News - 2025
പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ കോളനിയില്‍ വെടിവെയ്പ്പ്; വയോധികന്‍ കൊല്ലപ്പെട്ടു
പ്രവാചകശബ്ദം 12-08-2022 - Friday
ലാഹോര്‍: പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ തിങ്ങിപാര്‍ക്കുന്ന കോളനിയില്‍ മോട്ടോര്‍ സൈക്കിളുകളില്‍ എത്തിയ അക്രമി സംഘം നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന്‍ യുവാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മാസ്തുങ്ങ് ക്രിസ്ത്യന്‍ കോളനിയിലാണ് വെടിവെയ്പ്പ് നടന്നത്. അറുപത്തിയഞ്ചുകാരനായ വിത്സണ്‍ മാസിയാണ് കൊല്ലപ്പെട്ടത്. വിത്സണ്‍ മാസിയെയും മുറിവേറ്റ മൂന്ന്‍ പേരേയും മാസ്തുങ്ങില്‍ നിന്ന് 43 കിലോമീറ്റര്‍ അകലെയുള്ള ക്യുറ്റായിലെ സിവില്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും വെടിയേറ്റ മാസിയെ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. ഓഗസ്റ്റ് 8ന് വൈകിട്ട് 7.20-ന് രണ്ടു മോട്ടോര്‍ സൈക്കിളുകളിലെത്തിയ അക്രമികള്‍ ക്രിസ്ത്യന്‍ കോളനിക്ക് മുന്‍പിലുള്ള കളിസ്ഥലത്ത് ഉണ്ടായിരുന്നവര്‍ക്കു നേരെ അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു.
ഓഗസ്റ്റ് 10നു മാസിയുടെ മൃതസംസ്കാരം നടത്തി. 2016-ല്‍ തന്റെ സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റ് കൊല്ലപ്പെട്ട പാര്‍ലമെന്റംഗമായിരുന്ന ഹെന്‍റി മാസിയുടെ മൂത്ത സഹോദരനാണ് കൊല്ലപ്പെട്ട വിത്സണ്‍ മാസി. മാസ്തുങ്ങില്‍ 115 ക്രൈസ്തവരാണ് താമസിക്കുന്നത്. കളിസ്ഥലത്ത് ഉണ്ടായിരുന്ന മുസ്ലീം കുട്ടികള്‍ മഗ്രിബ് പ്രാര്‍ത്ഥനക്കായി പോയ നേരം നോക്കിയായിരുന്നു വെടിവെപ്പ്. വയറിനു വെടിയേറ്റ് സനം എന്ന 14 കാരന്റെ നില ഗുരുതരമാണെന്നു കൊല്ലപ്പെട്ട മാസിയുടെ മരുമകനായ ഡാനിഷ് സലിം യു.സി.എ ന്യൂസിനോട് പറഞ്ഞു.
ക്രിസ്ത്യന്‍ കോളനിയിലുള്ള 16 വീടുകളുടെ സംരക്ഷണത്തിനായി രണ്ടു പോലീസുകാരെ കോളനിയുടെ ഗേറ്റില്‍ നിയമിച്ചിട്ടുണ്ട്. അതേസമയം ഇതുവരെ അക്രമത്തെക്കുറിച്ചുള്ള എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയോ, ആരെങ്കിലേയും അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന്‍ ഡാനിഷ് ആരോപിച്ചു. വെടിവെപ്പ് നടന്ന് അരമണിക്കൂറിനു ശേഷം അക്രമത്തില്‍ പ്രതിഷേധിച്ചു കൊണ്ട് പ്രദേശവാസികള്‍ സമീപത്തുള്ള നാഷണല്‍ ഹൈവേ ഒരു മണിക്കൂര്‍ നേരത്തേക്ക് ഉപരോധിച്ചിരിന്നു. മാസ്തുങ്ങിലെ വൈദികനായ ഫാ. നദീം റഫീക് മുറിവേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. വേദനിക്കുന്നവരുടെ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കണമെന്ന് ക്യുറ്റ അപ്പസ്തോലിക വികാരിയത്ത് തന്നോടു നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും, ബലൂചിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക പ്രതിസന്ധിയും തീവ്രവാദത്തിന്റെ വളര്‍ച്ചക്ക് കാരണമായിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാന്‍ ഇസ്ലാമിക തീവ്രവാദികളുടെയും, വിഘടനവാദികളുടെയും ആക്രമണങ്ങളാല്‍ തകര്‍ന്നിരിക്കുകയാണ്. ക്രിസ്ത്യാനികള്‍ക്കും, ഷിയാ ഹസാരകള്‍ക്കും, സുരക്ഷാ സേനക്കും എതിരേയുള്ള ആക്രമണങ്ങള്‍ സമീപകാലത്ത് വര്‍ദ്ധിച്ചിരിക്കുകയാണ്. ജൂലൈ മാസത്തില്‍ മാത്രം പ്രവിശ്യയില്‍ ഏഴോളം തീവ്രവാദി ആക്രമണങ്ങളാണ് നടന്നത്. ഇതില്‍ സുരക്ഷാ സേനാംഗങ്ങളടക്കം 6 പേര്‍ കൊല്ലപ്പെടുകയും, 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2018-ല്‍ നടന്ന ആക്രമണത്തില്‍ 6 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്.