Faith And Reason - 2024

രണ്ടുകോടിയോളം വരുന്ന ഫോളോവേഴ്സിനു ജപമാല ചൊല്ലുവാന്‍ പ്രചോദനമേകി ഹോളിവുഡ് നടന്‍ മാര്‍ക്ക് വാല്‍ബെര്‍ഗിന്റെ വീഡിയോ

പ്രവാചകശബ്ദം 23-04-2022 - Saturday

വാഷിംഗ്ടണ്‍ ഡി‌സി: 1.85 കോടിയോളം വരുന്ന തന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിനെ പ്രാര്‍ത്ഥിക്കുവാന്‍, പ്രത്യേകിച്ച് ജപമാല ചൊല്ലുവാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ട് സുപ്രസിദ്ധ ഹോളിവുഡ് നടനും, നിര്‍മ്മാതാവും ഉറച്ച കത്തോലിക്കാ വിശ്വാസി കൂടിയായ മാര്‍ക്ക് വാല്‍ബെര്‍ഗ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോക്ക് മികച്ച പ്രതികരണം. ലോകത്തെ ഏറ്റവും ജനപ്രീതി ആര്‍ജ്ജിച്ച കത്തോലിക്ക ‘ആപ്പ്’ ആയ ‘ഹല്ലോ’ ആപ്പുമായി സമീപകാലത്ത് പങ്കാളിത്തം സ്ഥാപിച്ച വാല്‍ബെര്‍ഗ് ആണ് ആപ്പിലെ ജപമാല വീഡിയോയിലെ ഓരോ രഹസ്യവും ചൊല്ലികൊടുക്കുന്നത്. തന്റെ ഫോളോവേഴ്സിനോട് തനിക്കൊപ്പം ജപമാല ചൊല്ലുവാനും ദിവസവും പ്രാര്‍ത്ഥന ഉയര്‍ത്തുവാനും വാല്‍ബെര്‍ഗ് വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്.

എല്ലാ ദിവസവും പ്രാർത്ഥിക്കുന്ന ആളുകളിൽ നിന്ന് ധാരാളം സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും പ്രത്യേകിച്ച് തനിക്കൊപ്പം ജപമാല ചൊല്ലുന്നവരില്‍ സന്ദേശം ലഭിക്കാറുണ്ടെന്നും വാല്‍ബെര്‍ഗ് പറഞ്ഞു. ഈ വീഡിയോ കൂടുതലായി പ്രാര്‍ത്ഥിക്കുവാന്‍ പ്രത്യേകിച്ച് ജപമാല ചൊല്ലുവാന്‍ തങ്ങള്‍ക്ക് പ്രചോദനമായെന്ന് ഫോളോവേഴ്സ് സമ്മതിക്കുന്നുണ്ട്. നിരവധി പേരാണ് ഇതിനെ അഭിനന്ദിച്ചു കൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. “താരത്തിന്റെ വിശ്വാസം എല്ലാത്തിനേയും മറികടക്കുന്നതാണ്..”, “ദിവസവും ജപമാല ചൊല്ലുന്നത് മാതാവുമായുള്ള നമ്മുടെ ആത്മീയ ബന്ധമാണ്..”, “വര്‍ഷങ്ങളായി താന്‍ ജപമാല ചൊല്ലാറുണ്ടെന്നും, തന്റെ കുട്ടികളേയും ഇത് പഠിപ്പിക്കുവാന്‍ തനിക്ക് ആഗ്രഹമുണ്ട്” ഇത്തരത്തില്‍ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ചുവടെയുള്ളത്.

കത്തോലിക്ക പ്രാര്‍ത്ഥനകളുടെ മനോഹാരിതയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട അലെക്സ് ജോണ്‍സും സംഘവും 2018-ല്‍ ആരംഭിച്ച ‘ഹല്ലോ’ ആപ്പ് ചുരുങ്ങിയ കാലം കൊണ്ട് ലോകത്തെ ഏറ്റവും പ്രശസ്ത കത്തോലിക്ക ആപ്ലിക്കേഷനായി ഇത് മാറിക്കഴിഞ്ഞു. യാത്രയിലോ എവിടെ ആയാലും ആളുകളെ പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുക എന്നതാണ് ഈ ആപ്പിന്റെ ലക്ഷ്യം. ജപമാലക്ക് പുറമേ പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന അടക്കം നിരവധി പ്രാര്‍ത്ഥനകള്‍ ആപ്പിലുണ്ട്. പ്രാര്‍ത്ഥനകള്‍ക്ക് പുറമേ വിശുദ്ധ കുര്‍ബാന പ്രസംഗങ്ങളും, ‘ഫാദര്‍ സ്റ്റു’ എന്ന സിനിമയിലെ ഓഡിയോ ക്ലിപ്പുകളും ആപ്പില്‍ ലഭ്യമാണ്. ബോക്സിംഗ് വിട്ട് പൗരോഹിത്യം സ്വീകരിച്ച ഫാ. സ്റ്റുവാര്‍ട്ട് ലോംഗ് എന്ന കത്തോലിക്ക വൈദികന്റെ പ്രചോദനാത്മകമായ യഥാര്‍ത്ഥ ജീവിതകഥ പറയുന്ന സിനിമയാണ് ‘ഫാദര്‍ സ്റ്റു’. മാര്‍ക്ക് വാല്‍ബെര്‍ഗാണ് ഇതില്‍ വൈദികന്റെ വേഷം കൈക്കാര്യം ചെയ്തിരിക്കുന്നത്\. .


Related Articles »