News - 2025
ജൂൺ 24നു ഭാരതത്തിലെ കുടുംബങ്ങളെ യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കും
പ്രവാചകശബ്ദം 10-06-2022 - Friday
കോട്ടാര്‍ (തമിഴ്നാട്): ഭാരതത്തിന്റെ പ്രഥമ അല്‍മായ രക്തസാക്ഷി ദേവസഹായം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ നന്ദി സൂചകമായി ഭാരതത്തിലെ ലത്തീൻ കത്തോലിക്ക മെത്രാൻ സംഘത്തിന്റെ (CCBI) ആഭിമുഖ്യത്തിൽ, ജൂൺ 24 വെള്ളിയാഴ്ച കൃതജ്ഞത ദിനമായി ആചരിക്കും. യേശുവിന്റെ തിരുഹൃദയ തിരുനാൾ ദിനം കൂടിയായ 24-നു രാത്രി 8.30 മുതൽ 9.30 വരെ, വിശുദ്ധ ദേവസഹായത്തെ ഓർത്ത് ദൈവത്തിന് നന്ദിയർപ്പിക്കുമെന്നും, എല്ലാ കുടുംബങ്ങളെയും യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കുമെന്നും മെത്രാന്മാര്‍ അറിയിച്ചു.
തമിഴ്‌നാട്ടിലെ കോട്ടാറിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ നാമത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽവച്ച് നടക്കുന്ന പ്രാർത്ഥനാസമ്മേളനവും, ചടങ്ങുകളും കത്തോലിക്ക ടെലിവിഷൻ ചാനലുകളായ മാധ ടിവി, ശാലോം ടിവി, ഗുഡ്‌നെസ് ടിവി, ഷെക്കെയ്ന ടിവി, ദിവ്യവാണി ടിവി, ആത്മദർശൻ ടിവി, ഇഷ്വാണി ടിവി, സിസിആർ ടിവി, പ്രാർത്ഥന ഭവൻ ടിവി വഴിയും സാമൂഹ്യമാധ്യമങ്ങൾ വഴിയും തത്സമയം സംപ്രേക്ഷണം ചെയ്യും.
മെത്രാൻ സംഘത്തിന്റെ വൈസ് പ്രസിഡന്റും മദ്രാസ്-മൈലാപ്പൂർ അതിരൂപതാധ്യക്ഷനുമായ ആർച്ച് ബിഷപ്പ് ജോർജ് ആന്റണിസ്വാമി പ്രാർത്ഥന ശുശ്രൂഷകള്‍ക്ക് ആരംഭം കുറിക്കും. സിസിബിഐയുടെ സെക്രട്ടറി ജനറലും, ഡൽഹി അതിരൂപതാധ്യക്ഷനുമായ ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, കോട്ടാർ ബിഷപ്പ് നാസറെൻ സൂസൈ, നാമകരണച്ചടങ്ങുകളുടെ വൈസ് പോസ്റുലേറ്റർ റവ. ഡോ. ജോൺ കുലാണ്ടയി, സിസ്റ്റർ ആനി കുറ്റിക്കാട് എന്നിവർ പ്രാർത്ഥനകൾ നയിക്കും.
ബോംബെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വചനസന്ദേശം നൽകും. പ്രാർത്ഥനാചടങ്ങുകളുടെ മധ്യേ, ഗോവ ദാമൻ അതിരൂപതാധ്യക്ഷൻ, നിയുക്ത കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവോ ഭാരതത്തിലെ എല്ലാ കുടുംബങ്ങളെയും യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കും. മധുരൈ ആർച്ച് ബിഷപ്പ് ആന്റണി പപ്പുസാമി നടത്തുന്ന സമാപന പ്രാർത്ഥനയ്ക്ക് ശേഷം, ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലെയോപോൾദോ ജിറെല്ലി ദിവ്യകാരുണ്യ ആശീർവാദം നൽകും. ഭാരത കത്തോലിക്കാസഭയിലെ എല്ലാ കുടുംബങ്ങളോടും പ്രാർത്ഥനകളിൽ പങ്കെടുക്കുവാൻ മെത്രാൻസംഘം ആഹ്വാനം ചെയ്തു.