News - 2024

കര്‍മ്മല മാതാവിന്റെ തിരുനാള്‍ ദിനമായ നാളെ ഉച്ചക്ക് 12 മണിക്ക് അമേരിക്കയില്‍ 5000 ജപമാല പ്രാര്‍ത്ഥനകള്‍ ഉയരും.

സ്വന്തം ലേഖകന്‍ 15-07-2016 - Friday

ഹാനോവര്‍: അമേരിക്കയില്‍ സേവനം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കു വേണ്ടി 5,000 സംഘങ്ങള്‍ പരസ്യമായി ജപമാല ചൊല്ലി നാളെ പ്രാര്‍ത്ഥന നടത്തും. 'അമേരിക്ക നീഡ്‌സ് ഫാത്തിമ' എന്ന പ്രാര്‍ത്ഥനാ സംഘമാണ് പ്രാര്‍ത്ഥനാ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. കര്‍മ്മല മാതാവിന്റെ തിരുനാള്‍ ദിനമായ നാളെ ഉച്ചക്ക് 12 മണിക്കാണ് 5000 ജപമാലകള്‍ ചൊല്ലി പോലീസുകാര്‍ക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടക്കുന്നത്. യുഎസിന്റെ എല്ലാ ഭാഗങ്ങളിലും പ്രാര്‍ത്ഥന നടത്തുന്ന രീതിയിലുള്ള ക്രമീകരണങ്ങളാണ് സംഘാടകര്‍ ഇതിനായി ചെയ്തു വരുന്നത്.

യുഎസില്‍ അടുത്തിടെ നടന്ന സംഘര്‍ഷത്തില്‍ അഞ്ചു പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. സദാസമയം സേവനം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കു വേണ്ടിയും കൂടുതല്‍ കാര്യക്ഷമതയോടെ പൗരസംരക്ഷണത്തില്‍ പോലീസുകാര്‍ ഏര്‍പ്പെടുന്നതിനു വേണ്ടിയുമാണ് ഇത്തരത്തില്‍ പ്രാര്‍ത്ഥന ക്രമീകരിച്ചിരിക്കുന്നത്. വിവാഹം, കുടുംബം, ജീവന്റെ സംരക്ഷണം എന്നിവയില്‍ സഭയുടെ നിലപാട് പ്രചരിപ്പിക്കപെടുവാനും നടപ്പില്‍ വരുത്തുവാന്‍ വേണ്ടിയും ജപമാലയില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കും. 'അമേരിക്ക നീഡ്‌സ് ഫാത്തിമ' എന്ന സംഘം എല്ലാ വര്‍ഷവും രാജ്യത്ത് മുഴുവനും ഇത്തരത്തില്‍ ജപമാല പ്രാര്‍ത്ഥനകള്‍ നടത്താറുണ്ട്. ഓരോ വര്‍ഷവും ഓരോ പ്രത്യേക ആവശ്യം മുന്‍നിര്‍ത്തിയുള്ള പ്രാര്‍ത്ഥനകളാണ് നടത്തുന്നത്. ഫ്രാങ്ക് സ്ലൊബോഡ്‌നിക്കാണ് ജപമാല പ്രാര്‍ത്ഥനയുടെ മുഖ്യ സംഘാടകനായി പ്രവര്‍ത്തിക്കുന്നത്.

"ഞങ്ങള്‍ എല്ലാവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നുണ്ട്, പ്രത്യേകിച്ച് ഇത്തവണ പോലീസ് ഉദ്യോഗസ്ഥര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ആക്രമങ്ങളും മറ്റു പ്രശ്‌നങ്ങളും നേരിടാന്‍ വേണ്ടി അവര്‍ സദാ പ്രവര്‍ത്തന സജ്ജരാണ്. പോലീസുകാര്‍ക്കു നേരെ കമ്യൂണിസ്റ്റ് രീതിയിലുള്ള ആക്രമണങ്ങള്‍ ഇപ്പോള്‍ പതിവായിരിക്കുകയാണ്. ഇത്തരം ആക്രമണങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ പ്രയോജനം ചെയ്യില്ല. പ്രശ്‌നബാധിത മേഖലകളില്‍ സദാസമയം ജോലി ചെയ്യുന്നവരാണ് പോലീസുകാര്‍. അവര്‍ക്കു വേണ്ടി ഈ വര്‍ഷം ഞങ്ങള്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നു". ഫ്രാങ്ക് സ്ലൊബോഡ്‌നിക്ക് പറഞ്ഞു.


Related Articles »