News - 2024

ഞായറാഴ്ച കടത്തിനു നല്‍കിയ ഇളവ് പിന്‍വലിച്ച് ചിക്കാഗോ മെത്രാപ്പോലീത്ത

പ്രവാചകശബ്ദം 15-11-2022 - Tuesday

ചിക്കാഗോ: കോവിഡ് 19 പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി തിരുസഭ നിയമപ്രകാരം കടമുള്ള ഞായറാഴ്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതില്‍ നിന്നും (ഞായറാഴ്ച കടം) അമേരിക്കയിലെ ചിക്കാഗോയിലെ കത്തോലിക്കര്‍ക്ക് നല്‍കിയിരുന്ന ഇളവ് റദ്ദാക്കി. പുതിയ ആരാധനാക്രമ വത്സരത്തിന് ആരംഭം കുറിക്കുന്ന ആഗമന കാലത്തെ ആദ്യ ഞായറാഴ്ച മുതല്‍ ഞായറാഴ്ച കടത്തില്‍ നിന്നും വിശ്വാസികള്‍ക്ക് നല്‍കിയിരുന്ന ഇളവ് പിന്‍വലിക്കുകയാണെന്ന് ചിക്കാഗോ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ബ്ലെസ് കുപ്പിച്ച് പ്രസ്താവിച്ചു. ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും മുഴുവന്‍ കുര്‍ബാനയിലും പങ്കുകൊള്ളണമെന്ന തിരുസഭ നിയമത്തില്‍ ഇളവ് നല്കാന്‍ അതാതു രൂപതാധ്യക്ഷന്‍മാര്‍ക്ക് മാത്രമേ പറ്റുകയുള്ളൂ. ഇത്തരത്തില്‍ നല്കിയ ഇളവാണ് പിന്‍വലിച്ചത്. തന്റെ ഉപദേശകരുമായുള്ള മതിയായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നു കര്‍ദ്ദിനാള്‍ പുറത്തുവിട്ട കത്തില്‍ പറയുന്നു.

ഇത് ദേവാലയങ്ങളില്‍ മടങ്ങി എത്തുന്നതിനുള്ള സമയമാണെന്ന്‍ ഓര്‍മ്മിപ്പിച്ച കര്‍ദ്ദിനാള്‍, കത്തോലിക്ക സമൂഹങ്ങളെ ഒന്നിപ്പിക്കുന്നതിനായി ആഗമന കാലത്തിന്റെ ആദ്യ ഞായറാഴ്ച വിശ്വാസികള്‍ തങ്ങളുടെ ജ്ഞാനസ്നാന വാഗ്ദാനം പുതുക്കണമെന്നും ആഹ്വാനം ചെയ്തു. പരസ്പര സഹകരണം ഏറ്റവും കൂടുതല്‍ ആവശ്യമായ ആ സമയത്ത് നമ്മള്‍ക്ക് സ്വയം വേര്‍പിരിയേണ്ടതായി വന്നു. സങ്കടകരമെന്ന് പറയട്ടേ, ദേവാലയവും അതുവഴിയുള്ള ബന്ധങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പകര്‍ച്ചവ്യാധി സമ്മാനിച്ച വെല്ലുവിളികളെ നേരിടുന്നതില്‍ അതിരൂപതയും, വിശ്വാസികളും കാണിച്ച കൂട്ടായ പ്രതികരണത്തില്‍ തനിക്ക് അഭിമാനമുണ്ടെന്ന് പറഞ്ഞ കര്‍ദ്ദിനാള്‍ തത്സമയ സംപ്രേഷണം, പ്രാര്‍ത്ഥനാ ലൈനുകള്‍ ഉള്‍പ്പെടെ വിശ്വാസികളെ ബന്ധിപ്പിച്ച് നിർത്തുവാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് നല്ല പ്രതികരണമായിരുന്നു ലഭിച്ചിരുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ഇത്തരം ശ്രമങ്ങള്‍ അതിരൂപത ഉപേക്ഷിക്കില്ല. പ്രായമായവരേയും, രോഗികളേയും പോലെ വിശുദ്ധ കുര്‍ബാനയില്‍ വ്യക്തിപരമായി പങ്കെടുക്കുവാന്‍ കഴിയാത്തവര്‍ക്കായി ഞായറാഴ്ച കുര്‍ബാന സംപ്രേഷണം ചെയ്യുന്നത് തുടരുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. “ആഗമന കാലത്തിന്റെ ആദ്യ ഞായര്‍ വിശ്വാസികള്‍ക്ക് കൂട്ടമായി ദേവാലയത്തിലെത്തി ദൈവത്തെ ആരാധിക്കുവാനുള്ള പുതിയൊരു തുടക്കമായിരിക്കണം എന്നാണ് തന്റെ ആഗ്രഹം. നാമെല്ലാവരും ആഗ്രഹിക്കുന്ന രീതിയില്‍ നമ്മുടെ വിശ്വാസവും, ജീവിതവും നവീകരിക്കുവാന്‍ ലഭിക്കുന്ന ഈ അവസരം, കര്‍ത്താവിനെ ആരാധിക്കുവാനും, കര്‍ത്താവിന്റെ മേശക്ക് ചുറ്റും ആഴ്ചതോറും ഒത്തുകൂടി പരസ്പരം സഹായിക്കുവാനും, സ്വയം സമര്‍പ്പിക്കുവാനുമുള്ള ഒരു പുതിയ തുടക്കമാകട്ടെ” എന്ന ആശംസയോടെയാണ് കര്‍ദ്ദിനാളിന്റെ കത്ത് അവസാനിക്കുന്നത്.


Related Articles »