Faith And Reason - 2024

പാപം വരുത്തിവെക്കുന്ന തിന്മയേക്കുറിച്ച് തിരിച്ചറിയണം: ഭൂതോച്ചാടകനായ സ്പാനിഷ് വൈദികന്റെ മുന്നറിയിപ്പ്

പ്രവാചകശബ്ദം 30-05-2022 - Monday

വത്തിക്കാൻ സിറ്റി: മാരകമായ പാപം പിശാച് ബാധയേക്കാള്‍ ഗൗരവമേറിയതാണെന്നും, അത് നമ്മുടെ നിത്യനാശത്തിന് കാരണമായേക്കാമെന്നും പാപം വരുത്തിവെക്കുന്ന തിന്മയേക്കുറിച്ച് തിരിച്ചറിയേണ്ടതുണ്ടെന്നും പ്രമുഖ ഭൂതോച്ചാടകനായ കത്തോലിക്ക വൈദികന്റെ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമമായ എ.സി.ഐ പ്രെന്‍സാക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്പെയിനിലെ പ്ലാസെന്‍സിയ രൂപതയിലെ ഭൂതോച്ചാടക മിനിസ്ട്രിയുടെ ചുമതലക്കാരനായ ഫാ. ഫ്രാന്‍സിസ്കോ ടോറസ് റൂയിസ് ഈ മുന്നറിയിപ്പ് നല്‍കിയത്. പാപത്തില്‍ ജീവിക്കുന്നതിനേക്കാള്‍ പലപ്പോഴും നമ്മെ ഭയപ്പെടുത്തുന്നത് പിശാച് ബാധയാണെന്നും, ശാരീരികമായും, ജഡികമായ കണ്ണുകളാലും അത് അനുഭവിച്ചറിയുവാന്‍ നമുക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പാപത്തിന്റെ പരിണിത ഫലം നമ്മള്‍ അറിയാറില്ല. പലപ്പോഴും അത് നമുക്ക് വരുത്തിവെക്കുന്ന തിന്മയേക്കുറിച്ച് അറിയാതെയാണ് നമ്മള്‍ പാപം ചെയ്യുന്നതെന്നും പറഞ്ഞ ഫാ. ഫ്രാന്‍സിസ്കോ നമ്മുടെ ആത്മാവിനാണ് പാപം കേടുവരുത്തുകയെന്നും, അത് നമുക്ക് ശാരീരികമായി കാണുവാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു. നമ്മള്‍ കാണുന്നതും, അനുഭവിക്കുന്നതും ഒരു പക്ഷേ പാപം നമ്മളില്‍ ഉണ്ടാക്കുന്ന ആത്മീയ നാശത്തിന്റെ അനന്തരഫലങ്ങള്‍ ആയിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പൈശാചികബാധ അല്ലെങ്കില്‍ പൈശാചിക ബാധയുള്ള വീട് നമ്മളെ പാപത്തില്‍ ജീവിക്കുന്നതിനേക്കാള്‍ കൂടുതലായി ഭയപ്പെടുത്തും. പാപത്തില്‍ ജീവിക്കുക എന്നത് അതിലും കൂടുതല്‍ ഭയപ്പെടേണ്ടതാണെന്ന്‍ നമുക്ക് അറിയാത്തതാണ് അതിന്റെ കാരണമെന്നും ഫാ. ഫ്രാന്‍സെസ്കോ പറയുന്നു. ദൈവകൃപയിലും പ്രാര്‍ത്ഥനയിലും, കൂദാശകളിലും ജീവിക്കുന്ന ഒരുവന് പിശാച് ബാധ യാതൊരു ദോഷവും വരുത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Related Articles »