Arts - 2024

പൈശാചിക വീഡിയോകളുടെ സ്വാധീനത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ടിക് ടോക് ചാനലുമായി അമേരിക്കൻ ഭൂതോച്ചാടകൻ

പ്രവാചകശബ്ദം 28-10-2022 - Friday

വാഷിംഗ്ടൺ ഡി‌.സി: പൈശാചിക വീഡിയോകളുടെ സ്വാധീനത്തിൽ നിന്നും കുട്ടികളെ രക്ഷിക്കുകയെന്ന ലക്ഷ്യവുമായി പ്രമുഖ ഭൂതോച്ചാടകനും വാഷിംഗ്ടൺ അതിരൂപതയിലെ വൈദികനുമായ ഫാ. സ്റ്റീഫൻ റൊസറ്റി ആരംഭിച്ച ടിക് ടോക് ചാനൽ ശ്രദ്ധ നേടുന്നു. 71 വയസ്സുള്ള ഫാ. റൊസറ്റി കഴിഞ്ഞ മാസമാണ് അദ്ദേഹം ടിക് ടോക് ചാനലിന് തുടക്കമിടുന്നത്. വിച്ചിടോക്, ഫോക്ക് കത്തോലിസിസം, എന്നീ ഹാഷ്ടാഗുകളുള്ള വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഫാ. സ്റ്റീഫൻ റൊസറ്റിയെ നയിച്ചത്. മന്ത്രവാദവുമായി ബന്ധപ്പെട്ട വീഡിയോകളാണ് ഈ ഹാഷ്ടാഗുകളില്‍ ദൃശ്യമാകുന്നത്.

ഒരുപാട് യുവജനങ്ങൾ ദേവാലയത്തിൽ പോകാറില്ലെന്നും, അവർക്ക് ആവശ്യമായ മതബോധനം ലഭിക്കാറില്ലായെന്നും, അതിനാൽ അപകടകരമായ പ്രദേശത്ത് കൂടി അവർ അലഞ്ഞു തിരിയുകയാണെന്നും ബുധനാഴ്ച കാത്തലിക്ക് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഫാ. റൊസറ്റി പറഞ്ഞു. ടിക് ടോക് ചാനൽ തുടങ്ങിയതിനുശേഷം ലഭിക്കുന്ന പ്രതികരണങ്ങളിൽ ഫാ. റൊസറ്റി സന്തോഷവാനാണ്. ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്ന് യുവജനങ്ങൾ ഇക്കാര്യത്തിൽ താല്പര്യമുള്ളവരാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്നും ഇത് ആ വിഭാഗത്തെ സുവിശേഷവത്കരിക്കാനുള്ള ഒരു അവസരമാണെന്നും അദ്ദേഹം പറഞ്ഞു.

ഇൻസ്റ്റഗ്രാമിൽ ഇരുപതിനായിരത്തിന് മുകളിൽ ആളുകൾ പിന്തുടരുന്ന ഫാ. റൊസറ്റിയെ ടിക് ടോകിൽ നാലായിരത്തോളം ആളുകളാണ് പിന്തുടരുന്നത്. 'സാത്താൻ നമ്മുടെ മനസ്സ് വായിക്കാൻ സാധിക്കുമോ', 'സാത്താനെ കണ്ടാൽ എങ്ങനെയാണ് ഇരിക്കുന്നത്' തുടങ്ങിയ വീഡിയോകൾ ഒരു ലക്ഷത്തോളം ആളുകളാണ് ഇതുവരെ കണ്ടത്. ഫാ. സ്റ്റീഫൻ രൂപം നൽകിയ സെന്റ് മൈക്കിൾസ് സെന്റർ ഫോർ സ്പിരിച്വൽ റിന്യൂവലിന്റെ സാമൂഹ്യ മാധ്യമ ഉപദേശകനാണ് വീഡിയോകൾ എഡിറ്റ് ചെയ്യുന്നത്. ആത്മീയ വേദന അനുഭവിക്കുന്നവർക്ക്, സൗഖ്യവും, വിമോചനവും നൽകുന്ന ശുശ്രൂഷയാണ് സെന്റ് മൈക്കിൾസ് സെന്റർ ഫോർ സ്പിരിച്വൽ റിന്യൂവൽ നിർവഹിക്കുന്നത്. എല്ലാ മാസവും ഇവര്‍ ഓൺലൈൻ പ്രാർത്ഥന ശുശ്രൂഷ സംഘടിപ്പിക്കാറുണ്ട്. ഈ മാസത്തെ പ്രാർത്ഥനയിൽ മാത്രം 12,500 ആളുകളാണ് പങ്കെടുത്തത്.


Related Articles »