India

ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഭക്തിനിര്‍ഭരമായ തുടക്കം

സ്വന്തം ലേഖകന്‍ 20-07-2016 - Wednesday

ഭരണങ്ങാനം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു ഭരണങ്ങാനത്തെ തീർഥാടന കേന്ദ്രത്തി‍ൽ കൊടിയേറി. പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റിയതോടെ 10 ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാളിന് തുടക്കമായി. കാന‍‍‍‍ഡ ആർച്ച് ബിഷപ് മൈക്കിൾ മെൾഹൽ, മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, രൂപതാ വികാരി ജനറൽ മോൺ ജോസഫ് കുഴിഞ്ഞാലിൽ, തീർഥാടനകേന്ദ്രം റെക്ടർ ഫാ. ബർക്കുമാൻസ് കുന്നുംപുറം, വികാരി ഫാ. അഗസ്റ്റിൻ കൊഴുപ്പൻകുറ്റി, അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് പാറയ്ക്കൽ, ഫാ. കുര്യൻ വരിക്കമാക്കൽ തുടങ്ങിയവർ സന്നിദ്ധരായിരിന്നു. ആഘോഷങ്ങള്‍ ഒഴിവാക്കി പ്രാർഥനാപൂർവം ആഘോഷിക്കുന്ന തിരുനാളിൽ പങ്കെടുക്കാൻ രാജ്യത്തിന് അകത്തു നിന്നും പുറത്തുനിന്നും അനേകരാണെത്തുന്നത്.

ദൈവം സ്വർഗത്തിൽനിന്നയച്ച മാലാഖയാണ് വിശുദ്ധ അൽഫോൻസാമ്മയെന്നു മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ദൈവത്തിന്റെ സാമീപ്യം, പരിശുദ്ധി എന്നിവയെല്ലാം നമുക്കു പകർന്നു നൽകുന്നവരാണ് വിശുദ്ധർ. ദൈവ കാരുണ്യത്തിന്റെ ആത്മീയത പഠിപ്പിക്കുന്ന ഇടമാണിത്. കരുണയും വിശുദ്ധിയും ജീവിതത്തിൽ കൊണ്ടുനടക്കാൻ നമുക്കു കഴിയണമെന്നു ബിഷപ് പറഞ്ഞു. രാവിലെ കൊടിയേറ്റിനെ തുടർന്നുള്ള വിശുദ്ധ കുർബാനയ്ക്കു പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ജോൺ പാളിത്തോട്ടം, ഫാ. ജോസഫ് നരിതൂക്കിൽ തുടങ്ങിയവർ സഹകാർമികരായി. നൂറുകണക്കിനു വിശ്വാസികൾ തിരുക്കർമങ്ങളിൽ പങ്കെടുത്തു.

ഇന്നലെ രാവിലെമുതൽ വിശുദ്ധ അൽഫോൻസാ തീർഥാടന കേന്ദ്രത്തിലേക്കു വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം തുടരുകയാണ്. ഫാ. ഏബ്രഹാം കണിയാംപടിക്കൽ, ഫാ. മാത്യു പുല്ലുകാലാ, റവ. ഡോ. ഡൊമിനിക് വെച്ചൂർ, ഫാ. മാത്യു തടത്തിൽ, ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളിൽ, റവ. ഡോ. ജോർജ് ഓലിയപ്പുറം എന്നിവർ ഇന്നലെ വിവിധ സമയങ്ങളിൽ കുർബാന അർപ്പിച്ചു. വൈകിട്ട് 6.30നു ജപമാല–മെഴുകുതിരി പ്രദക്ഷിണം ആരംഭിച്ചു. കത്തിച്ച മെഴുകുതിരികളുമായി ഒട്ടേറെ വിശ്വാസികൾ പ്രദക്ഷിണത്തിൽ പങ്കെടുത്തു. ഫാ. ജോസഫ് തെങ്ങുംപള്ളി നേതൃത്വം നൽകി.

24ന് രാവിലെ 11ന് സീറോ മലങ്കരസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. താമരശ്ശേരി രൂപത അദ്ധ്യക്ഷന്‍ മാര്‍ റെമഞ്ചിയോസ് ഇഞ്ചനാനിയില്‍, ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, ബിഷപ്പ് ഡോ. ആര്‍. ക്രിസ്തുദാസ്, മാര്‍ എഫ്രേം നരികുളം, ബിഷപ് റവ. ഡോ. ജോര്‍ജ് അന്തോണിസ്വാമി, ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. 27നു വൈകുന്നേരം 6.30നു പ്രധാന ദേവാലയത്തില്‍ നിന്നും അല്‍ഫോന്‍സാമ്മ സന്യാസജീവിതം നയിച്ചു മരിച്ച മഠം ചാപ്പലിലേക്ക് ജപമാല പ്രദക്ഷിണം ഉണ്ടായിരിക്കും.

പ്രധാന തിരുനാള്‍ ദിനമായ 28ന് രാവിലെ 10ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. അന്ന്‍ പുലര്‍ച്ചെ നാലു മുതല്‍ രാത്രി 8.30 വരെ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. അന്നേ ദിവസം രാവിലെ 7.30 മുതല്‍ എല്ലാവര്‍ക്കും നേര്‍ച്ചയപ്പം വിതരണം ചെയ്യും. ഉച്ചയ്ക്ക് 12ന് തിരുനാള്‍ ജപമാല പ്രദക്ഷിണവും നടക്കും. കരുണയുടെ വര്‍ഷാചരണത്തിന്റെ ഭാഗമായി 24 മണിക്കൂറും തീര്‍ത്ഥാടന ദേവാലയം പ്രാര്‍ത്ഥനയ്ക്കായി തുറന്നിരിക്കുകയാണ്. തീര്‍ത്ഥാടന ദേവാലയത്തിലെ കരുണയുടെ വാതിലിലൂടെ പ്രവേശിക്കുന്നവര്‍ക്ക് പൂര്‍ണ ദണ്ഡവിമോചനം പ്രാപിക്കാം.