News - 2024

കത്തോലിക്കനായ പ്രസിഡന്റ് ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്നത് 'പൊരുത്തക്കേട്': ബൈഡനെതിരെ പാപ്പ

പ്രവാചകശബ്ദം 13-07-2022 - Wednesday

വത്തിക്കാന്‍ സിറ്റി: കത്തോലിക്കനായ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഭ്രൂണഹത്യയെ പിന്തുണക്കുന്നതില്‍ പൊരുത്തക്കേടുണ്ടെന്ന്‍ ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ജൂലൈ 12-ന് യുണിവിഷന്‍ ആന്‍ഡ്‌ ടെലിവിസാ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് നിയമപരമായ ഭ്രൂണഹത്യയെ അനുകൂലിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് ദിവ്യകാരുണ്യ സ്വീകരണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനുത്തരമായി പാപ്പ ഇക്കാര്യം പറഞ്ഞത്. ഗര്‍ഭധാരണത്തിന് ശേഷം ഒരു മാസം കൊണ്ട് ഗര്‍ഭപിണ്ഡത്തില്‍ ഡി.എന്‍.എ ഉണ്ടാകുമെന്നും, മെല്ലെ അവയവങ്ങള്‍ രൂപം കൊള്ളുമെന്നും ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പാപ്പ വിശദീകരിച്ചു.

ഒരു മനുഷ്യ ജീവനെ ഇല്ലാതാക്കുന്നത് നീതിക്ക് നിരക്കുന്നതാണോ? എന്ന് ചോദിച്ച പാപ്പ - അമേരിക്കന്‍ പ്രസിഡന്റ് അബോര്‍ഷനെ പിന്തുണക്കണമോ എന്ന കാര്യം ബൈഡന്റെ മനസ്സാക്ഷിക്ക് വിടുകയാണെന്നും കൂട്ടിച്ചേര്‍ത്തു. ഈ പൊരുത്തക്കെടിനെ കുറിച്ച് ബൈഡന്‍ തന്റെ വൈദികനോട് തന്നെ സംസാരിക്കട്ടെയെന്നും പാപ്പ പറഞ്ഞു. ഗര്‍ഭധാരണം മുതല്‍ സ്വഭാവിക മരണം വരെ മനുഷ്യ ജീവന്‍ ബഹുമാനിക്കപ്പെടണമെന്ന് സഭാ പ്രബോധനങ്ങളില്‍ പറയുന്നുണ്ടെങ്കിലും ജോ ബൈഡന്‍ ഗര്‍ഭഛിദ്രത്തെ ശക്തമായി പിന്തുണക്കുന്ന വ്യക്തിയാണ്.

അമേരിക്കയില്‍ ഭ്രൂണഹത്യ നിയമപരമാക്കിയ ‘റോ വി.വേഡ്’ വിധിയെ അസാധുവാക്കിയ സുപ്രീം കോടതിവിധിയോടുള്ള പ്രതികരണമെന്നോണം കഴിഞ്ഞയാഴ്ച ഭ്രൂണഹത്യയെ സംരക്ഷിക്കുന്നതിനായി ബൈഡന്‍ എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മറ്റി അധ്യക്ഷനും ബാൾട്ടിമോർ ആർച്ച് ബിഷപ്പുമായ വില്യം ലോറി രംഗത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. ഗര്‍ഭധാരണം മുതല്‍ ജീവന്‍ ആരംഭിക്കുന്നു എന്ന വാദത്തോട് താന്‍ യോജിക്കുന്നില്ലെന്ന്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും ബൈഡന്‍ പറഞ്ഞിരുന്നു.


Related Articles »