Youth Zone - 2025

ഭരണകൂട ഭീകരതയ്ക്കിടെ മ്യാന്‍മറില്‍ ദൈവവിളി വസന്തം: 13 ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിച്ചു

പ്രവാചകശബ്ദം 29-03-2022 - Tuesday

യങ്കോണ്‍: തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലേറിയ സൈനീക ഭരണകൂടത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടയിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ മ്യാന്‍മറില്‍ ദൈവവിളി വസന്തം. ഈ അടുത്ത ദിവസം യാങ്കോണിലെ സെന്റ്‌ മേരീസ് കത്തീഡ്രലില്‍ മ്യാന്‍മര്‍ മെത്രാന്‍ സമിതി പ്രസിഡന്റും, യങ്കോണ്‍ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ചാള്‍സ് ബോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങില്‍വെച്ച് 13 പേരാണ് തിരുപ്പട്ടം സ്വീകരിച്ച് പൗരോഹിത്യത്തിലേക്ക് പ്രവേശിച്ചത്. യാങ്കോണ്‍, പ്യായ്, പാതെയിന്‍ എന്നീ രൂപതകളില്‍ നിന്നുള്ളവരാണ് നവവൈദികര്‍. ഇതില്‍ 3 പേര്‍ ഈശോ സമൂഹാംഗങ്ങളും, രണ്ടുപേര്‍ ഫ്രിയാര്‍സ് മൈനര്‍ സഭയില്‍പ്പെട്ടവരും ബാക്കിയുള്ളവര്‍ രൂപതാ വൈദികരുമാണ്.

മ്യാന്മറിലെ സഭ വൃണപ്പെട്ടിരിക്കുകയാണെന്നും, ഈ സാഹചര്യത്തില്‍ വൈദികര്‍ മാത്രമാണ് ജനങ്ങളുടെ പ്രതീക്ഷയെന്നും ചടങ്ങിനിടെ നടത്തിയ പ്രസംഗത്തില്‍ മെത്രാപ്പോലീത്ത പ്രസ്താവിച്ചു. മ്യാന്‍മറിന് അനുരഞ്ജനവും ചര്‍ച്ചകളും ആവശ്യമാണെന്ന് പറഞ്ഞ മെത്രാപ്പോലീത്ത, മ്യാന്‍മര്‍ ഇപ്പോള്‍ കുരിശിന്റെ വഴിയിലൂടെയാണ് നടക്കുന്നതെന്നും, അള്‍ത്താരയുടെ മുന്നില്‍ നില്‍ക്കുന്ന വൈദികര്‍ സഭക്കും രാഷ്ട്രത്തിനുമായി തങ്ങളുടെ ജീവന്‍ ബലികഴിക്കുവാന്‍ വരെ തയ്യാറാണെന്നും കൂട്ടിച്ചേര്‍ത്തു. മാനുഷികാന്തസും, നീതിയും പ്രചരിപ്പിക്കുന്ന വൈദികര്‍ മറ്റൊരു ക്രിസ്തുവാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

വൈദികരുടെ മാതൃകയും, രക്ഷകനും, മാര്‍ഗ്ഗദര്‍ശിയും ക്രിസ്തുവാണെന്ന്‍ പറഞ്ഞ മെത്രാപ്പോലീത്ത, വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്ന വൈദികര്‍ ദൈവത്തോടും അജഗണങ്ങളോടും അടുത്തബന്ധം പുലര്‍ത്തേണ്ടവരാണെന്നും ഓര്‍മ്മിപ്പിച്ചു. 2021 ഫെബ്രുവരി 1-ന് മ്യാന്‍മര്‍ സൈന്യം സാന്‍ സു ചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാരിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയതിനുശേഷം കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കാണ് മ്യാന്‍മര്‍ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ആയിരകണക്കിന് ആളുകളാണ് ഇക്കാലയളവില്‍ ഭവനരഹിതരായത്.

ഇക്കഴിഞ്ഞ മാര്‍ച്ച് 10ന് മ്യാന്‍മര്‍ സൈന്യത്തിന്റെ ബോംബിംഗില്‍ കത്തോലിക്ക സന്യാസിനികളുടെ കോണ്‍വെന്റിന് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. കനത്ത ബോംബിംഗിനിടയിലും ജീവന്‍ പണയംവെച്ചാണ് കത്തോലിക്കാ സഭ ഭവനരഹിതരായവരെ സഹായിച്ചുകൊണ്ടിരിക്കുന്നത്. ഒന്നിലധികം പ്രാവശ്യം ഫ്രാന്‍സിസ് പാപ്പ മ്യാന്‍മര്‍ ജനതക്ക് വേണ്ടി ലോകജനതയോട് പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 2-ലെ പൊതു അഭിസംബോധനക്കിടയില്‍ മ്യാന്‍മറില്‍ നടന്നുകൊണ്ടിരിക്കുന്ന രക്തരൂക്ഷിത അക്രമങ്ങളെ പാപ്പ വേദനയോടെ സ്മരിച്ചിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »