News - 2024

മതനിന്ദ നിയമവും ക്രൈസ്തവ വിരുദ്ധ പീഡനങ്ങളും; ദുരവസ്ഥ പങ്കുവെച്ച് ലാഹോർ ആർച്ച് ബിഷപ്പ്

പ്രവാചകശബ്ദം 09-08-2022 - Tuesday

ലാഹോര്‍: പാക്കിസ്ഥാനിലെ ക്രൈസ്തവ വിശ്വാസികൾ നേരിടുന്ന പീഡനങ്ങളെ പറ്റിയും, അതിനെ പ്രതിരോധിക്കാൻ സഭ രൂപം കൊടുക്കുന്ന മാർഗങ്ങളെപ്പറ്റിയും പങ്കുവെച്ച് ലാഹോർ ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഷാ. അടുത്തിടെ ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡുമായി കൂടിക്കാഴ്ചയ്ക്ക് അമേരിക്കയില്‍ എത്തിയപ്പോൾ 'അലത്തെയ' മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാക്കിസ്ഥാനിലെ ഇപ്പോഴത്തെ സാഹചര്യം അദ്ദേഹം വിശദീകരിച്ചത്. പാക്കിസ്ഥാന്റെ മതനിന്ദ നിയമങ്ങളാണ് ഏറ്റവും വലിയ വെല്ലുവിളികളിലൊന്നെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.

പാക്കിസ്ഥാൻ പീനൽ കോഡിലെ സെക്ഷൻ 295-ബി, 295-സി എന്നിവ യഥാക്രമം ജീവപര്യന്തവും വധശിക്ഷയും മതനിന്ദ നിയമത്തിന് ശിപാർശ ചെയ്യുന്നു. ലോകമെമ്പാടുമുള്ള അഭിഭാഷകരിൽ നിന്ന് പാകിസ്ഥാനിലും മറ്റിടങ്ങളിലും നിന്നും വരെ ഇത്തരം നിയമങ്ങൾ പിൻവലിക്കാൻ എണ്ണമറ്റ ആഹ്വാനങ്ങൾ ഉണ്ടായിട്ടുണ്ട്. ആത്യന്തികമായി മതനിന്ദ കുറ്റത്തിൽ നിന്ന് കുറ്റവിമുക്തയാക്കപ്പെടുകയും വധശിക്ഷയിൽ നിന്ന് മോചിപ്പിക്കപ്പെടുകയും ചെയ്ത ആസിയ ബീബിയുടെ കേസ് ഈ വിഷയം ആഗോള തലത്തില്‍ ചര്‍ച്ചയാക്കി. പാക്കിസ്ഥാനിൽ 96.5% മുസ്ലീങ്ങളാണ്. ഉയരുന്ന കേസുകളിൽ ഭൂരിഭാഗവും ഇസ്‌ലാമിനെതിരെയുള്ള മതനിന്ദ ആരോപണങ്ങളാണെന്ന് ബിഷപ്പ് പറഞ്ഞു.

മതാന്തര സംവാദത്തിനുള്ള നിരവധി ഗ്രൂപ്പുകൾക്ക് തങ്ങൾ രൂപം നൽകിയിട്ടുണ്ട്. ലാഹോറിലെ ഗ്രൂപ്പിൽ മാത്രം 60 അംഗങ്ങളുണ്ട്. ഇതിൽ ഇസ്ലാമിക നേതാക്കളും, ഹിന്ദു, സിക്ക് മത പ്രതിനിധികളും ഉൾപ്പെടുന്നു. കൂടാതെ മുൾട്ടാൻ, ഇസ്ലാമാബാദ്, കറാച്ചി, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലും ഗ്രൂപ്പുകളുണ്ട്. കാര്യങ്ങളെ പറ്റി കൂടുതൽ വ്യക്തത വരുകയും, ബന്ധങ്ങൾ ദൃഢമാവുകയും ചെയ്യുമ്പോൾ ഒരുപാട് തെറ്റിദ്ധാരണകൾ നീങ്ങി കിട്ടുമെന്നാണ് ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഷാ പറയുന്നത്. അമുസ്ലിങ്ങളെ തട്ടിക്കൊണ്ടുപോകുന്ന വിഷയം അധികൃതരുടെയും, ഇസ്ലാമിക നേതാക്കന്മാരുടെയും ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ശ്രമം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിർബന്ധിത മതപരിവർത്തനത്തിൽ നിന്ന് ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട പെൺകുട്ടികളെ രക്ഷിക്കുന്നതിന് നിയമപരവും, നയപരവുമായ തടസ്സങ്ങൾ ഉണ്ടെന്ന് പാക്ക് മനുഷ്യാവകാശ സംഘടനകൾ അടുത്തിടെ പറഞ്ഞിരുന്നു. വിഷയം ക്രൈസ്തവ പെൺകുട്ടികളെ മാത്രമല്ല, ഹിന്ദു പെൺകുട്ടികളെയും ബാധിക്കുന്നതാണെന്ന് ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. തട്ടിക്കൊണ്ടു പോകുമെന്ന ഭയം കൂടാതെ ഭാവിയിൽ കുട്ടികൾക്ക് പാർക്കുകളിൽ സ്വതന്ത്രമായി കളിക്കാൻ സാധിക്കുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെച്ചു. ദീർഘനാളായി കത്തോലിക്ക സഭയുടെ പാക്കിസ്ഥാനിലെ പ്രവർത്തനത്തിന് വലിയ സഹായങ്ങൾ നൽകിവരുന്ന സംഘടനയാണ് എയിഡ് ടു ദി ചർച്ച് ഇൻ നീഡ്. തട്ടിക്കൊണ്ടു പോകലുകളും, നിർബന്ധിത മതപരിവർത്തനവും തടയാൻ പ്രാദേശിക സഭകളുമായി ചേർന്ന് നിരവധി പദ്ധതികളാണ് സംഘടന ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »