News - 2024

''നിങ്ങൾ കുപ്പത്തൊട്ടിയില്‍ എറിഞ്ഞത് മാർപാപ്പയുടെ നിർദേശങ്ങള്‍, അതിൽ മനസ്താപമില്ലെങ്കിൽ നിങ്ങൾ കത്തോലിക്കരാണോ?": മാര്‍ തോമസ് തറയില്‍

പ്രവാചകശബ്ദം 04-10-2022 - Tuesday

സീറോ മലബാര്‍ സഭയില്‍ പ്രാബല്യത്തില്‍ വരുത്തിയ ഏകീകൃത കുര്‍ബാന ക്രമത്തിന് വിരുദ്ധമായി നില്‍ക്കുന്നവരെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തുക്കൊണ്ട് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ഇന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം വിഷയം വീണ്ടും പങ്കുവെച്ചിരിക്കുന്നത്. സർക്കുലർ കുപ്പത്തൊട്ടിയിലിട്ടു എന്നൊക്കെ പറയാൻ രസവും ആവേശവുമുണ്ടെന്നും പക്ഷേ ആ സർക്കുലറിൽ പറഞ്ഞിരിക്കുന്നത് ഫ്രാൻസിസ് മാർപ്പാപ്പയുടെ നിർദേശം പാലിക്കാനാണെന്നും അപ്പോൾ, കുപ്പത്തൊട്ടിയിലെറിഞ്ഞത് മാർപാപ്പയുടെ നിർദേശങ്ങളാണെന്നും മാര്‍ തോമസ് തറയില്‍ ചൂണ്ടിക്കാട്ടി.

കുർബാനയുടെ സമയത്തു വെറും 15 മിനിട്ടു അച്ചൻ അള്‍ത്താരയിലേക്ക് നോക്കി പ്രാർത്ഥിച്ചാൽ എന്താണിത്ര പ്രശ്നം എന്ന് അന്ധാളിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളുണ്ട് സിറോ മലബാർ സഭയിൽ. ജനാഭിമുഖ കുർബാന സിനഡ് നിർത്തലാക്കിയിട്ടില്ല. അൾത്താരാഭിമുഖവും കൂടി കൂട്ടിച്ചേർത്തെന്നെ ഉള്ളു. ഇപ്പോഴും കുർബാനയിൽ കൂടുതൽ സമയവും വൈദികൻ ജനാഭിമുഖമായിട്ടാണ് നിൽക്കുന്നത്. 15 മിനിട്ടു അൾത്താരാഭിമുഖവും ബാക്കി സമയം ജനാഭിമുഖവും നില്ക്കാൻ പറയുന്നത് ഇത്ര വലിയ ഒരു 'വഞ്ചന'യാണോയെന്നും ബിഷപ്പ് ചോദ്യമുയര്‍ത്തി. മാർപാപ്പയോടൊപ്പമാണെന്നു പറയുകയും മാർപാപ്പയ്ക്ക് ദുഃഖം ഉണ്ടാകുന്ന തരത്തിൽ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ കുപ്പത്തൊട്ടിയിൽ എറിയുകയും ചെയ്യുന്നത് വിരോധാഭാസമാണെന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്/.

മാര്‍ തോമസ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ‍

ജനാഭിമുഖ കുർബാന സിനഡ് നിർത്തലാക്കിയിട്ടില്ല....അൾത്താരാഭിമുഖവും കൂടി കൂട്ടിച്ചേർത്തെന്നെ ഉള്ളു. ഇപ്പോഴും കുർബാനയിൽ കൂടുതൽ സമയവും വൈദികൻ ജനാഭിമുഖമായിട്ടാണ് നിൽക്കുന്നത്.

കുർബാനയുടെ സമയത്തു വെറും 15 മിനിട്ടു അച്ചൻ അള്‍ത്താരയിലേക്ക് നോക്കി പ്രാർത്ഥിച്ചാൽ എന്താണിത്ര പ്രശ്നം എന്ന് അന്ധാളിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളുണ്ട് സിറോ മലബാർ സഭയിൽ!!! അതിന്റെ പേരിൽ എന്തിനാണ് മെത്രാനെ ഖെരാവോ ചെയ്യുന്നതെന്നും ജനങ്ങളെ വികാരം കൊള്ളിച്ചു മാര്പാപ്പക്കും സിനഡിനുമെതിരെ മുദ്രാവാക്യം വിളിപ്പിക്കുന്നതെന്നും മെത്രാനെ അനുസരിക്കാൻ തയ്യാറാകുന്ന വൈദികരെ തടയാൻ ആൾക്കാരെ സംഘടിപ്പിക്കുന്നതെന്നും മാർപ്പാപ്പയുടെ നിർദ്ദേശങ്ങളടങ്ങിയ സർക്കുലർ കത്തിക്കാൻ ആളെ കൂട്ടുന്നതെന്നും അവർക്കു മനസ്സിലാകുന്നില്ല.

15 മിനിട്ടു അൾത്താരാഭിമുഖവും ബാക്കി സമയം ജനാഭിമുഖവും നില്ക്കാൻ പറയുന്നത് ഇത്ര വലിയ ഒരു 'വഞ്ചന' യാണോ? ജനങ്ങൾക്കിതൊന്നും സാധാരണഗതിയിൽ ഒരു പ്രശ്നമേയല്ലെന്നതാണ് വാസ്തവം. കാരണം അവർ മുഴുവൻ സമയവും അൾത്താരയിൽ നോക്കിയാണ് നിൽക്കുന്നത്. അല്ലാതെ വട്ടത്തിലിരുന്നൊന്നുമല്ല ജനങ്ങൾ കുർബാനയിൽ പങ്കെടുക്കുന്നത്. അപ്പോൾ പിന്നെ അച്ചനും കൂടെ ഇത്തിരി നേരം സക്രാരിയെ നോക്കി പ്രാർത്ഥിച്ചെന്നുവച്ചു എന്ത് സംഭവിക്കാൻ !!! സാധാരണ വിശ്വാസിയുടെ ചില അമ്പരപ്പുകൾ ഇവയൊക്കെയാണ്.

കൊന്തനമസ്കാരം, വിശുദ്ധരെ വണക്കം, ഭക്താഭ്യാസങ്ങൾ - ഇവയെല്ലാം തുടരുമെന്നും പിതാവ് കൃത്യമായി പറയുന്നു. പിന്നെ എന്താണ് പ്രശ്നം? ദുരഭിമാനവും പ്രാദേശികവാദവും അല്ലെങ്കിൽ പിന്നെ എന്ത്?

സർക്കുലർ കുപ്പത്തൊട്ടിയിലിട്ടു എന്നൊക്കെ പറയാൻ രസമുണ്ട്, ആവേശവുമുണ്ട്. പക്ഷെ ആ സർക്കുലറിൽ പറഞ്ഞിരിക്കുന്നത് ഫ്രാൻസിസ് മാർപ്പാപ്പയുടെ നിർദേശം പാലിക്കാനാണ്. അപ്പോൾ, നിങ്ങൾ കുപ്പത്തൊട്ടിയിലെറിഞ്ഞത് മാർപ്പാപ്പയുടെ നിർദേശങ്ങളാണ്. മാർപ്പാപ്പയോടൊപ്പമാണെന്നു പറയുകയും മാർപ്പാപ്പയ്ക്ക് ദുഃഖം ഉണ്ടാകുന്ന തരത്തിൽ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ കുപ്പത്തൊട്ടിയിൽ എറിയുകയും ചെയ്യുന്നത് എന്ത് വിരോധാഭാസമാണ്.