Faith And Reason - 2024

ക്രൈസ്തവ വംശഹത്യക്കിടയിലും നൈജീരിയയില്‍ വിശ്വാസ വസന്തം; 99 കുട്ടികള്‍ വിശ്വാസ സ്ഥിരീകരണം നടത്തി

പ്രവാചകശബ്ദം 16-07-2022 - Saturday

ന്നെമി: ക്രൈസ്തവ കൂട്ടക്കൊലകളുടെയും, തട്ടിക്കൊണ്ടുപോകലുകളുടെയും വാര്‍ത്തകള്‍ക്കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ നിന്നും ക്രൈസ്തവ ലോകത്തിന് ആശ്വാസം പകരുന്ന വാര്‍ത്ത. ന്നെമി രൂപതയിലെ ഒസുബുലുവിലെ സെന്റ്‌ ഫ്രാന്‍സിസ് അസീസ്സി ഇടവക ദേവാലയത്തില്‍വെച്ച് 99 കുട്ടികള്‍ വിശ്വാസ സ്ഥിരീകരണം നടത്തി. പ്രാദേശിക മെത്രാനായ മോണ്‍. ജോനാസ് ബെന്‍സണ്‍ ഒകോയെയും അമേരിക്കയിലെ ഫോര്‍ട്ട്‌ വെയ്നെ-സൗത്ത് ബെന്‍ഡ് മെത്രാന്‍ കെവിന്‍ സി. റോഡ്സും തിരുകര്‍മ്മങ്ങള്‍ക്കു മുഖ്യകാര്‍മ്മികത്വം വഹിച്ചു.

വിശ്വാസ സ്ഥിരീകരണമാകുന്ന കൂദാശയിലൂടെ സുവിശേഷ ബോധ്യത്തോടെ ജീവിക്കുവാന്‍ പ്രാപ്തരാക്കുന്ന പരിശുദ്ധാത്മാവിന്റെ അനുഗ്രഹങ്ങളുടെ പ്രത്യേക ഒഴുക്ക് ഈ കുട്ടികള്‍ക്ക് ലഭിക്കുന്നുവെന്ന്‍ ബിഷപ്പ് കെവിന്‍ സി. റോഡ്സ് ഫേസ്ബുക്കില്‍ കുറിച്ചു. ചടങ്ങിന്റെ അവസാനം ഇടവക വിശ്വാസികള്‍ ചേര്‍ന്ന് മെത്രാന്‍ കെവിന്‍ സി. റോഡ്സിന് പരിശുദ്ധ കന്യകാമാതാവിന്റെ രൂപം സമ്മാനിച്ചു. വിശ്വാസ സ്ഥിരീകരണത്തിന് പുറമേ, ബിഷപ്പ് റോഡ്സ് ഫാ. ഫ്രാന്‍സിസ് ച്ചുക്വുമാക്കൊപ്പം അവ്കാ, ന്നെവി എന്നീ രൂപതകളില്‍ നടന്ന തിരുപ്പട്ട സ്വീകരണ ചടങ്ങുകളിലും പങ്കെടുക്കുകയുണ്ടായി.

മോചനദ്രവ്യത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലുകളും, കൊലപാതകങ്ങളും കാരണം അക്രമങ്ങളുടെ തിരമാലകളെ തന്നെ നേരിട്ടുകൊണ്ടിരിക്കുകയാണ് നൈജീരിയ. നൈജീരിയയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2009-ല്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാം രൂപം കൊണ്ടതിനു ശേഷം കടുത്ത അരക്ഷിതാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോയികൊണ്ടിരിക്കുന്നത്. ഫുലാനി പോരാളികള്‍ എന്നറിയപ്പെടുന്ന ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികള്‍ കൃഷിക്കാരായ ക്രിസ്ത്യാനികളുടെ നേര്‍ക്ക് ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതും പതിവായിരിക്കുകയാണ്

കഴിഞ്ഞ വര്‍ഷം മാത്രം നൈജീരിയയില്‍ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത് 4,650 ക്രൈസ്തവരാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. ക്രിസ്ത്യാനിയായി ജീവിക്കുവാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളേ കുറിച്ചുള്ള അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ ഏറ്റവും പുതിയ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ഏഴാമതാണ് നൈജീരിയയുടെ സ്ഥാനം. നൈജീരിയയില്‍ വാസ്തവത്തില്‍ നടക്കുന്നത് ക്രൈസ്തവരുടെ വംശഹത്യയാണെന്ന്‍ ചില മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാണിച്ചിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 71