News

വടക്കേ അമേരിക്കയിലെ പുരാതന തീർത്ഥാടന കേന്ദ്രത്തില്‍ ബലിയര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 29-07-2022 - Friday

ക്യൂബെക്ക്: വടക്കേ അമേരിക്കയിലെ പുരാതന ദേശീയ തീർത്ഥാടന കേന്ദ്രമായ ക്യുബെക്കിലെ വിശുദ്ധ അന്നയുടെ നാമധേയത്തിലുള്ള സാന്ത് ആന്ന ദെ ബുപ്രേ ബസിലിക്ക ദേവാലയത്തില്‍ ബലിയര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ. 1658-ല്‍ പണിതുയർത്തിയ ഈ ദേവാലയം സന്ദര്‍ശിക്കുവാന്‍ ഓരോ വര്‍ഷം പത്തു ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് എത്തിച്ചേരുന്നത്. കാനഡ സന്ദര്‍ശനത്തിന്റെ അഞ്ചാം ദിനമായ ഇന്നലെ ദേവാലയത്തിനടുത്തെത്തിയ പാപ്പ കാറിൽ നിന്നിറങ്ങി, തന്നെ എല്ലാവർക്കും കാണാൻ കഴിയുന്ന പേപ്പൽ വാഹനത്തിലേറി ജനസഞ്ചയത്തിനിടയിലൂടെ നീങ്ങി. തൻറെ അടുത്തേക്ക് കൊണ്ടുവരപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾക്ക് മുത്തംകൊടുത്തു തലോടിയും പാപ്പ തന്റെ സ്നേഹ വാത്സല്യം പങ്കുവെച്ചു.

ദേവാലയത്തിനു പുറത്തു കാത്തുനിന്നിരുന്ന തദ്ദേശീയരുൾപ്പടെയുള്ള വിശ്വാസികളുടെ സഞ്ചയത്തെ അഭിവാദ്യം ചെയ്തതിനു ശേഷമാണ് പാപ്പ ബലിയര്‍പ്പിച്ചത്. കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പെടെയുള്ളവര്‍ ദേവാലയത്തില്‍ ഉണ്ടായിരിന്നു. സ്പാനിഷ് ഭാഷയിൽ പാപ്പ വചന സന്ദേശം നല്കി. സഹകാർമ്മികനായിരുന്ന വൈദികൻ ഈ സന്ദേശം വിവർത്തനം ചെയ്തു. വിശുദ്ധ കുർബാന സ്വീകരണാനന്തരം ക്യുബെക് അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ജെറാൾഡ് സിപ്രിയെൻ ലക്വാ പാപ്പയ്ക്ക് നന്ദി പറഞ്ഞു.

വടക്കേ അമേരിക്കയിലെ പുരാതന തീർത്ഥാടന കേന്ദ്രമായ ഈ ബസിലിക്ക ദേശീയ തീർത്ഥാടന കേന്ദ്രമാണ്. പതിനേഴാം നൂറ്റാണ്ടില്‍ പണിയിച്ച ദേവാലയം പിന്നീട് പലതവണ വിസ്തൃതമാക്കുകയും നവീകരിക്കുകയും ചെയ്തിട്ടുണ്ട്. 1922-ൽ ഈ ദേവാലയം ഒരു അഗ്നിബാധയിൽ നശിച്ചു.തുടർന്ന് പുതുതായി നിർമ്മിച്ച ഇന്നത്തെ രൂപത്തിലുള്ള ദേവാലയം 1976-ൽ കർദ്ദിനാൾ മൗറിസ് റോയാണ് ആശീർവ്വദിച്ചത്. ദേവാലയത്തിൻറെ പണിക്കാരിൽ ഒരാൾക്ക് നട്ടെല്ലു വളഞ്ഞുപോകുന്ന ഒരു ഗുരുതര രോഗം ബാധിക്കുകയും ദേവാലയത്തിൻറെ പണിപൂർത്തിയായപ്പോൾ അത്ഭുതകരമായി സുഖം പ്രാപിക്കുകയും ചെയ്തതായി ചരിത്രമുണ്ട്.

അധികം വൈകാതെ ഈ ദേവാലയം സുഖപ്രാപ്തിക്കായി എത്തുന്നവരുടെ ഒരു പവിത്രസന്നിധാനമായി പരിണമിച്ചു. തൻറെ മകളായ മറിയത്തെ കൈയ്യിലേന്തി നില്ക്കുന്ന വിശുദ്ധ അന്നയുടെ തടിയിൽ തീർത്ത ഒരു രൂപവും ഈ ദേവാലയത്തിലുണ്ട്. ചെറു കപ്പേളകളും, റോമിൽ സൂക്ഷിച്ചിരിക്കുന്നതും പീലോത്തോസിൻറെ അരമനയിൽ വച്ച് കുരിശുമരണത്തിന് വിധിക്കപ്പെടുന്നതിനു മുമ്പ് യേശു കയറിയതുമായ 28 ചവിട്ടുപടികളുടെ ഒരു പകർപ്പും ഇവിടെയുണ്ടെന്നതും ശ്രദ്ധേയമാണ്. 1892-ൽ ലെയോ പതിമൂന്നാമൻ പാപ്പ സമ്മാനിച്ച വിശുദ്ധ അന്നയുടെ തിരുശേഷിപ്പും ഈ ദേവാലയത്തിൽ പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »