News - 2024

കാർമ്മികനെ അമ്പരിപ്പിച്ചുകൊണ്ട് പോപ്പ് ഫ്രാൻസിസ് എത്തി; വിശ്വാസികളോട് ചേർന്ന് ഒന്നാം നിരയിലെ ബഞ്ചിൽ ഇരുന്നു.

ജേക്കബ് സാമുവേൽ 26-08-2015 - Wednesday

വത്തിക്കാൻ സിറ്റി (CNS): വിശ്വാസപരിശീലകരോട് പ്രത്യേക വാൽസല്ല്യം പുലർത്തിയിരുന്ന പിതാവായിരുന്നു വിശുദ്ധ പത്താം പിയൂസ് മാർപ്പാപ്പ. 1908-ൽ ഒരു മതബോധകപാഠപ്പുസ്തകം തന്നെ അദ്ദേഹം രചിച്ചിരുന്നു.

അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണോസ് അയേർസിലെ ആർച്ച് ബിഷപ്പായിരുന്ന കാലം മുതൽ, വിശ്വാസപരിശീലകർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തുന്നത് പോപ്പ് ഫ്രാൻസിസിന്റെ പതിവാണ്‌.

ഈ വർഷവും വിശുദ്ധ പത്താം പിയ്യൂസിന്റെ തിരുനാളായിരുന്ന ആഗസ്റ്റ് 21-ന്‌ പരിശുദ്ധ പിതാവ് സ്വകാര്യ കുർബ്ബാന അർപ്പിച്ചു. കൂടാതെ, സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ വിശുദ്ധ പത്താം പിയ്യൂസിന്റെ കബറിടത്തിൽ വിശ്വാസപരിശീലകർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും തയ്യാറായി. രാവിലത്തെ 7 മണി കുർബ്ബാനയിൽ സംബന്ധിക്കുവാൻ 70-ഓളം ദൈവജനം, കബറിടത്തിന്‌ മുന്നിൽ തയ്യാറാക്കിയിരുന്ന ബഞ്ചൂകളിൽ പ്രാർത്ഥനാപൂർവ്വം സന്നിഹിതനായിരുന്നപ്പോളാണ്‌ ഈ അൽഭുത പെരുമാറ്റം നടന്നത്. അതായത്, പോപ്പ് ഫ്രാൻസിസ് എത്തി വിശ്വാസികളോട് ചേർന്ന് ഒന്നാം നിരയിലെ ബഞ്ചിൽ ഇരുന്നു.

ഈ സംഭവം വത്തിക്കാൻ മുഖ്യപത്രമായ, 'ല ഒസ്സർവേറ്റോർ റോമാനോ‘ അറിയിച്ചത് ഇപ്രകാരമാണ്‌:- സർവ്വകാർമ്മിക ശ്രേഷ്ഠനായ മാർപ്പാപ്പ ബെഞ്ചിലിരിക്കുന്നത് കണ്ട് വെപ്രാളപ്പെട്ട് സങ്കീർത്തിയിലേക്ക് ഒരു ബസ്സിലിക്ക ഉദ്യോഗസ്ഥൻ ഓടിക്കയറിയപ്പോൾ, അവിടെയുണ്ടായിരുന്ന വിദേശകാര്യാലയത്തിലെ ഉദ്യോഗസ്ഥൻ കൂടിയായ, മോൺസിഞോർ ലൂസിയോ ബൊണോറായും രണ്ടു അച്ഛന്മാരും മാൾട്ടായിൽ നിന്നുള്ള അൾത്താര ബാലകരും ചേർന്ന് പിയൂസ്സിന്റെ ബലിപീഠത്തിലേക്ക് നീങ്ങുന്നതാണ്‌ കണ്ടത്. അയാൾ മോൺസിജ്ഞറോട് വിളിച്ചു പറഞ്ഞു; “പിയൂസ്സിന്റെ അൾത്താരയിൽ പോപ്പ് എത്തിയിരിക്കുന്നു”. (സഭാകാർമ്മികത്ത മര്യാദാ നിയമമനുസരിച്ച്, മാർപ്പാപ്പയുടെ സാന്നിദ്ധ്യത്തിൽ, ഒരു പുരോഹിതൻ കുർബ്ബാന അർപ്പണത്തിന്‌ മുഖ്യ കാർമ്മികത്വം വഹിക്കാൻ പാടില്ല) “ഞാൻ എന്തുചെയ്യണം? തിരിച്ചു പോകട്ടേ?” മോൺസിജ്ഞോർ ചോദിച്ചു. “വേണ്ടാ, വേണ്ടാ, മുന്നോട്ട് തന്നെ നീങ്ങിക്കൊള്ളു”. ഉദ്യോഗസ്ഥൻ നിർദ്ദേശം കൊടുത്തു.

റാസ്സ ആൾത്താരയോടടുത്തപ്പോൾ മോൺ. ബോണോറ പോപ്പിന്റെ മുഖത്തേക്ക് നോക്കി. കുർബ്ബാന അർപ്പിച്ചുകൊള്ളാൻ പോപ്പ് തലകൊണ്ട് സമ്മതം കൊടുത്തപ്പോഴാണ്‌ ബൊണോറാക്ക് സമാധാനമായത്.

കുർബ്ബാനാർപ്പണ മദ്ധ്യേയുള്ള സമാധാന അടയാളം വരച്ച സമയത്ത്, മോൺസിജ്ഞോർ പടിയിറങ്ങി വന്ന് പോപ്പിന്‌ കൈമുത്തം കൊടുത്തു. ആ ചെറുകൂട്ടത്തിൽ വരിയിൽ നിന്ന് കൊണ്ട് പോപ്പ് കുർബാന സ്വീകരിക്കുകയും ചെയ്തു.

കുർബ്ബാനക്ക് ശേഷം, ബസ്സലിക്കയുടെ പുറത്ത് വച്ച്, ആകെ ആശയക്കുഴപ്പത്തിലായിരുന്ന മോൺസിജ്ഞറിനോട് പോപ്പ് പറഞ്ഞു. “അർജന്റീനയിലായിരുന്നപ്പോൾ എല്ലാ വർഷവും ഞാൻ വിശുദ്ധ പിയൂസ്സിന്റെ കബറിടത്തിൽ പോകുകയും എല്ലാ വിശ്വാസപരിശീലകന്മാരേയും തിരുക്കരങ്ങളിലേല്പിച്ചു കൊണ്ട് പ്രാർത്ഥിക്കുകയും പതിവായിരുന്നു”.

പിന്നീട്, മോൺ. ബൊണോറാ പത്ര ലേഖകനോട് പറഞ്ഞു: “പിയ്യൂസ്സ് പത്താമനും ഫ്രാൻസിസ് പോപ്പിനും ഒരേ ചിന്താശൈലിയാണ്‌-പുരോഹിതരും വിശ്വാസികളും സഹോദരന്മാരും സഹോദരിമാരുമാണെന്നുള്ള ഒരു സഭാ ശൈലി- -ആഗോള സഭയുടെ സേവനത്തിനായി ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സാധാരണ മനുഷ്യന്റെ ശൈലി-സകല വിശ്വാസികളോടും കൂടെ ലാളിത്തത്തോടും, ഏളിമയോടും, വിശുദ്ധന്മാരുടെ മാതൃകയോടും കൂടി നടന്നു നീങ്ങുന്ന ശൈലി”.

“സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും” :(മത്തായി 5:5)