India - 2024

ആറ്റൂര്‍ സെന്റ് ലോറന്‍സ് ദേവാലയം ഇനി മൈനര്‍ ബസലിക്ക; ഔദ്യോഗിക പ്രഖ്യാപനം ആഗസ്റ്റ് ഒന്നിന്

സ്വന്തം ലേഖകന്‍ 14-07-2016 - Thursday

മംഗലൂരു: ആറ്റൂരിലെ സെന്റ് ലോറന്‍സ് ദേവാലയത്തെ മൈനര്‍ ബസലിക്കയായി പ്രഖ്യാപിക്കുന്നതിനുള്ള അനുമതി ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കി. ആഗസ്റ്റ് ഒന്നാം തീയതി നടക്കുന്ന ആഘോഷപൂര്‍വ്വമായ ചടങ്ങുകള്‍ക്കിടയിലായിരിക്കും പ്രഖ്യാപനം നടക്കുക. സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമിസ് കത്തോലിക്ക ബാവാ ലത്തീന്‍ ഭാഷയിലും ബിഷപ്പ് ജറാള്‍ഡ് ഐസക് ലോബോ കൊങ്കിണി ഭാഷയിലും ദേവാലയത്തെ മൈനര്‍ ബസലിക്കയാക്കി ഉയര്‍ത്തുന്ന പ്രഖ്യാപനം നടത്തും.

ആഗസ്റ്റ് ഒന്നാം തീയതി രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബാനയോടെയാണ് പരിപാടികള്‍ക്കു തുടക്കം കുറിക്കുക. 11.45-ന് മൈനര്‍ ബസലിക്ക പ്രഖ്യാപനത്തോട് അനുബന്ധിച്ച് പ്രത്യേക പൊതുസമ്മേളനവും നടത്തും. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബംഗളൂരു ആര്‍ച്ച് ബിഷപ്പ് ബര്‍ണാര്‍ഡ് മൊറാസ്, റാഞ്ചി മെത്രാന്‍ കര്‍ദിനാള്‍ ടെലസ്‌കോ ടോപ്പോ, മംഗലാപുരം ബിഷപ്പ് അലോഷ്യസ് പോള്‍ ഡിസൂസ തുടങ്ങിയവരും ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി എത്തും.

ഭാരതത്തില്‍ 21 ദേവാലയങ്ങള്‍ക്കാണ് മൈനര്‍ ബസലിക്കാ പദവി ലഭിച്ചിട്ടുള്ളത്. 1759-ല്‍ സ്ഥാപിതമായ ദേവാലയമാണ് ആറ്റൂരിലെ സെന്റ് ലോറന്‍സ് ദേവാലയം. ഇന്ന്‍ കര്‍ണ്ണാടകത്തിലെ പ്രധാന ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായി മാറിയിരിക്കുന്ന ദേവാലയം 1900-ലാണ് പുനര്‍നിര്‍മ്മിച്ചത്. ഫാദര്‍ ഫ്രാങ്ക് പെരേരയാണ് ദേവാലയം പുനര്‍നിര്‍മ്മിക്കുന്നതിനു വേണ്ടി നേതൃത്വം വഹിച്ചത്. ആയിരക്കണക്കിനു വിശ്വാസികളാണ് അനുദിനം ദേവാലയത്തിലേക്ക് എത്തുന്നത്.


Related Articles »