Faith And Reason - 2025
അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ 515 ജപമാല റാലികള്‍: പതിനായിരങ്ങളുടെ പങ്കാളിത്തം
പ്രവാചകശബ്ദം 19-05-2022 - Thursday
ഡബ്ലിന്‍: രാജ്യത്തിന്റെ മുക്കിലും മൂലയിലും ജപമാല റാലികള്‍ സംഘടിപ്പിച്ചുക്കൊണ്ട് ഫാത്തിമ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറ്റിയഞ്ചാമത് വാര്‍ഷികം ഐറിഷ് കത്തോലിക്കര്‍ ഭക്ത്യാദരങ്ങളോടെ കൊണ്ടാടി. വിവിധ സ്ഥലങ്ങളില്‍ നടന്ന അഞ്ഞൂറ്റിപതിനഞ്ചോളം ജപമാല റാലികളില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. സംസ്കാരത്തിനെതിരെയുള്ള വെല്ലുവിളികളെയും, രാഷ്ട്രത്തെ പിടിച്ചുലക്കുന്ന പാപത്തിന്റെ തിരമാലകളെയും ചെറുക്കുവാനുള്ള പരിശുദ്ധ കന്യകാമാതാവിന്റെ മാധ്യസ്ഥം തേടിയുള്ള പ്രാര്‍ത്ഥനായത്നം സമീപ വര്‍ഷങ്ങളില്‍ അയര്‍ലണ്ടില്‍ നടന്ന ഏറ്റവും വലിയ വിശ്വാസ പ്രകടങ്ങളില്‍ ഒന്നായി മാറി.
ഐറിഷ് സൊസൈറ്റി ഫോര്‍ ക്രിസ്ത്യന്‍ സിവിലൈസേഷനും (ഐ.എസ്.എഫ്.സി.സി) ‘അയര്‍ലന്‍ഡ് നീഡ്‌സ് ഫാത്തിമ’ പ്രചാരണ പരിപാടിയും സംയുക്തമായാണ് ജപമാല റാലികള്‍ സംഘടിപ്പിച്ചത്. 515 ജപമാല റാലികളിലുമായി വിശ്വാസികള്‍ പതിനായിരകണക്കിന് ‘നന്മനിറഞ്ഞ മറിയം’ ആണ് ചൊല്ലിയത്. അയര്‍ലന്‍ഡിന്റെ ഓരോ മുക്കിലും മൂലയിലും ജപമാല റാലികള്‍ നടന്നുവെന്നത് ശ്രദ്ധേയമാണ്. കുറവുകളും ഉണ്ടെങ്കില്‍ പോലും ദൈവം അയര്‍ലന്‍ഡിനെ അനുഗ്രഹിക്കും എന്ന് തനിക്ക് ഉറപ്പാണെന്നു ജപമാല റാലികളുടെ ക്യാപ്റ്റനായ ഗ്രിഗറി മര്‍ഫി പറഞ്ഞു.
ഇത്രയും ജപമാല റാലികള്‍ നടത്തി ദൈവമാതാവിനെ ആദരിച്ചതിനാല്‍ രാഷ്ട്രത്തില്‍ എത്രയൊക്കെ പാപങ്ങളും, റാലികളില്‍ പങ്കെടുത്തവരുടെ മുഖങ്ങളില്‍ നിന്നും അവര്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന സന്തോഷം നിങ്ങള്‍ അനുഭവിച്ചറിയുവാന്‍ കഴിയുമെന്നും, സമൂഹം ഇന്ന്‍ നേരിടുന്ന ധാര്‍മ്മിക പ്രതിസന്ധിക്ക് ഉറപ്പായ പരിഹാരം നല്‍കുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ ഫാത്തിമാ മാതാവിന്റെ സന്ദേശങ്ങളിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ വര്‍ഷം കഴിയുംതോറും അയര്‍ലണ്ടില്‍ നടക്കുന്ന ജപമാല റാലികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.