News - 2024

യുദ്ധക്കെടുതിയില്‍ ക്രൈസ്തവ സംഘടനയായ എ‌സി‌എന്‍ യുക്രൈന് കൈമാറിയത് അഞ്ചു മില്യണ്‍ ഡോളറിന്റെ സഹായം

പ്രവാചകശബ്ദം 04-08-2022 - Thursday

കീവ്: റഷ്യ- യുക്രൈൻ യുദ്ധം ആരംഭിച്ചതിനു ശേഷം ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് വിവിധ പദ്ധതികൾക്കുവേണ്ടി യുക്രൈൻ ജനതയ്ക്ക് കൈമാറിയത് അഞ്ചു മില്യൺ ഡോളറിന്റെ സഹായം. അഭയാർത്ഥികളായവർക്കു വേണ്ടിയും, ഭവനരഹിതരായവർക്ക് വേണ്ടിയും 5 മാസത്തിനിടെ ഈ സഹായങ്ങൾ ഉപയോഗിച്ചു. മെയ് മാസത്തിനും, ജൂലൈ മാസത്തിനും ഇടയിൽ മാത്രം 34 പദ്ധതികൾക്ക് വേണ്ടി 2.5 മില്യൺ ഡോളർ സഹായമാണ് നൽകിയത്. ആഴത്തിലുള്ള മുറിവ് ദൈവത്തിനു മാത്രമേ ഭേദമാക്കാൻ സാധിക്കുകയുള്ളൂവെന്നു എയിഡ് ടു ദി ചർച്ച് ഇൻ നീഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തോമസ് ഹീൻ ഗെൽഡേർൻ പറഞ്ഞു.

എന്നാൽ ഏറ്റവും സുപ്രധാനമായ ആവശ്യങ്ങൾ നിറവേറ്റുക, സഭയെ അവിടെ തന്നെ പിടിച്ചുനിൽക്കാൻ സഹായിക്കുക എന്നീ കാര്യങ്ങളിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വീടുകൾ നഷ്ടപ്പെടുകയും, കുടുംബാംഗങ്ങളെ നഷ്ടപ്പെടുകയും ചെയ്തവർക്ക് ആത്മീയ പിന്തുണ നൽകുന്നതിനൊപ്പം, വൈദികർക്കും, സന്യസർക്കും ഭക്ഷ്യ ദൗർലഭ്യത്തിനും, മരുന്നുകൾക്കും പരിഹാരം കാണാൻ സാധിക്കുന്നുണ്ട്. ഇതിനുവേണ്ടി സംഘടനയിലൂടെ സാമ്പത്തിക സഹായം നൽകുന്നവർക്ക് തോമസ് ഹീൻ ഗെൽഡേർൻ നന്ദി രേഖപ്പെടുത്തി.

എല്ലാ ദിവസവും രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ഉള്ളവരുമായി സമ്പർക്കം പുലർത്തുന്നതിനാൽ സുപ്രധാനമെന്ന് തോന്നുന്ന പദ്ധതികൾ എളുപ്പത്തിൽ കണ്ടെത്താൻ പ്രാദേശിക തലത്തിലെ സഭയുടെ സഹായത്തോടെ സംഘടനയ്ക്ക് സാധിക്കുന്നുണ്ടെന്ന് 14 വർഷമായി :എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ യുക്രെയിനിലെ വിവിധ പദ്ധതികളുടെ ചുമതല വഹിക്കുന്ന മഗ്ദ കാസ്മാറക് പറഞ്ഞു. എല്ലാ രൂപതകളിലും ആയിരക്കണക്കിന് ഭവനരഹിതരെയാണ് സഭ വിവിധ ദേവാലയങ്ങളിലായി സ്വീകരിച്ചത്. അതിനാൽ തന്നെ വെള്ളം, വൈദ്യുതി തുടങ്ങിയവയ്ക്കുവേണ്ടി പണം കണ്ടെത്തുക എന്നതാണ് ദേവാലയങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.


Related Articles »