News - 2024

സൊമാലിയയിലെ ഇസ്ലാമിക തീവ്രവാദി ആക്രമണത്തിന് ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 31-10-2022 - Monday

വത്തിക്കാന്‍ സിറ്റി: ഇസ്ലാമിക തീവ്രവാദി സംഘടനയായ അല്‍ക്വയ്ദയുടെ സൊമാലിയന്‍ വിഭാഗം തലസ്ഥാനമായ മൊഗാദിഷുവില്‍ നടത്തിയ കാര്‍ ബോംബാക്രമണങ്ങളില്‍ ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ. തിന്മക്കും മരണത്തിനുമെതിരായ ക്രിസ്തുവിന്റെ വിജയം ആഘോഷിക്കുമ്പോള്‍, കുട്ടികളടക്കം നൂറിലധികം പേര്‍ കൊല്ലപ്പെട്ട മൊഗാദിഷുവിലെ തീവ്രവാദി ആക്രമണത്തിനിരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് പാപ്പ പറഞ്ഞു. അക്രമികളുടെ ഹൃദയങ്ങളില്‍ ദൈവം മനപരിവര്‍ത്തനം ഉണ്ടാക്കട്ടെയെന്നും ഇന്നലെ ഒക്ടോബര്‍ 30-ലെ ആഞ്ചലൂസ് പ്രാര്‍ത്ഥനക്ക് ശേഷം സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ചുകൂടിയ വിശ്വാസികളോടായി പാപ്പ പറഞ്ഞു.

ഇക്കഴിഞ്ഞ ശനിയാഴ്ച ഇസ്ലാമിക തീവ്രവാദികളുടെ നേതൃത്വത്തില്‍ സൊമാലിയയിലുണ്ടായ കാര്‍ ബോംബാക്രമണങ്ങളില്‍ നൂറോളം പേര്‍ കൊല്ലപ്പെടുകയും, മുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൊമാലിയന്‍ പ്രസിഡന്റ് ഹസ്സന്‍ ഷെയിഖ് മൊഹമ്മദ് സ്ഥിരീകരിച്ചു. അല്‍ക്വയ്ദയുടെ സൊമാലിയന്‍ വിഭാഗമായ അല്‍-ഷബാബ് ആണ് ആക്രമണത്തിന്റെ പിന്നില്‍. സൊമാലിയന്‍ വിദ്യാര്‍ത്ഥികളെ ഇസ്ലാമിക വിശ്വാസത്തില്‍ നിന്നും അകറ്റുന്ന സൊമാലിയന്‍ വിദ്യാഭ്യാസ മന്ത്രാലയമാണ് തങ്ങളുടെ ലക്ഷ്യമെന്നു അല്‍-ഷബാബ് നേരത്തെ പ്രസ്താവിച്ചിരിന്നു. ദക്ഷിണ കൊറിയയില്‍ നടന്ന ഹാലോവീന്‍ ആഘോഷത്തിനിടയില്‍ അപ്രതീക്ഷിതമായുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് മരണപ്പെട്ടവര്‍ക്ക് വേണ്ടിയും പാപ്പ പ്രാര്‍ത്ഥിക്കുകയുണ്ടായി.


Related Articles »