News - 2025

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചതില്‍ വിമര്‍ശനവുമായി ബി‌ജെ‌പി

പ്രവാചകശബ്ദം 28-06-2022 - Tuesday

ഭൂവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചതിനെതിരെ വിമര്‍ശനവുമായി ബിജെപി. ജൂണ്‍ 22നാണ് വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി നവീന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചത്. ഇതില്‍ വിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവായ ജയ്‌റാം മിശ്രയാണ് രംഗത്തു വന്നിരിക്കുന്നത്. വരിനിന്ന് മാര്‍പാപ്പയെ കാണേണ്ട ആവശ്യമെന്താണെന്നും പോപ്പുമായി മുഖ്യമന്ത്രിക്ക് എന്താണ് ബന്ധമെന്നും ജയ്‌റാം മിശ്ര ചോദ്യമുയര്‍ത്തി. വര്‍ഗ്ഗീയത പ്രകടമായ മറ്റ് പ്രസ്താവനകളും ഇദ്ദേഹം നടത്തി.

പൊതുപണം കൊണ്ടാണ് അദ്ദേഹം ഇറ്റലി സന്ദർശിച്ചതെങ്കിൽ എന്തിനാണ് അവിടെ പോയത്? പകരം എന്ത് നേടി? ക്യൂവിൽ നിന്ന്‍ മാര്‍പാപ്പയെ കാണേണ്ട ആവശ്യം എന്തായിരുന്നു? അദ്ദേഹം പുരിയിലെ ശങ്കരാചാര്യരെ സന്ദര്‍ശിക്കുന്നത് ഞങ്ങള്‍ ഇത് വരെ കണ്ടിട്ടില്ല. പട്നായിക്ക് മാർപാപ്പയെ കണ്ടത് എന്തിനാണെന്ന് അറിയാൻ പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ ബിജെപിക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം വിദേശ സന്ദര്‍ശനത്തിനിടെ ദുബായിലെ മസ്ജിദ് സന്ദര്‍ശിച്ചതിനെ കുറിച്ച് ബിജെപി നേതാവ് പ്രതികരിച്ചിട്ടില്ലായെന്നതും ശ്രദ്ധേയമാണ്.

ഒഡീഷയെ ക്രിസ്ത്യൻ സംസ്ഥാനമാക്കാൻ നവീൻ എന്തെങ്കിലും ശ്രമം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത്തരം നീക്കം ശക്തമായി പ്രതിഷേധിക്കുമെന്നും ജയ്‌റാം മിശ്ര പ്രസ്താവന നടത്തി. കടുത്ത വര്‍ഗ്ഗീയത തുളുമ്പുന്ന ബി‌ജെ‌പി നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. മാര്‍പാപ്പയെ കണ്ടതിലെന്താണ് തെറ്റെന്നും ഈ സന്ദര്‍ശനം ലോകത്ത് ഒഡീഷക്ക് മികച്ച പ്രതിച്ഛായയാണ് നല്‍കിയതെന്നും ബിജെഡി എംഎല്‍എ എസ്ബി ബെഹ്‌റ പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍, അനാഥരുടെയും രോഗികളുടെയും നിര്‍ധനരുടെയും കണ്ണീരൊപ്പുന്ന വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിന് വിദേശത്തു നിന്നു പണം സ്വീകരിക്കാനുള്ള എഫ്‌സി‌ആര്‍‌എ രെജിസ്ട്രേഷന്‍ പുതുക്കാനുള്ള സന്യാസ സമൂഹത്തിന്റെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചപ്പോള്‍ അടിയന്തര സഹായം പ്രഖ്യാപിച്ച് രംഗത്തുവന്ന മുഖ്യമന്ത്രിയാണ് നവീൻ പട്‌നായിക്. അടിയന്തരമായി 79 ലക്ഷം രൂപയാണ് മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിന് അന്നു സഹായം അനുവദിച്ചത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »