Purgatory to Heaven - July 2018

ആത്മാക്കളെ ശുദ്ധീകരിക്കുന്ന അഗ്നി

സ്വന്തം ലേഖകന്‍ 17-07-2018 - Tuesday

“ഞാൻ പറഞ്ഞു: അയ്യോ എനിക്കു ദുരിതം! ഞാൻ നശിച്ചു. എന്തെന്നാല്‍ ഞാന്‍ അശുദ്ധമായ അധരങ്ങൾ ഉള്ളവനും, അശുദ്ധമായ അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നവനുമാണ്. എന്തെന്നാല്‍ സൈന്യങ്ങളുടെ കര്‍ത്താവായ രാജാവിനെ എന്റെ നയനങ്ങള്‍ ദര്‍ശിച്ചിരിക്കുന്നു. അപ്പോൾ സെറാഫുകളിൽ ഒരുത്തൻ കൊടിൽകൊണ്ടു യാഗപീഠത്തിൽ നിന്നും ഒരു തീക്കനൽ എടുത്തു കയ്യിൽ പിടിച്ചുകൊണ്ടു എന്റെ അടുക്കൽ പറന്നുവന്നു, അതു എന്റെ അധരങ്ങളില്‍ തൊടുവിച്ചിട്ട് പറഞ്ഞു: ഇതാ, ഇതു നിന്റെ അധരങ്ങളില്‍ തൊട്ടതിനാൽ നിന്റെ മാലിന്യം നീക്കപ്പെട്ടു, നിന്റെ പാപത്തിന്നു പരിഹാരം വന്നിരിക്കുന്നു. നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു” (ഏശയ്യ 6:5-7).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-17

ശുദ്ധീകരണ സ്ഥലത്തില്‍ ആത്മാക്കളെ ശുദ്ധീകരിക്കുന്ന അഗ്നിയെപ്പറ്റി പല വിശുദ്ധരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ അഗ്നി നരകത്തിന്‍റെ അഗ്നിയില്‍ നിന്നും വ്യത്യസ്തമാണ് എന്നു നാം മനസ്സിലാക്കണം. ശുദ്ധീകരണസ്ഥലത്തെ അഗ്നിയെപ്പറ്റി വി. പൗലോസ് ശ്ലീഹാ നമ്മെ പഠിപ്പിക്കുന്നുണ്ട്. "..ഒരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്ന് അഗ്നി തെളിയിക്കുകയും ചെയ്യും. ആരുടെ പണി നില്നില്‍ക്കുന്നുവോ അവന്‍ സമ്മാനിതനാകും. ആരുടെ പണി അഗ്നിക്കിരയാകുന്നുവോ അവന്‍ നഷ്ടം സഹിക്കേണ്ടി വരും. എങ്കിലും അഗ്നിയിലൂടെയെന്ന പോലെ മാത്രം അവന്‍ രക്ഷ പ്രാപിക്കും" (1 കൊറി 3:13-15).

വിചിന്തനം:

ഇപ്പോള്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരും, തിന്മയാല്‍ നയിക്കപ്പെടുന്നവരുമായ മഹാ പാപികളുടെ മാനസാന്തരത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുക. ശുദ്ധീകരണസ്ഥലത്ത് എത്തുന്നതിന് മുന്‍പേ തന്നെ അവരുടെ മനപരിവര്‍ത്തനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുക. പാപികളുടെ മാനസാന്തരത്തിന് വേണ്ടി ഒരു വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുക. നിങ്ങളെ വേദനിപ്പിച്ചിട്ടുള്ളവര്‍ക്കും നിങ്ങള്‍ ശത്രുക്കളായി കണ്ടവര്‍ക്കും വേണ്ടിയും ഒരു വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »