India - 2024

ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ്‌ പഴയാറ്റില്‍ കാലം ചെയ്‌തു

സ്വന്തം ലേഖകന്‍ 11-07-2016 - Monday

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ (83) അന്തരിച്ചു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അഭിവന്ദ്യ പിതാവ് ഞായറാഴ്ച രാത്രി 10.50 ന് ജൂബിലി മിഷന്‍ ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്. പനി മൂലം ജൂലൈ ഒന്നാം തീയതിയാണ് പിതാവിനെ ചാലക്കുടിയിലെ സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശൂര്‍ ജൂബിലി ആശുപത്രിയിലേക്ക് മാറ്റി. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളും ശാരീരിക അസ്വസ്തതകളും ബിഷപ്പിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കി. ആരോഗ്യനില മോശമായതോടെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നെങ്കിലും ഇന്നലെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. രുതരാവസ്ഥയില്‍ തൃശൂര്‍ ജൂബിലി മിഷനില്‍ പ്രവേശിപ്പിച്ച ചൊവ്വാഴ്ചതന്നെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ തുടങ്ങിയവര്‍ മാര്‍ പഴയാറ്റിലിനെ സന്ദര്‍ശിച്ചു സംസാരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു.

മൃതസംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച ഉച്ചക്കഴിഞ്ഞ് ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദൈവാലയത്തില്‍ നടക്കും. മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന സംസ്‌കാര ശുശ്രൂഷകളില്‍ ആര്‍ച്ച്‌ബിഷപ്പുമാരും ബിഷപ്പുമാരും പങ്കെടുക്കും. പന്ത്രണ്ടാം തീയതി രാവിലെ 10 മണി മുതല്‍ 10.30 വരെ പുത്തന്‍ചിറയിലെ സ്വവസതിയിലും 11 മുതല്‍ 12 മണി വരെ പുത്തന്‍ചിറ ഈസ്റ്റ് പള്ളിയിലും പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്. ഇരിങ്ങാലക്കുടയില്‍ 1.30 മുതല്‍ 1.30 വരെ രൂപത ഭവനത്തിലും 2 മുതല്‍ 3.30 വരെ പിതാവ് വാര്‍ദ്ധക്യ കാലത്ത് താമസിച്ചിരുന്ന മൈനര്‍ സെമിനാരിയിലും തുടര്‍ന്ന് 4 മണി മുതല്‍ സെന്റ് തോമസ് കത്തീഡ്രല്‍ ദൈവാലയത്തിലും അന്ത്യോപചാരം അര്‍പ്പിക്കാന്‍ സൗകര്യങ്ങള്‍ തയാറാക്കിയിട്ടുണ്ട്.

ബുധനാഴ്ച (13/07/2016) ഉച്ചക്കഴിഞ്ഞ് 2 മണിക്ക് കത്തീഡ്രല്‍ ദൈവാലയത്തില്‍ മൃതസംസ്‌കാര ശുശ്രൂഷയും വിശുദ്ധ ബലിയും നഗരി കാണിക്കലും നടത്തും. ഭൗതിക ശരീരം ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദൈവാലയത്തില്‍ പ്രത്യേകമായി തയാറാക്കിയ ശവകുടീരത്തില്‍ സംസ്‌കരിക്കും. മൃതസംസ്‌കാര ശുശ്രൂഷകള്‍ക്കുശേഷം വൈകിട്ട് 7 മണിക്കായിരിക്കും കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ അനുസ്മരണ സമ്മേളനം.

1934 ജൂലൈ 26-ല്‍ പുത്തന്‍ചിറയില്‍ പഴയാറ്റില്‍ തോമന്‍കുട്ടി – മറിയംകുട്ടി ദമ്പതികളുടെ മൂന്നാമത്തെ മകനായി ജെയിംസ് (അഭിവന്ദ്യ മാര്‍ ജെയിംസ് പഴയാറ്റില്‍) ജനിച്ചു. കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസില്‍ പ്രാഥമിക വിദ്യാഭ്യാസവും, തുമ്പൂര്‍ ഹൈസ്‌ക്കൂളില്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. 1952ല്‍ തൃശ്ശൂര്‍ തോപ്പ് പെറ്റി സെമിനാരിയില്‍ ചേര്‍ന്ന് വൈദിക പരിശീലനം ആരംഭിച്ചു. പഠനത്തില്‍ ഉന്നതനിലവാരം പുലര്‍ത്തിയിരുന്ന ബ്ര. ജെയിംസ് പ്രസിദ്ധമായ കാന്‍ഡി പേപ്പല്‍ സെമിനാരിയിലാണ് തത്വശാസ്ത്ര പരിശീലനത്തിന് അയയ്ക്കപ്പെട്ടത്. തുടര്‍ന്ന് കാന്‍ഡിയിലും പൂനെയിലുമായി തത്വ – ദൈവശാസ്ത്ര പഠനവും പരിശീലനവും പൂര്‍ത്തിയാക്കി. 1961 ഒക്‌ടോബര്‍ 3-ന് ബോംബെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ വലേരിയന്‍ ഗ്രേഷ്യസ് തിരുമേനിയുടെ കൈവയ്പുവഴി ശുശ്രൂഷാപൗരോഹിത്യം സ്വീകരിച്ചു.

പഠനം പൂര്‍ത്തിയാക്കി 1962 മാര്‍ച്ചില്‍ തിരിച്ചെത്തിയപ്പോള്‍ അജപാലനശുശ്രൂഷയ്ക്കായി നിയുക്തനായത് പാവറട്ടിയിലും ലൂര്‍ദ്ദ്കത്തീഡ്രല്‍ പള്ളിയിലുമായിരുന്നു. തൃശൂര്‍ രൂപതയുടെ സെന്റ് തോമസ് കോളേജ് പ്രൊഫസറും, ഹോസ്റ്റല്‍ വാര്‍ഡനും, വൈദിക സെനറ്റ് സെക്രട്ടറിയുമായി സേവനം ചെയ്യുന്ന അവസരത്തിലാണ് ഇരിങ്ങാലക്കുട രൂപതയുടെ നിയുക്ത മെത്രാനായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ബിഷപ്പായി 1978ലാണ് മാര്‍ ജെയിംസ് പഴയാറ്റില്‍ സ്ഥാനമേറ്റത്. ആത്മീയ ചൈതന്യത്തിന്റെയും സാമൂഹ്യ സേവനങ്ങളുടെയും ഔന്നത്യങ്ങളിലേക്ക് 32 വര്‍ഷം രൂപതയെ അദ്ദേഹം നയിച്ചു. 2010 ഏപ്രില്‍ 18നു പിന്‍ഗാമിയായി അഭിഷിക്തനായ മാര്‍ പോളി കണ്ണൂക്കാടന് അജപാലന ചുമതലകള്‍ കൈമാറിയശേഷം ഇരിങ്ങാലക്കുട സെന്റ് പോള്‍സ് മൈനര്‍ സെമിനാരിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

പ്രിയപ്പെട്ട ജെയിംസ് പഴയാറ്റില്‍ പിതാവിന്റെ വേര്‍പാടില്‍ 'പ്രവാചക ശബ്ദം' അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു