News - 2024

“താന്‍ രക്ഷപ്പെട്ടത് അത്ഭുതം തന്നെ” : ക്രൂരമായ വെടിവെപ്പില്‍ നിന്നും രക്ഷപ്പെട്ടതിന്റെ നടുക്കുന്ന ഓര്‍മ്മകളുമായി നൈജീരിയന്‍ കന്യാസ്ത്രീ

പ്രവാചകശബ്ദം 17-03-2022 - Thursday

എക്വുലോബിയ: ക്രൈസ്തവരുടെ കുരുതിക്കളമായി അറിയപ്പെടുന്ന നൈജീരിയയിലെ ആനംബ്ര സംസ്ഥാനത്തില്‍ അടുത്തിടെ നടന്ന വെടിവെപ്പില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ നടുക്കുന്ന ഓര്‍മ്മകളുമായി കത്തോലിക്ക കന്യാസ്ത്രീ. ഇന്നലെ മാര്‍ച്ച് 16-ന് എ.സി.ഐ ആഫ്രിക്കക്ക് നല്‍കിയ അഭിമുഖത്തിലാണ് നൈജീരിയയിലെ ഏക്വുലോബിയ രൂപതയിലെ ഹാന്‍ഡ്മെയിഡ്സ് ഓഫ് ചൈല്‍ഡ് ജീസസ് സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ എസ്തേര്‍ ന്‍കിരു എസെഡിനാച്ചി, കൊലപാതകത്തിന്റെയും തട്ടിക്കൊണ്ടുപോകലിന്റെയും ആക്രമണങ്ങളുടെ നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ചത്. നിഷ്ടൂരമായ ഈ ആക്രമണത്തെ പാശ്ചാത്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കണ്ടില്ലെന്നു നടിച്ചതു ഏറ്റവും ഖേദകരമായെന്ന് സിസ്റ്റര്‍ പറയുന്നു.

ഫെബ്രുവരി 24 തനിക്കൊരിക്കലും മറക്കുവാന്‍ കഴിയുകയില്ലെന്ന്‍ പറഞ്ഞുകൊണ്ടാണ് സിസ്റ്റര്‍ എസ്തേര്‍ അഭിമുഖത്തില്‍ പറഞ്ഞു തുടങ്ങിയത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിക്ക് രാത്രി 7 മണിയോടെയാണ് സിസ്റ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ യാത്ര ചെയ്തിരുന്ന വാഹനം എക്വുലോബിയ-ഉഫുമ റോഡില്‍ വെച്ച് ആക്രമണത്തിനിരയായത്. ആക്രമണത്തേക്കുറിച്ച് തങ്ങള്‍ക്ക് മുന്‍പില്‍ പോയവര്‍ ഫോണിലൂടെ മുന്നറിയിപ്പ് തന്നിരുന്നതിനാല്‍ പരിചയമില്ലാത്ത മറ്റൊരു റോഡിലൂടെയാണ് തങ്ങള്‍ മടങ്ങിയതെന്ന്‍ പറഞ്ഞ സിസ്റ്റര്‍, മോഷ്ടിച്ച വാഹനങ്ങളില്‍ അപ്രതീക്ഷിതമായെത്തിയ അക്രമികള്‍ റോഡ്‌ ബ്ലോക്ക് ചെയ്തശേഷം അരമണിക്കൂറോളം നിര്‍ത്താതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

ജീവനുവേണ്ടി അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഓടിയ സിസ്റ്റര്‍ എസ്തേര്‍ അത്ഭുതകരമായാണ് വെടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. സിസ്റ്റര്‍ എസ്തേറിന്റെ ഹാന്‍ഡ് ബാഗും, രേഖകളും ഫോണും അക്രമികള്‍ കൊണ്ടുപോയിരുന്നു. ഇതിനിടെ ഒരു പ്രൊഫസ്സര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ തട്ടിക്കൊണ്ടുപോകലിന് ഇരയാകുകയും ചെയ്തു. ഉദ്യോഗജനമായ ആക്രമണത്തിനിടെ താന്‍ രക്ഷപ്പെട്ടത് ഒരു അത്ഭുതമായാണ് സിസ്റ്റര്‍ വിവരിക്കുന്നത്. തീവ്രവാദി ആക്രമണങ്ങള്‍ക്കിരയാവുന്നവര്‍ക്കിടയില്‍ നടത്തുന്ന മനശ്ശാസ്ത്രപരമായ സേവനങ്ങള്‍ക്ക് പുറമേ, ബൊക്കോഹറാമിന്റേയും, ഫുലാനി ഗോത്രവര്‍ഗ്ഗക്കാരുടേയും ആക്രമണങ്ങള്‍ കാരണം ഭവനരഹിതരായ നൂറുകണക്കിന് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്ന സേവനം അടക്കം അനേകം കാര്യങ്ങളില്‍ വ്യാപൃതയാണ് സിസ്റ്റര്‍ എസ്തേര്‍.

എന്നാല്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ കാരണം തങ്ങളുടെ പ്രേഷിത ദൗത്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കുവാന്‍ കഴിയുന്നില്ലെന്നു സിസ്റ്റര്‍ പറയുന്നു. വോട്ട് മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരാണ് നൈജീരിയയുടെ ഇന്നത്തെ അവസ്ഥയുടെ പ്രധാന കാരണമായി സിസ്റ്റര്‍ ചൂണ്ടിക്കാട്ടുന്നത്. തൊഴില്‍ രഹിതരായ യുവജനങ്ങള്‍ രാഷ്ട്രീയക്കാരുടെ നെറികെട്ട പ്രവര്‍ത്തങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ ആയി മാറിയിരിക്കുകയാണെന്നും, നൈജീരിയയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു കണ്ണ് തുറന്നുവെച്ച് ഉറങ്ങുവാന്‍ മാത്രമാണ് തങ്ങള്‍ക്ക് കഴിയുന്നതെന്നും പറഞ്ഞുകൊണ്ടാണ് സിസ്റ്റര്‍ എസ്തേറിന്റെ അഭിമുഖം അവസാനിക്കുന്നത്. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച രാജ്യമാണ് നൈജീരിയ.


Related Articles »