News - 2024

നൈജീരിയയിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ നടന്ന ആക്രമണത്തില്‍ മിലിട്ടറി ഹെലികോപ്റ്റര്‍ ഫുലാനികളെ സഹായിച്ചുവെന്ന് വെളിപ്പെടുത്തല്‍

പ്രവാചകശബ്ദം 06-07-2022 - Wednesday

കടുണ: നൈജീരിയയിലെ കടുണ സംസ്ഥാനത്തിലെ നാലോളം ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ ഫുലാനി ഗോത്രവര്‍ഗ്ഗക്കാര്‍ നടത്തിയ ആക്രമണങ്ങളില്‍ മിലിട്ടറി ഹെലികോപ്റ്റര്‍ ഫുലാനികളെ സഹായിച്ചുവെന്ന ആരോപണവുമായി ഗ്രാമവാസികള്‍. ഇക്കഴിഞ്ഞ ജൂണ്‍ 5ന് കാജുരു പ്രാദേശിക ഗവണ്‍മെന്റ് മേഖലയിലെ ഉങ്വാന്‍ ഗാമു, ഡോഗോന്‍ നോമ, ഉങ്വാന്‍ സാര്‍ക്കി, മൈകോരി എന്നീ ക്രൈസ്തവ ഭൂരിപക്ഷ ഗ്രാമങ്ങളില്‍ എ.കെ 47 തോക്കുകളുമായി മോട്ടോര്‍ ബൈക്കുകളില്‍ എത്തിയ ഫുലാനികളാണ് ആക്രമണം അഴിച്ചുവിട്ടത്. മണിക്കൂറുകളോളം നീണ്ട ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടതിനു പുറമേ, സ്ത്രീകള്‍ ഉള്‍പ്പെടെ 29 പേര്‍ തട്ടിക്കൊണ്ടുപോകപ്പെടുകയും, നിരവധി വീടുകള്‍ അഗ്നിക്കിരയാവുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ ഇരുനൂറിലധികം വരുന്ന അക്രമികളെ തടയുവാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഗ്രാമവാസികള്‍ക്ക് നേര്‍ക്ക് എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്റര്‍ (വേള്‍ പഞ്ച് ഓപ്പറേഷന്റെ കീഴിലുള്ള) വെടിയുതിര്‍ക്കുന്നതിന് നൂറുകണക്കിന് ആളുകള്‍ സാക്ഷികളാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി 'സി.എന്‍.എ' റിപ്പോര്‍ട്ട് ചെയ്യുന്നു. വീടുകള്‍ക്ക് നേര്‍ക്ക് ഹെലികോപ്റ്റര്‍ വെടിയുതിര്‍ക്കുന്നത് മുഴുവന്‍ ഗ്രാമവാസികളും കണ്ടുവെന്ന് ‘തെക്കന്‍ കടുണ പ്യൂപ്പിള്‍സ് യൂണിയന്‍’ (സൊകാപൂ) തലവനായ ജോനാഥന്‍ അസാകെ വെളിപ്പെടുത്തി.

അതേസമയം, അവസാന ആക്രമണം നടന്ന ഉങ്വാന്‍ മൈകോരി ഗ്രാമത്തിലെ ആളുകളുടെ രക്ഷയ്ക്കായിട്ടാണ് ഹെലികോപ്റ്റര്‍ എത്തിയതെന്നും, കൂടുതല്‍ ആക്രമണം നടത്തുന്നതില്‍ നിന്നും അക്രമികളെ ഹെലികോപ്റ്റര്‍ തടയുകയായിരുന്നുവെന്നുമാണ് ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ സ്റ്റേറ്റ് കമ്മീഷണര്‍ സാമുവല്‍ അരൂവാന്‍ പറയുന്നത്. ആക്രമണം നടന്ന ഗ്രാമങ്ങളില്‍ മൈകോരി ഗ്രാമത്തിലെ ആളുകളെ രക്ഷിക്കുവാന്‍ മാത്രം ഹെലികോപ്റ്റര്‍ എത്തിയില്ലെന്നാണ് ‘ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍’ന്റെ പ്രാദേശിക തലവനായ റവ. ഡെനിസ് സാനി പറയുന്നത്. തങ്ങള്‍ക്കെതിരെയും ഹെലികോപ്റ്ററില്‍ നിന്നും ആക്രമണമുണ്ടായെന്നും ജീവന്‍ രക്ഷിക്കുവാന്‍ താനും തന്റെ സഹായിയായ ജോനാ ഗ്രീസും വനത്തിലേക്ക് ഓടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ബൈക്കില്‍ 3 പേര്‍ വീതം 70 മോട്ടോര്‍ ബൈക്കുകളിലാണ് അക്രമികള്‍ എത്തിയതെന്ന്‍ സാനി പറഞ്ഞു.

ഹെലികോപ്റ്റര്‍ അക്രമികളെ സഹായിക്കുകയായിരുന്നുവെന്ന്‍ തങ്ങളുടെ ആരോപണത്തില്‍ ഗ്രാമവാസികള്‍ ഉറച്ചുനിന്നതോടെ സ്റ്റേറ്റ് പോലീസിന്റെ 7 വിഭാഗങ്ങളിലെ തലവന്‍മാര്‍ ഗ്രാമവാസികളുടെ യോഗം വിളിച്ചുകൂട്ടിയിരുന്നു. ഗ്രാമവാസികള്‍ക്ക് നേര്‍ക്ക് ആര്‍മി ഹെലികോപ്റ്റര്‍ വെടിയുതിര്‍ക്കുവാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് സേനാ തലവന്‍മാര്‍ പറയുന്നത്. ഹെലികോപ്റ്റര്‍ കണ്ടപ്പോള്‍ തങ്ങളുടെ സഹായത്തിനു എത്തിയതാണെന്നാണ്‌ കരുതിയതെന്നും പിന്നീടാണ് ഹെലികോപ്റ്ററും അക്രമികളും തങ്ങളെ ആക്രമിക്കുകയാണെന്ന് മനസ്സിലായതെന്നും ഡോഗോന്‍ നോമ ഗ്രാമമുഖ്യനായ സ്റ്റിങ്ങോ ഉസ്മാന്‍ യോഗത്തില്‍ പറഞ്ഞു. തീവ്രവാദികളും മിലിട്ടറിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് നൈജീരിയന്‍ ജനപ്രതിനിധി സമൂഹാംഗമായ യാകുബു ഉമര്‍ ബാര്‍ഡെ ആവശ്യപ്പെട്ടു. ഇതിനേക്കുറിച്ച് അന്താരാഷ്ട്ര ഫോറന്‍സിക്ക് അന്വേഷണം വേണമെന്ന് യുകെ ഹൗസ് ഓഫ് ലോര്‍ഡ് അംഗം കരോളിന്‍ കോക്സും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »