News - 2024

ചൈനയില്‍ ക്രൈസ്തവര്‍ക്കെതിരായ പീഡനം കൂടുതല്‍ ശക്തമായെന്ന് അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടന

പ്രവാചകശബ്ദം 10-10-2022 - Monday

ബെയ്ജിംഗ്: ചൈനയിലെ ക്രൈസ്തവര്‍ക്കും ദേവാലയങ്ങള്‍ക്കും എതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ചൈനീസ് ഭരണകൂടം അടിച്ചമര്‍ത്തല്‍ കൂടുതല്‍ കര്‍ക്കശമാക്കിയെന്ന് അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടനയായ ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ (ഐ.സി.സി). ക്രിസ്ത്യന്‍ സ്കൂളുകളില്‍ അതിക്രമിച്ച് കയറിയുള്ള പരിശോധനകള്‍, മുപ്പത്തിരണ്ടോളം അറസ്റ്റുകള്‍ എന്നിവ ഉള്‍പ്പെടെ ചൈനയില്‍ ഉടനീളം ക്രൈസ്തവര്‍ക്കെതിരായ മതപീഡനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന്‍ വ്യക്തമാക്കുന്ന വിശദമായ റിപ്പോര്‍ട്ട് സംഘടന പുറത്തുവിട്ടിട്ടുണ്ട്. മതവിശ്വാസികളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുകയും സംരക്ഷിക്കുകയുമാണ്‌ ‘ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) പ്രഥമ പരിഗണനയെന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുന്നതിനിടയിലാണ് ഈ അതിക്രമങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രൈസ്തവരുടെ വിശ്വാസപരമായ ജീവിതത്തിന്റെ എല്ലാമേഖലകളിലും ഇടപെടുവാനും തങ്ങളുടെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുവാനും അവരെ നിയന്ത്രിക്കുകയെന്നതാണ് ചൈനയിലെ മതസ്വാതന്ത്ര്യമെന്നും ‘ഐ.സി.സി’യുടെ തെക്ക്-കിഴക്കേ ഏഷ്യന്‍ റീജിയണല്‍ മാനേജര്‍ ജിന ഗോ പറയുന്നു. ഇക്കാലയളവില്‍ നടന്ന മുഴുവന്‍ സംഭവങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പ്രത്യേകം പറയുന്നുണ്ട്. കുഷാന്‍ ദ്വീപിലെ ചൈനീസ് ക്രൈസ്തവരുടെ ബോട്ടുകളില്‍ നിന്നും 90 കുരിശുകള്‍ നീക്കം ചെയ്ത സംഭവം ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടി. ചൈനയില്‍ ഇത്തരം സംഭവങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ടുള്ളതിനാല്‍ ഇതുപോലുള്ള നിരവധി സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല എന്ന വസ്തുതയും നിലനില്‍ക്കുന്നുണ്ട്. ക്രിസ്ത്യന്‍ സ്കൂളില്‍ നടന്ന 5 റെയ്ഡുകളും, സാമൂഹ്യ നിയന്ത്രണങ്ങളുടേതായ 39 സംഭവങ്ങളും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു.

വാടക ഉടമ്പടികള്‍ റദ്ദാക്കുവാന്‍ ഭൂവുടമകളില്‍ സമ്മര്‍ദ്ധം ചെലുത്തുക, സ്കൂളുകളില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ പ്രത്യേകം നിരീക്ഷിക്കുക തുടങ്ങിയ ഹീനമായ മാര്‍ഗ്ഗങ്ങളിലൂടെ ഭവനകേന്ദ്രീകൃത ദേവാലയങ്ങളെ സര്‍ക്കാര്‍ അംഗീകൃത പാട്രിയോട്ടിക് സഭയില്‍ ചേരുവാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുപ്പത്തിരണ്ടോളം ക്രൈസ്തവരെ അറസ്റ്റ് ചെയ്ത് തടവിലാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. വിശ്വാസത്തിനെതിരായ ചൈനയുടെ കിരാത നടപടികള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ശബ്ദമുയര്‍ത്തേണ്ട കാലം അതിക്രമിച്ചുവെന്നു ‘ഐ.സി,സി’ തെക്ക്-കിഴക്കേ ഏഷ്യന്‍ അഡ്വക്കസി മാനേജറായ ജേ ചര്‍ച്ച് പറഞ്ഞു. ചൈന എയിഡ്, യൂണിയന്‍ കാത്തലിക് ഏഷ്യാ ന്യൂസ്, റേഡിയോ ഫ്രീ ഏഷ്യ തുടങ്ങിയ ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളും റിപ്പോര്‍ട്ടിനായി ഉപയോഗിച്ചിട്ടുണ്ട്.


Related Articles »