India - 2024
കര്‍ണ്ണാടകയില്‍ രണ്ടു ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ ആക്രമണം
സ്വന്തം ലേഖകന്‍ 15-07-2016 - Friday
ബംഗളൂരു: കര്‍ണാടകയില്‍ വ്യത്യസ്ഥമായ ആക്രമണങ്ങളില്‍ രണ്ടു ക്രൈസ്തവ ദേവാലയങ്ങള്‍ അക്രമികള്‍ തീയിട്ടു നശിപ്പിക്കുവാന്‍ ശ്രമിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് രണ്ടു സംഭവങ്ങളും നടന്നത്. ബംഗളൂരുവിലെ ദേവാലയത്തിലേക്ക് ഒരു സംഘം യുവാക്കളാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. ഉഗ്രസ്ഫോടനത്തോടെ പൊട്ടിചിതറിയ ബോംബില്‍ നിന്നും ദേവാലയത്തിലേക്ക് തീപടര്‍ന്നു പിടിച്ചു. കൂടുതല്‍ നാശം സൃഷ്ടിക്കുന്നതിനു മുമ്പേ പ്രദേശവാസികള്‍ തീ അണച്ചു.
അക്രമികളുടെ ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയ ശേഷം അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ദേവാലയത്തിന് സുരക്ഷയ്ക്കായി പൊലീസുകാരെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ദേവാലയ ഭാരവാഹികള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം പരാതി നല്കി.
തെക്കന്‍ കര്‍ണാടകയിലെ തുംകൂറിലെ ദേവാലയത്തിനു നേരേയാണ് രണ്ടാമത്തെ ആക്രമണം നടന്നത്. അക്രമികള്‍ ദേവാലയത്തിന്റെ തടികൊണ്ടു നിര്‍മ്മിച്ച ഭാഗങ്ങളില്‍ മണ്ണെണ്ണ ഒഴിച്ച ശേഷം തീവയ്ക്കുകയായിരുന്നു. എന്നാല്‍ അഗ്നി വലിയ തോതില്‍ പടര്‍ന്നു പിടിക്കാതിരുന്നതിനാല്‍ ദേവാലയത്തിനു കാര്യമായ തകരാര്‍ സംഭവിച്ചിട്ടില്ല. തുംകൂര്‍ ജില്ലയുടെ ആസ്ഥാനമാണ് തുംകൂര്‍ നഗരം. ഇത്തരമൊരു സ്ഥലത്ത് ദേവാലയം ആക്രമിക്കപ്പെട്ടതില്‍ വിശ്വാസികള്‍ ആശങ്കയിലാണ്.