News

സിറിയന്‍ ജനതയുടെ പ്രതീക്ഷ അസ്തമിക്കുന്നു; 90% ജനങ്ങളും പട്ടിണിയിലെന്ന് അപ്പസ്തോലിക പ്രതിനിധി

പ്രവാചകശബ്ദം 06-09-2022 - Tuesday

ഡമാസ്ക്കസ്: പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യമായ സിറിയയില്‍ അറബ് വസന്തത്തിന്റെ ചുവടുപിടിച്ച് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധം പത്തുവര്‍ഷത്തിലേറെയായി തുടരുകയും, പട്ടിണി വ്യപകമാവുകയും ചെയ്ത സാഹചര്യത്തില്‍ സിറിയന്‍ ജനതയുടെ പ്രതീക്ഷ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സിറിയയിലെ അപ്പസ്തോലിക പ്രതിനിധി. ചെറുപ്പക്കാര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ മരിക്കുന്നത് കണ്ട താന്‍ ഇപ്പോള്‍ കാണുന്നത് ജനങ്ങളുടെ പ്രതീക്ഷ മരിക്കുന്നതാണെന്നു കര്‍ദ്ദിനാള്‍ മാരിയോ സെനാരി ഇക്കഴിഞ്ഞ ദിവസം ‘കാത്തലിക് ന്യൂസ് എജന്‍സി’ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വടക്കന്‍ സിറിയയില്‍ ഇപ്പോഴും ബോംബുകള്‍ പതിച്ചു കൊണ്ടിരിക്കുകയാണെന്നും, പട്ടിണിയാകുന്ന മറ്റൊരു നിശബ്ദ ബോംബും പൊട്ടിത്തുടങ്ങിയിട്ടുണ്ടെന്നും, രാജ്യത്തെ 90% ആളുകളും പട്ടിണിയിലാണെന്നും കൂട്ടിച്ചേര്‍ത്തു. 2008 മുതല്‍ ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധിയായി സിറിയയില്‍ സേവനം ചെയ്തുവരുന്ന കര്‍ദ്ദിനാള്‍ സെനാരി ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 3ന് ഫ്രാന്‍സിസ് പാപ്പയുമായും, സിറിയയില്‍ ആശുപത്രികള്‍ തുറക്കുവാനുള്ള പദ്ധതികളെ പിന്തുണക്കുന്ന എ.വി.എസ്.ഐ എന്ന സന്നദ്ധ സംഘടനയുടെ അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തിയിരിന്നു.

സിറിയയിലെ 3 ആശുപത്രികള്‍ വഴിയും, നാല് വാക്ക്-ഇന്‍-ക്ലിനിക്കുകള്‍ വഴിയും സൗജന്യ മെഡിക്കല്‍ സേവനം ചെയ്യുന്ന ഈ പദ്ധതിയെ വിശേഷിപ്പിക്കുവാന്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ “ക്രിയേറ്റിവിറ്റി ഓഫ് ചാരിറ്റി” എന്ന വാക്യമാണ് ഫ്രാന്‍സിസ് പാപ്പ ഉപയോഗിച്ചത്. സിറിയയിലെ പ്രതിസന്ധി ലോകത്തെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയായി തുടരുകയാണെന്നു അന്താരാഷ്ട്ര നിരീക്ഷകര്‍ പറയുന്നതായി പാപ്പ സൂചിപ്പിച്ചിരിന്നു. നാശനഷ്ടങ്ങള്‍, മാനുഷിക ആവശ്യങ്ങളുടെ വര്‍ദ്ധനവ്, സാമൂഹികവും സാമ്പത്തികവുമായ തകര്‍ച്ച, പട്ടിണിയും ക്ഷാമവും അടക്കം വിവിധ പ്രതിസന്ധികള്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും, ഈ സാഹചര്യത്തില്‍ ആളുകള്‍ക്ക് ശാരീരികവും, ആത്മീയവുമായ സൗഖ്യം നല്‍കുവാന്‍ സഭ വിളിക്കപ്പെട്ടിരിക്കുകയാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

നല്ല സമരിയാക്കാരന്റെ ഉപമയിലെ കവര്‍ച്ചക്കും, ക്രൂര മര്‍ദ്ദനത്തിനും ഇരയായ മനുഷ്യനേപ്പോലെയാണ് സിറിയയുടെ ഇപ്പോഴത്തെ അവസ്ഥയെന്നും എന്നാല്‍ ദൈവം സിറിയയെ കൈവിട്ടിട്ടില്ലെന്നും പാപ്പ പറഞ്ഞു. രോഗികള്‍ക്കും, വിശക്കുന്നവര്‍ക്കും, മാനസികമായി തളര്‍ന്ന കുട്ടികള്‍ക്കും, അസ്വസ്ഥരായവര്‍ക്കും ഇടയില്‍ ജോലി ചെയ്യുവാന്‍ കഴിയുന്ന നല്ല സമരിയാക്കാരെ സിറിയക്ക് ആവശ്യമുണ്ടെന്ന്‍ ഫ്രാന്‍സിസ്കന്‍ ഫ്രിയാറായ ഫാ. ഫാദി അസര്‍ പറഞ്ഞതായും ‘സി.എന്‍.എ’യുടെ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. സിറിയയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന നൂറിലധികം പേര്‍ മരണപ്പെട്ടിരിന്നു.


Related Articles »