനാജനകമായ അനുഭവമാണ്. എന്നാലും ദൈവം മിക്കപ്പോഴും ആത്മാക്കളെ അസാധാരണ മാര്‍ഗത്തിലൂടെ തന്നിലേക്കു നയിക്കുന്നു. ഒരു അഭാവം, ഒരു നഷ്ടം, ഒരു മുറിവ്, അതു സ്വീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്‌താല്‍ ദൈവകരങ്ങളിലേക്ക് തന്നെത്തന്നെ നൽകാനുള്ള ശക്തികേന്ദ്രമായിത്തീരാന്‍ അതിനു കഴിയും. എല്ലാറ്റില്‍ നിന്നും നന്മകൊണ്ടു വരുന്നവനാണല്ലോ ദൈവം. അവിടത്തെ മഹത്വം സൃഷ്ടികര്‍മ്മത്തിലെന്നതിനെക്കാള്‍ കൂടുതല്‍ വീണ്ടെടുപ്പില്‍ കണ്ടെത്താന്‍ കഴിയുകയും ചെയ്യും" (YOUCAT 65).
"ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചു. ശാരീരികമായി ഒരാളെ മറ്റേയാള്‍ക്കു വേണ്ടി നിശ്ചയിച്ചു. സ്വവര്‍ഗഭോഗപരമായ വികാരങ്ങള്‍ അനുഭവിക്കുന്നവരെ സഭ കലവറയില്ലാതെ സ്വീകരിക്കുന്നു. അവര്‍ ആ അനുഭവങ്ങള്‍ മൂലം വിവേചനയ്ക്കു വിധേയരാകരുത്. അതേസമയം, സ്വവര്‍ഗഭോഗപരമായ എല്ലാ ബന്ധങ്ങളും, അവ ഏതു രൂപത്തിലുള്ളവയായാലും, സൃഷ്ടിയുടെ ക്രമത്തിനു വിരുദ്ധമാണെന്ന് സഭ പ്രഖ്യാപിക്കുകയും ചെയ്യുന്നു" (YOUCAT 415).
"രൂഢമൂലമായ സ്വവര്‍ഗ്ഗഭോഗ പ്രവണതയുള്ള സ്ത്രീപുരുഷന്മാരുടെ എണ്ണം അവഗണിക്കാവുന്നതല്ല. വസ്തുനിഷ്ഠമായി ക്രമരഹിതമായ ഈ പ്രവണത അവരില്‍ ഭൂരിഭാഗത്തിനും ഒരു പരീക്ഷണം തന്നെയാണ്. ആദരവോടും സഹാനുഭൂതിയോടും പരിഗണനയോടുംകൂടി അവരെ സ്വീകരിക്കണം. അവര്‍ക്കെതിരെ അന്യായമായ വിവേചനത്തിന്‍റെ സൂചനകള്‍ ഒന്നും ഉണ്ടാകരുത്. ഈ വ്യക്തികള്‍ തങ്ങളുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ ഇഷ്ടം നിറവേറ്റാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. കൂടാതെ, ക്രിസ്ത്യാനികളെങ്കില്‍, തങ്ങളുടെ അവസ്ഥയില്‍ നിന്നുളവാകുന്ന ബുദ്ധിമുട്ടുകളെ കര്‍ത്താവിന്‍റെ കുരിശിലെ ബലിയോടു ചേര്‍ക്കുവാനും അവര്‍ വിളിക്കപ്പെട്ടിരിക്കുന്നു" (CCC 2358).
"സ്വവര്‍ഗ്ഗഭോഗ പ്രവണതയുള്ള വ്യക്തികള്‍ ശുദ്ധതയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു. ആന്തരിക സ്വാതന്ത്ര്യം അഭ്യസിപ്പിക്കുന്ന ആത്മനിയന്ത്രണത്താലും ചിലപ്പോള്‍ സ്വാര്‍ത്ഥരഹിതമായ സുഹൃദ്ബന്ധത്തിന്‍റെ സഹായത്താലും പ്രാര്‍ത്ഥനയുടെയും കൗദാശിക കൃപാവരത്തിന്‍റെയും ശക്തിയാലും അവര്‍ക്കു ക്രമേണയായും തീര്‍ച്ചയായും ക്രിസ്തീയ പൂര്‍ണത പ്രാപിക്കാന്‍ സാധിക്കുന്നതാണ്" (CCC 2359).
സ്വവര്‍ഗ്ഗഭോഗം മ്ലേച്ഛമായ പ്രവൃത്തിയാണെന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു. "സ്ത്രീയോടെന്ന പോലെ പുരുഷനോടു കൂടെ നീ ശയിക്കരുത്. അത് മ്ലേച്ഛതയാകുന്നു" (ലേവ്യര്‍ 18:22). ഇത്തരം പ്രവൃത്തികളെ വധശിക്ഷയര്‍ഹിക്കുന്ന കുറ്റമായി പഴയനിയമം കണക്കാക്കിയിരുന്നു. "ഒരുവന്‍ സ്ത്രീയോടുകൂടെ എന്നപോലെ പുരുഷനോടു കൂടെ ശയിച്ചാല്‍ ഇരുവരും ഹീനമായ പ്രവൃത്തിയാണ് ചെയ്യുന്നത്; അവരെ വധിക്കണം" (ലേവ്യര്‍ 20:13). ദൈവത്തിന്റെ ശിക്ഷാവിധിക്ക് സൊദോം ഗൊമോറോ ഇരയാകാന്‍ കാരണങ്ങളില്‍ ഒന്ന്‍ ഈ മ്ളേച്തയായിരിന്നുവെന്ന്‍ ഉത്പത്തി പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. പുതിയ നിയമത്തില്‍ പൗലോസ് അപ്പസ്തോലന്‍, സ്വവര്‍ഗ്ഗ ഭോഗികള്‍ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുകയില്ല എന്ന്‍ അസന്നിഗ്ദ്ധമായി പ്രസ്താവിക്കുന്നു. (cf: 1 കൊറി 6:9).
പൗലോസ് ശ്ലീഹാ, റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ ഇത്തരം തിന്മകളെ വളരെ ഗൗരവമായി തന്നെ കാണുന്നു. "...അവരുടെ സ്ത്രീകള്‍ സ്വാഭാവിക ബന്ധങ്ങള്‍ക്കു പകരം പ്രകൃതിവിരുദ്ധ ബന്ധങ്ങളില്‍ ഏര്‍പ്പെട്ടു. അതുപോലെ പുരുഷന്മാര്‍ സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും പരസ്പരാസക്തിയില്‍ ജ്വലിച്ച് അന്യോന്യം ലജ്ജാകരകൃത്യത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റിന് അര്‍ഹമായ ശിക്ഷ അവര്‍ക്കു ലഭിച്ചു." (റോമാ. 1:26-27). ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹരാണന്ന് ദൈവകല്‍പനയുടെ അടിസ്ഥാനത്തിൽ പൗലോസ് ശ്ലീഹാ വിശ്വാസികള്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്നു. (cf:റോമാ:1:32).
സ്വവര്‍ഗ്ഗഭോഗ വാസനയുള്ളവരെ കത്തോലിക്കാ സഭ കലവറയില്ലാതെ സ്നേഹിക്കുന്നു. ആദരവോടും, സഹാനുഭൂതിയോടും, പരിഗണനയോടുംകൂടി അവരെ സ്വീകരിക്കുമ്പോഴും സ്വവര്‍ഗ്ഗ ഭോഗപരമായ എല്ലാ ബന്ധങ്ങളും, അവ ഏതു രൂപത്തിലുള്ളവയായാലും, മാരകമായ പാപമാണെന്നു സഭ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ദൈവവചനത്തില്‍ അധിഷ്ഠിതമായ ഈ പ്രഖ്യാപനത്തെ മാറ്റാന്‍ ഈ ലോകത്തിലെ നിയമങ്ങള്‍ക്കോ സഭയ്ക്കു പോലുമോ അധികാരമില്ല.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക