News

കോണ്‍ക്ലേവില്‍ പങ്കെടുക്കുവാന്‍ യോഗ്യതയുള്ള കര്‍ദ്ദിനാളുമാരുടെ എണ്ണം 132

പ്രവാചകശബ്ദം 30-08-2022 - Tuesday

റോം: പത്രോസിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ അടുത്ത കോണ്‍ക്ലേവ് ഭാവിയില്‍ നടന്നാല്‍ അതില്‍ പങ്കെടുക്കുവാന്‍ യോഗ്യതയുള്ള കര്‍ദ്ദിനാളുമാരുടെ എണ്ണം 132 ആയി. കഴിഞ്ഞ ശനിയാഴ്ച നടന്ന കണ്‍സിസ്റ്ററിയില്‍ 20 പേര്‍ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന് ശേഷമുള്ള കണക്കാണിത്. കര്‍ദ്ദിനാള്‍ സംഘത്തിലെ എല്ലാ കര്‍ദ്ദിനാളുമാര്‍ക്കും പുതിയ പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവില്‍ പങ്കെടുക്കുവാന്‍ അധികാരമില്ല. 80 വയസ്സോ അതിന് മുകളിലുള്ള കര്‍ദ്ദിനാളുമാര്‍ക്ക് പേപ്പല്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയില്ലെന്ന് 1970-ല്‍ അന്നത്തെ പാപ്പയായിരുന്ന വിശുദ്ധ പോള്‍ ആറാമന്‍ വ്യവസ്ഥ ചെയ്തിരുന്നു. 80 വയസ്സില്‍ താഴെയുള്ള ‘ഇലക്ടേഴ്സ്’ എന്നറിയപ്പെടുന്ന കര്‍ദ്ദിനാള്‍മാര്‍ക്കാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുവാന്‍ അനുമതിയുണ്ടായിരിക്കുക.

ഓഗസ്റ്റ് 27-ന് നടന്ന കണ്‍സിസ്റ്ററിയില്‍ 80 വയസ്സിന് താഴെയുള്ള 16 ഇലക്ടേഴ്സും, 80 കഴിഞ്ഞ നാല് പേരും ഉള്‍പ്പെടുന്ന പുതിയ 20 കര്‍ദ്ദിനാളുമാരെയാണ് പാപ്പ തിരുസഭയ്ക്ക് സമ്മാനിച്ചത്. ഇതോടെ ഭാവിയില്‍ ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കുവാന്‍ യോഗ്യതയുള്ള കര്‍ദ്ദിനാളുമാരുടെ എണ്ണം 132 ആയി മാറി. നിലവിലെ ഇലക്ടേഴ്സില്‍ 6 പേര്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ 80 തികയും. വോട്ടവകാശമുള്ള കര്‍ദ്ദിനാളുമാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ യൂറോപ്പില്‍ നിന്നുള്ളവരാണ്. രാജ്യത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ 47 കര്‍ദ്ദിനാളുമാരുമായി ഇറ്റലിയാണ് ഏറ്റവും മുന്നില്‍. ഇതില്‍ പാപ്പയെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കുവാന്‍ കഴിയുക 20 പേര്‍ക്കാണ്.

മറ്റ് മേഖലകളില്‍ നിന്നുള്ള കര്‍ദ്ദിനാളുമാരുടെ പ്രാതിനിധ്യവും ഉയര്‍ന്നു വരുന്നുണ്ട്. ഏഷ്യാ-പസഫിക് മേഖലയാണ് ഇക്കാര്യത്തില്‍ മുന്നില്‍. ഈ മേഖലയില്‍ നിന്നും കോണ്‍ക്ലേവില്‍ പങ്കെടുക്കുവാന്‍ കഴിയുന്നവര്‍ 2013-ല്‍ 9% മായിരുന്നത് 2022 ആയപ്പോഴേക്കും 17% മായി ഉയര്‍ന്നിട്ടുണ്ടെന്നു പ്യൂ റിസര്‍ച്ച് സെന്ററിന്റെ ഒരു വിശകലനത്തില്‍ ചൂണ്ടിക്കാട്ടുന്നു. സബ്-സഹാരന്‍ ആഫ്രിക്കയില്‍ നിന്നുള്ള ഇലക്ടേഴ്സ് ഉള്‍പ്പെടെയുള്ള കര്‍ദ്ദിനാളുമാരുടെ എണ്ണവും 9% ല്‍ നിന്നും 12% ആയി വര്‍ദ്ധിച്ചിട്ടുണ്ട്. ലാറ്റിന്‍ അമേരിക്ക, കരീബിയന്‍ മേഖലയില്‍ നിന്നുള്ള കര്‍ദ്ദിനാളുമാരുടെ എണ്ണം 16%-ല്‍ നിന്നും 18% മായി ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന കണ്‍സിസ്റ്ററിയോടെ കര്‍ദ്ദിനാള്‍ സംഘത്തിലെ 60% കര്‍ദ്ദിനാളുമാരും ഫ്രാന്‍സിസ് പാപ്പ നിയമിച്ചവരാണ്. ബാക്കിയുള്ളവര്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനും, മുന്‍പാപ്പ ബെനഡിക്ട് പതിനാറാമനും, ജോണ്‍ പോള്‍ ഒന്നാമനും നിയമിച്ചവരാണ്. പോള്‍ ആറാമന്‍ പാപ്പ കര്‍ദ്ദിനാളായി ഉയര്‍ത്തിയവരില്‍ ഇന്ന് ജീവിച്ചിരിക്കുന്നത് മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്‍ മാത്രമാണ്. പുതിയ പാപ്പയെ തിരഞ്ഞെടുക്കണമെങ്കില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണമെന്ന വളരെക്കാലമായി നിലനിന്നിരുന്ന പാരമ്പര്യം 2007-ല്‍ മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമനാണ് തിരികെ കൊണ്ടുവന്നത്. സാധുവായ തിരഞ്ഞെടുപ്പിന് കേവല ഭൂരിപക്ഷം മതിയെന്ന നിലപാടായിരുന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ കൈകൊണ്ടിരുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »