Arts

ലൂർദിലെ സാക്ഷ്യങ്ങളെ കേന്ദ്രമാക്കി നിർമ്മിച്ച ഡോക്യുമെന്ററി ചലച്ചിത്രം അമേരിക്കയിലെ എഴുനൂറോളം തീയേറ്ററുകളിലേക്ക്

പ്രവാചകശബ്ദം 13-01-2023 - Friday

ലൂര്‍ദ്: മാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് ആഗോള ശ്രദ്ധ നേടിയ ഫ്രാൻസിലെ ലൂർദ്ദിൽ വിശ്വാസികൾക്ക് ലഭിക്കുന്ന സൗഖ്യങ്ങളെയും ആത്മീയ അനുഭവങ്ങളെയും ആസ്പദമാക്കി നിർമ്മിച്ച ഡോക്യുമെന്ററി തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 8, 9 തീയതികളിൽ അമേരിക്കയിലെ എഴുന്നൂറോളം തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തും. 'ലൂർദ്സ്' എന്ന പേര് തന്നെയാണ് ഡോക്യുമെന്ററിക്ക് നൽകിയിരിക്കുന്നത്. ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. ഫെബ്രുവരി പതിനൊന്നാം തീയതിയാണ് ആഗോള സഭ ലൂർദ്ദ് മാതാവിന്റെ തിരുനാൾ ദിനമായി ആചരിക്കുന്നത്. 1858ലാണ് പരിശുദ്ധ കന്യകാമറിയം ലൂർദ്ദിൽ പ്രത്യക്ഷപ്പെടുന്നത്. പ്രത്യക്ഷീകരണം നടന്ന സ്ഥലത്തേക്ക് എത്തുന്ന തീർത്ഥാടകരുടെ ജീവിതകഥയാണ് ഡോക്യുമെന്ററിയിൽ പറയുന്നത്.

ഇതിൽ അപകടത്തിന് ഇരയായവരും, രോഗികളും ഉൾപ്പെടും. ഇതുവരെയായിട്ടും ലൂർദ്ദിൽ എത്തുന്ന തീർത്ഥാടകരെ പറ്റി ഒരു ചിത്രവും നിർമ്മിക്കപ്പെട്ടിട്ടില്ല എന്നത് തങ്ങളെ ആശ്ചര്യപ്പെടുത്തിയെന്ന് ഡോക്യുമെന്ററിയുടെ സംവിധായകരായ തിയറി ഡെമേയ്സർ, അൽബാൻ ടീർലേയ് തുടങ്ങിയവർ പറഞ്ഞു. ഇത് ലോകത്തോടു പറയേണ്ട ഒരു കഥയാണെന്ന് തങ്ങൾക്ക് തോന്നിയെന്നും അങ്ങനെയാണ് ഡോക്യുമെന്ററി യാഥാര്‍ത്ഥ്യമായതെന്നും അവർ വിശദീകരിച്ചു. 2009 മുതൽ ലൂർദ്സ് മെഡിക്കൽ ഒബ്സർവേഷൻ ഓഫീസിന്റെ ചുമതല വഹിക്കുന്ന ഡോ. അലക്സാഡ്രോ ഡി ഫ്രാൻസിസ് തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്ന മറ്റൊരു ചെറിയ ഡോക്യുമെന്ററിയും ലൂർദ്സ് ഡോക്യുമെന്ററിയോടൊപ്പം കാണിക്കുന്നുണ്ട്.

അവിടുത്തെ തീര്‍ത്ഥജലം പാനം ചെയ്തു രോഗസൗഖ്യം ലഭിച്ചുവെന്ന് പറയുന്നവരുടെ കേസുകൾ പഠിക്കുന്നത് ഡോക്ടർ അലക്സാഡ്രോയുടെ നേതൃത്വത്തിലാണ്. ഇതുപോലുള്ള 7000 കേസുകളിൽ അന്വേഷണം നടന്നിട്ടുണ്ടെന്നും, എന്നാൽ 70 കേസുകൾ മാത്രമേ വിശ്വാസയോഗ്യമായി സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളൂവെന്നും 40 വർഷം ഡോക്ടറായി സേവനം ചെയ്യുന്ന അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് ഫിലിം അക്കാദമിയുടെ സീസർ അവാർഡ്സിലേക്ക് ലൂർദ്സ് ഡോക്യുമെന്ററി നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഡിസ്ട്രിപ്പ് ഫിലിംസാണ് ഡോക്യുമെന്ററിയുടെ വിതരണം നിർവഹിക്കുന്നത്.

Tag: French documentary “Lourdes” in U.S. Theaters , Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »