Youth Zone - 2024

ലോകമെമ്പാടുമുള്ള 10 ലക്ഷം കുട്ടികള്‍ പങ്കെടുക്കുന്ന ജപമാല സമര്‍പ്പണം ഒക്ടോബര്‍ 18ന്

പ്രവാചകശബ്ദം 24-09-2022 - Saturday

കാരക്കാസ്: പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) വര്‍ഷംതോറും സംഘടിപ്പിക്കാറുള്ള 'ജപമാല ചൊല്ലുന്ന പത്തുലക്ഷം കുട്ടികള്‍' പ്രചാരണ പരിപാടിയിലെ ഇക്കൊല്ലത്തെ ജപമാല പ്രാര്‍ത്ഥന ഒക്ടോബര്‍ 18ന് നടക്കും. ജപമാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനായി ലോകമെമ്പാടുമുള്ള ഇടവകകള്‍, നേഴ്സറികള്‍, സ്കൂളുകള്‍ എന്നിവക്ക് പുറമേ കുടുംബങ്ങളെയും സംഘടന ക്ഷണിച്ചിട്ടുണ്ട്. ലോകമെമ്പാടും സമാധാനവും, ഐക്യവും ഉണ്ടാകുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക, ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ ദൈവത്തില്‍ വിശ്വസിക്കുവാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ കൂട്ടായ പ്രാര്‍ത്ഥനയുടെ ലക്ഷ്യമെന്നു എ.സി.എന്‍ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മൗറോ പിയാസെന്‍സ വ്യക്തമാക്കി.

മറിയം വഴി നമുക്ക് നേരെ നീട്ടിയിരിക്കുന്ന ദൈവത്തിന്റെ കരങ്ങള്‍ നാം കാണുകയും, ആ കരങ്ങളില്‍ മുറുകെ പിടിക്കുകയും വേണമെന്നും, വിശ്വാസത്തോടെ ഒരുമിച്ച് ജപമാല ചൊല്ലുകയാണെങ്കില്‍, പരിശുദ്ധ ദൈവ മാതാവ് നമ്മളെ ഒരു വലിയ കുടുംബം എന്നപ്പോലെ നമ്മുടെ സ്നേഹം നിറഞ്ഞ സ്വര്‍ഗ്ഗീയ പിതാവിന്റെ കരങ്ങളിലേക്ക് നയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കൊപ്പം ഭൂമിയെ പൊതിഞ്ഞ് സംരക്ഷിക്കുന്ന രണ്ടു കരങ്ങളാണ് ഇക്കൊലത്തെ ജപമാല പ്രചാരണ പരിപാടിയുടെ പോസ്റ്ററിലെ പ്രമേയം. ലോകത്തെ സ്നേഹത്തോടെ സൃഷ്ടിക്കുകയും എല്ലാ ജനങ്ങളെയും രക്ഷിച്ച് തന്നിലേക്ക് കൊണ്ടുവരുവാനും ശ്രമിക്കുന്ന സ്വര്‍ഗ്ഗീയ പിതാവിന്റെ കരങ്ങളുടെ പ്രതീകമാണിതെന്നു എ.സി.എന്‍ പറയുന്നു.

ജപമാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ജപമാല ചൊല്ലുന്നതിനു വേണ്ട പ്രാര്‍ത്ഥന, നിര്‍ദ്ദേശങ്ങള്‍, രഹസ്യങ്ങളെ കുറിച്ചുള്ള വിചിന്തനങ്ങള്‍, പരിശുദ്ധ കന്യകാമാതാവിനുള്ള സമര്‍പ്പണം, വിശുദ്ധ യൌസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന തുടങ്ങിയവ 26 ഭാഷകളിലായി എ.സി.എന്‍ തങ്ങളുടെ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ‘പത്തുലക്ഷം കുട്ടികള്‍ ജപമാല ചൊല്ലുമ്പോള്‍ ലോകം മാറും’ എന്ന വിശുദ്ധ പാദ്രെ പിയോ പറഞ്ഞതിനെ കേന്ദ്രമാക്കിയാണ് 2015-ല്‍ വെനിസ്വേലയിലെ കാരക്കാസിലുള്ള ഒരു ആശ്രമ കുടീരത്തില്‍ ജപമാല പ്രചാരണ പരിപാടി ആദ്യമായി ആരംഭിച്ചത്. പെട്ടെന്ന് തന്നെ ഇത് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചു. 2020-ലെ ആഞ്ചെലൂസ് പ്രാര്‍ത്ഥനക്കിടയില്‍ ഈ ജപമാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ തന്നെ ആഹ്വാനം ചെയ്തിരുന്നു.


Related Articles »