Meditation. - July 2024

ക്രിസ്തു നമ്മുക്ക് കാണിച്ച കാരുണ്യത്തിന്റെ മാതൃക നാം അനുകരിക്കാറുണ്ടോ?

സ്വന്തം ലേഖകന്‍ 15-07-2022 - Friday

"കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്‌സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു'' (ലൂക്കാ 4:18-19)

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 15

പുതിയ നിയമത്തില്‍ ദൈവസ്നേഹത്തിന്റെ രഹസ്യം വെളിവാക്കപ്പെട്ടിരിക്കുന്നത് ഇപ്രകാരമാണ്: ''തന്റെ ഏകജാതനെ നല്കുവാന്‍ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.'' ദൈവത്തിന്റെ അനന്തമായ കാരുണ്യത്തിന്റെ നിറവ് അവിടുത്തെ സാന്നിധ്യത്താല്‍ ലോകത്തില്‍ വെളിവാക്കപ്പെട്ടു. രോഗികളെയും പീഡിതരെയും പരിഗണിക്കുന്നതിനും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതിനും ലോകത്തിന്റെ രക്ഷയ്ക്കായി അവിടുന്ന് ഭൂമിയില്‍ മനുഷ്യാവതാരം ധരിച്ചു. ദരിദ്രര്‍ക്ക് വേണ്ടി നാം എന്ത് ചെയ്യുന്നുവോ അത് തനിക്ക് വേണ്ടി തന്നെയാണ് ചെയ്യുന്നതെന്ന് യേശു പഠിപ്പിച്ചു. സുവിശേഷത്തിലെ ധനവാന്റേയും ദരിദ്രനായ ലാസറിന്റേയും ഉപമയിലൂടെ പുനരവതരിക്കപ്പെടുന്നത് രാഷ്ട്രങ്ങളുടേയും, സാമൂഹ്യഗണങ്ങളുടേയും, വ്യക്തികളുടേയും ഇടയിലുള്ള സാമ്പത്തിക അരക്ഷിതരാവസ്ഥയെ പറ്റിയാണ്.

''അബ്രഹാം പറഞ്ഞു: മകനേ, നീ ഓര്‍മ്മിക്കുക: നിനക്ക് ജീവിതകാലത്ത് എല്ലാ സുഖ സൗകര്യങ്ങളും ലഭിച്ചിരുന്നു; ലാസറിനോ കഷ്ടതകളും. ഇപ്പോള്‍ അവന് ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു.'' (ലൂക്കാ 16:25). ഈ വാക്കുകള്‍ നമ്മുക്ക് ഒരു മുന്നറിയിപ്പാണ്. നമ്മുടെ ജീവിതത്തില്‍ ആഡംബരത്തിന്റെയും സുഖലോലുപതയുടെയും പിറകെ പോകുമ്പോള്‍ നമ്മുടെ അയല്‍ക്കാരനായ ദരിദ്രനെ നാം പരിഗണിക്കാറുണ്ടോ? ക്രിസ്തു നമ്മുക്ക് കാണിച്ചു തന്ന് കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം നാം നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാറുണ്ടോ?

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാന്‍ അന്റോണിയോ, ടെക്സാസ് 13.10.87).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »