News

ക്രൈസ്തവ വിശ്വാസികള്‍ കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നു; പ്രതിഷേധവുമായി പാക്ക് ക്രൈസ്തവ സമൂഹം

പ്രവാചകശബ്ദം 28-09-2022 - Wednesday

ലാഹോര്‍: പോലീസ് കസ്റ്റഡിയിലിരിക്കെ ക്രൈസ്തവര്‍ കൊല്ലപ്പെടുന്നത് കൂടിയ സാഹചര്യത്തില്‍ പോലീസ് സേനയെ പരിഷ്കരിക്കണമെന്നും, കസ്റ്റഡിയിലിരിക്കുന്നവരോടുള്ള ക്രൂരത കുറ്റകരമാക്കുന്ന നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി പാക്കിസ്ഥാനിലെ ക്രൈസ്തവ നേതാക്കള്‍. സെപ്റ്റംബര്‍ 17-ന് മോഷണകുറ്റത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ അന്‍പത്തിരണ്ടുകാരനായ ബഷീര്‍ മസി എന്ന കത്തോലിക്കന്‍ കസ്റ്റഡിയില്‍വെച്ച് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഈ ആവശ്യം ശക്തമായത്. 2009 മുതല്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ കൊല്ലപ്പെടുന്ന ഏഴാമത്തെ ക്രൈസ്തവ വിശ്വാസിയാണ് ബഷീര്‍ മസി.

വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ നിരപരാധികളായ ക്രൈസ്തവര്‍ക്ക് നേരെ മതനിന്ദ ആരോപണം ഉന്നയിക്കുന്നത് രാജ്യത്തു പതിവ് സംഭവമാണ്. ഈ പശ്ചാത്തലത്തില്‍ കസ്റ്റഡിയില്‍ എടുക്കുന്ന ക്രൈസ്തവര്‍ വലിയ ഭീഷണി നേരിടുകയാണ്. ആധുനികവും ശാസ്ത്രീയവുമായ കുറ്റാന്വേഷണത്തിനായി പോലീസിന്റെ പരിഷ്കാരം ആവശ്യമാണെന്ന് കത്തോലിക്ക മെത്രാന്‍ സമിതിയുടെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ്‌ പീസ്‌ (എന്‍.സി.ജെ.പി) വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായ കാഷിഫ് അസ്ലം പറഞ്ഞു.

മനുഷ്യത്വരഹിതമായ കുറ്റാന്വേഷണ രീതികള്‍ പോലീസ് ഒഴിവാക്കണമെന്നും, മര്‍ദ്ദനം, അറസ്റ്റ്, തടവിലാക്കല്‍ വഴി കുറ്റം സമ്മതിപ്പിക്കുന്ന പതിവ് അവസാനിപ്പിക്കണമെന്നും അദ്ദേഹം ‘യു.സി.എ ന്യൂസ്’ന് നല്‍കിയ അഭിമുഖത്തിലൂടെ ആവശ്യപ്പെട്ടു. ലാത്തിയും, തുകല്‍ സ്ട്രാപ്പും കൊണ്ട് അടിക്കുക, കാലുകള്‍ നീട്ടിവെച്ച് ലോഹദണ്ഡുകള്‍ ഉപയോഗിച്ച് ചതയ്ക്കുക, തടവുകാരെ മറ്റുള്ളവര്‍ പീഡിപ്പിക്കുന്നത് കാണിക്കുക, ലൈംഗീകമായി പീഡിപ്പിക്കുക, ഉറങ്ങുവാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പ്രാകൃതവും കടുത്ത മാനസികവ്യഥ ഉളവാക്കുകയും ചെയ്യുന്ന പീഡനമുറകളാണ് പാക്കിസ്ഥാന്‍ പോലീസ് പിന്തുടരുന്നതെന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

സുരക്ഷാ സേനയുടെ അന്യായമായ കസ്റ്റഡി പീഡനം കുറ്റകരമാക്കുന്ന ‘പീഡനവും കസ്റ്റഡി മരണവും തടയലും ശിക്ഷയും' എന്ന ബില്‍ ഓഗസ്റ്റ് 1-ന് ദേശീയ അസംബ്ലി പാസ്സാക്കിയെങ്കിലും, ഈ ബില്‍ ഇപ്പോഴും സെനറ്റിന്റെ ആഭ്യന്തര സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയിലാണ്. സെനറ്റ്, ബില്‍ എത്രയും പെട്ടെന്ന് പാസ്സാക്കണമെന്നും അസ്ലം ആവശ്യപ്പെട്ടു. വാഹനം മോഷ്ടിച്ചു എന്ന മുന്‍ തൊഴിലുടമയായ ഇംതിയാസ് ചീമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചാബ് പ്രവിശ്യയിലെ സഫര്‍വാലി ഗ്രാമവാസിയായ ബഷീര്‍ മസി അറസ്റ്റിലാകുന്നത്. പിന്നീട് സാംബ്രിയാല്‍ ഏരിയയിലെ പോലീസ് സ്റ്റേഷന് സമീപമുള്ള ആശുപത്രിയില്‍ നിന്നും അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരിന്നു. രണ്ടു പോലീസുകാരും, സാധാരണ വസ്ത്രം ധരിച്ച ഒരാളും ഈ മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ആശുപത്രി ജീവനക്കാരന്‍ പറഞ്ഞിരിന്നു.

ക്രൈസ്തവരെ മര്‍ദ്ദിക്കുന്നത് സവാബ് (ആത്മീയ യോഗ്യത) ആയിട്ടാണ് പോലീസ് കാണുന്നതെന്നും, അവര്‍ ക്രൈസ്തവരെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുവാനാണ് ശ്രമിക്കുന്നതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. പോലീസ് കസ്റ്റഡിയിലുള്ളവരെ മര്‍ദ്ദിക്കുന്നതിന് നിയമം കയ്യിലെടുക്കുന്നതിനും പകരം അവരുടെ ജീവന്‍ രക്ഷിക്കുകയാണ് വേണ്ടതെന്നും മരണങ്ങള്‍ ഒന്നിനും പരിഹാരമല്ലെന്നും നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ്‌ പീസ്‌ (എന്‍.സി.ജെ.പി) വിഭാഗം ഫൈസലാബാദ് രൂപതാ ഡയറക്ടര്‍ ഫാ. ഖാലിദ് റഷീദ് അസി പറഞ്ഞു. പോലീസ് മര്‍ദ്ദനത്തിന്റെ ഏറ്റവും വലിയ ഇരകള്‍ മതന്യൂനപക്ഷങ്ങളായ ക്രൈസ്തവരാണെന്ന്‍ പാക്കിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷനും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. 2010-നും 2022-നും ഇടയിലുള്ള 12 വര്‍ഷങ്ങളില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച 21 പേരില്‍ 17 പേരും ക്രൈസ്തവരാണ്. ഇവരില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടിരിക്കുന്നത് പഞ്ചാബ് പ്രവിശ്യയിലാണ്.


Related Articles »