Youth Zone

അന്ന് ഇന്ത്യന്‍ വോയിസ് റിയാലിറ്റി ഷോയിലെ മിന്നും താരം, ഇന്ന് ക്രിസ്തുവിന്റെ വൈദികന്‍: കൊച്ചിയില്‍ നിന്നും ഒരു പൗരോഹിത്യ സാക്ഷ്യം

പ്രവാചകശബ്ദം 27-12-2022 - Tuesday

കൊച്ചി: ഉന്നതപദവി, സ്ഥാനമാനങ്ങള്‍ എന്നിവയിലൂടെ ഏറെ ശ്രദ്ധ നേടിയവര്‍ പൗരോഹിത്യവും സമര്‍പ്പിത ജീവിതവും തെരഞ്ഞെടുത്ത അനേകം സാക്ഷ്യങ്ങള്‍ വിദേശത്തു നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ അക്കൂട്ടത്തിലേക്ക് ചേര്‍ക്കപ്പെടുകയാണ് കൊച്ചിയില്‍ നടന്ന ഒരു പൗരോഹിത്യ സ്വീകരണവും. പ്രമുഖ ടെലിവിഷന്‍ ചാനലായ മഴവില്ല് മനോരമയില്‍ നടന്ന ഇന്ത്യന്‍ വോയിസ് മ്യൂസിക് റിയാലിറ്റി ഷോയില്‍ ഗ്രാന്‍ഡ് ഫിനാലേയില്‍ നാലാം സ്ഥാനം നേടിയ തോപ്പുംപടി പള്ളുരുത്തി സ്വദേശി ബിബിൻ ജോർജാണ് കഴിഞ്ഞ ദിവസം തിരുപ്പട്ട സ്വീകരണത്തിലൂടെ ക്രിസ്തുവിന്റെ പ്രിയ പുരോഹിതനായി മാറിയിരിക്കുന്നത്. ഡിസംബർ 22ന് പള്ളുരുത്തി സെന്റ് ലോറൻസ് ദേവാലയത്തിൽ നടന്ന തിരുകര്‍മ്മങ്ങളില്‍ കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ മുഖ്യകാർമികനായിരിന്നു.

പില്‍ക്കാലത്ത് ബിബിൻ ജോർജ്ജിലെ സംഗീത വൈഭവം മനസിലാക്കിയ അന്നത്തെ ഇടവക വികാരിയായിരുന്ന ഫാ. ജോർജ് എടേഴത്താണ് ഇടവക ക്വയറിൽ അംഗമാക്കി ബിബിനെ ആദ്യമായി മുന്‍നിരയിലേക്ക് കൊണ്ടുവരുന്നത്. അനേകം പ്രിയപ്പെട്ടവരുടെ പിന്തുണ ബിബിന് അന്നു ബലമായി. എറണാകുളം സെന്റ് ആൽബർട്ട്‌സ് കോളേജിൽനിന്ന് എം.കോം ബിരുദാനന്തര ബിരുദം പൂർത്തിയാക്കി ജോലി ചെയ്യുന്ന കാലത്താണ് ‘ഇന്ത്യൻ വോയിസ് റിയാലിറ്റി ഷോ’യിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. പ്രഗത്ഭരായ അനേകം മത്സരാര്‍ത്ഥികളെ പിന്നിലാക്കി ആയിരങ്ങളുടെ ഹൃദയത്തിൽ ഇടംപിടിച്ചാണ് ബിബിൻ ജോർജ് അന്നു നാലാം സ്ഥാനം നേടിയത്. 2012ൽ നടന്ന ‘ഇന്ത്യൻ വോയിസ് റിയാലിറ്റി ഷോ’യുടെ ഒന്നാം സീസണിലായിരിന്നു സുവര്‍ണ്ണ നേട്ടം.

പൗരോഹിത്യ പഠനം ആരംഭിക്കുന്നതിനു മുന്‍പ് ആകസ്മിക സംഭവങ്ങള്‍- അല്ല, ദൈവത്തിന്റെ വിസ്മയാവഹമായ പദ്ധതികള്‍ ബിബിന്റെ ജീവിതത്തില്‍ ഉണ്ടായി. ഏറ്റവും അടുത്ത സുഹൃത്തായ ആന്റണി ഫ്രാൻസിസ് ഉരുളോത്തിന്റെ ഉടുപ്പിടിൽ (vestition) ചടങ്ങിലേക്ക് ബിബിനെ ക്ഷണിച്ചിരിന്നു. അന്നത്തെ ചടങ്ങുകളുടെ പാട്ടിന്റെ നേതൃത്വവും ബിബിനെ തന്നെ ഏൽപിച്ചു. സുഹൃത്തിന്റെ നിർബന്ധം മൂലം ബിബിന് ആ ചടങ്ങിൽ പങ്കെടുത്തപ്പോള്‍ ലഭിച്ചതു പുതിയ ബോധ്യങ്ങളും ഉള്‍ക്കാഴ്ചകളുമായിരിന്നു. ഇതിനെ കുറിച്ച് ബിബിന്‍ പ്രമുഖ കത്തോലിക്ക മാധ്യമമായ 'ലൈഫ്ഡേ'യോട് പങ്കുവെച്ചത് ഇങ്ങനെ;

“ചടങ്ങുകൾക്കിടയിൽ പരിശുദ്ധാത്മാവിന്റെ പാട്ട് പാടിക്കൊണ്ടിരുന്നപ്പോൾ എന്റെ ഉള്ളിൽ എന്തോ സംഭവിച്ചു. ആ സമയം എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ‘ഇതായിരുന്നു എന്റെ വഴി, എവിടെയൊക്കെയോ എന്റെ നന്മകൾ കൈവിട്ടുപോയി’; ‘ഇതായിരുന്നു നിന്റെ വഴി, എവിടെയൊക്കെയോ നിന്റെ നന്മകൾ കൈവിട്ടുപോയി’ എന്ന് ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. ആ നിമിഷം മുതൽ എന്നിൽ ചില മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി.” ചടങ്ങിൽ സംബന്ധിച്ച ശേഷം മനസിന് ഉണ്ടായ മനമാറ്റം വേഗത്തിലായിരിന്നു. കോതമംഗലം രൂപതയിൽപെട്ട, ഇറ്റലിയിൽ ശുശ്രൂഷചെയ്യുന്ന ഫാ. തോമസ് ജോബി ചെറുക്കോട്ട് എന്ന വൈദികനിലൂടെ ദൈവം ബിബിനോട് സംസാരിക്കുകയായിരിന്നു. ഫേസ്ബുക്ക് ചാറ്റ് ബോക്‌സിലൂടെ വൈദികനുമായി സംസാരിച്ചപ്പോള്‍ ആ സംസാരത്തിന് പിന്നില്‍ ദൈവം തന്നെയാണെന്നു സ്ഥിരീകരിക്കുകയാണ് ഈ യുവവൈദികന്‍.

അതിന് കാരണമായി അദ്ദേഹം 'ലൈഫ്ഡേ'യോട് പറഞ്ഞത് ഇങ്ങനെ. ''പൗരോഹിത്യം വളരെ ശ്രേഷ്ഠമാണെന്നും അത് കാലഹരണപ്പെട്ട ഒന്നല്ലായെന്ന എന്ന ബോധ്യം എനിക്ക് ഉറപ്പിച്ചുതന്നത് ആ വൈദികൻ തന്നെയാണ്. അദ്ദേഹത്തിലൂടെ ദൈവമായിരുന്നു എന്നിലേക്ക് ഇടപെട്ടതെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ ആ വൈദികനെ എന്റെ ജീവിതത്തിൽ എനിക്ക് മറക്കാൻ സാധിക്കുകയില്ല”. പില്‍ക്കാലത്ത് സ്റ്റീഫൻ ദേവസിയുടെ മ്യൂസിക് ബാൻഡിൽ ഏതാനും നാൾ പ്രവർത്തിച്ച ബിബിനെ തേടി ‘ഇന്ത്യയുടെ സംഗീതമാന്ത്രികൻ’ എ. ആർ റഹ്മാന്റെ ക്ഷണവും ലഭിച്ചിരിന്നു.

മാനുഷികമായി പറഞ്ഞാല്‍ ഏറ്റവും ഉന്നതമായ ഭാവി കണ്‍മുന്നില്‍ ഉണ്ടായിരിന്നിട്ടും ക്രിസ്തുവിന്റെ പ്രിയ ദാസനാകുക എന്ന ഒറ്റ ലക്ഷ്യം തന്റെ പൗരോഹിത്യ സ്വീകരണത്തിലൂടെ സ്വന്തമാക്കിയതിന്റെ ആഹ്ളാദത്തിലാണ് ഇന്നു ഈ നവ വൈദികന്‍. ഫാ. ബിബിനൊപ്പം ഡീക്കന്മാരായ ഡെറിൻ, നിജു ജോസി SDS എന്നിവരും ഇതേ ദേവാലയത്തില്‍ തിരുപ്പട്ട സ്വീകരണം നടത്തിയിരിന്നു.


Related Articles »