Life In Christ - 2024

കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ പരീക്ഷണങ്ങളിലും കർത്താവിനെ പിന്തുടർന്ന വ്യക്തി: ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 13-01-2023 - Friday

വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ ദിവസം ദിവംഗതനായ ഓസ്ട്രേലിയന്‍ കര്‍ദ്ദിനാളും വത്തിക്കാന്റെ സാമ്പത്തികകാര്യങ്ങൾക്കായുള്ള സെക്രട്ടേറിയറ്റിന്റെ മുൻ മേധാവിയുമായിരുന്ന കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്ലിന്റെ വിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. വ്യാജ ആരോപണങ്ങളെ തുടര്‍ന്നു നാനൂറു ദിവസത്തിലധികം ജയിലില്‍ കഴിഞ്ഞ കര്‍ദ്ദിനാള്‍ പെല്‍ പരീക്ഷണങ്ങളിലും കർത്താവിനെ പിന്തുടർന്ന വ്യക്തിയായിരിന്നുവെന്നു ഫ്രാന്‍സിസ് പാപ്പ അനുസ്മരിച്ചു. കർദ്ദിനാൾ പെല്ലിന്റെ വിയോഗത്തിൽ കർദ്ദിനാൾ തിരുസംഘത്തിനും, കർദ്ദിനാളിന്റെ കുടുംബാംഗങ്ങൾക്കും ഫ്രാൻസിസ് പാപ്പ അനുശോചനമറിയിച്ചു.

കർദ്ദിനാൾ കോളേജ് തലവൻ കർദ്ദിനാൾ ജിയോവാനി ബാറ്റിസ്റ്റയ്ക്കു അയച്ച ടെലെഗ്രാം സന്ദേശത്തിൽ, കർദ്ദിനാൾ സംഘത്തിനും കർദ്ദിനാൾ പെല്ലിന്റെ സഹോദരൻ ഡേവിഡിനും തന്റെ ആത്മീയസാമീപ്യം ഫ്രാന്‍സിസ് പാപ്പ ഉറപ്പുനൽകി. പ്രതിബദ്ധതയോടെയും, സത്യസന്ധതയോടെയും കർദ്ദിനാൾ പെൽ നൽകിയ ജീവിതസാക്ഷ്യത്തിനും സുവിശേഷത്തോടും സഭയോടുമുള്ള അദ്ദേഹത്തിന്റെ സമർപ്പണ ബോധത്തിനും പാപ്പ നന്ദി പറഞ്ഞു. പരിശുദ്ധ സിംഹാസനം അടുത്തിടെ നടത്തിയ സാമ്പത്തിക പരിഷ്‌ക്കാരങ്ങൾക്ക് നിശ്ചയദാർഢ്യത്തോടും വിവേകത്തോടും കൂടി കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ ശക്തമായ അടിത്തറയാണ് നൽകിയതെന്ന് പാപ്പ അനുശോചന സന്ദേശത്തില്‍ കുറിച്ചു.

ജീവിതത്തിലെ പരീക്ഷണങ്ങളുടെ സമയത്തുപോലും സഹിഷ്ണുതയോടെ കർത്താവിനെ വിശ്വസ്തതാപൂർവ്വം കർദ്ദിനാൾ പെൽ അനുഗമിച്ചുവെന്ന് പാപ്പ അനുസ്മരിച്ചു. അദ്ദേഹത്തിന് ദൈവസന്നിധിയിൽ നിത്യശ്വാസം ലഭിക്കട്ടെയെന്ന് ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥിച്ചു. ഇടുപ്പെല്ല് സംബന്ധമായ ഓപ്പറേഷനെത്തുടർന്ന് വിശ്രമത്തിലായിരിന്ന കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ ഹൃദയാഘാതത്തെ തുടര്‍ന്നു ജനുവരി പത്ത് ചൊവ്വാഴ്ച റോമില്‍വെച്ചാണ് അന്തരിച്ചത്. ബെനഡിക്ട് മാര്‍പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷകളില്‍ അദ്ദേഹം പങ്കുക്കൊണ്ടിരിന്നു. 1996-ല്‍ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗിച്ചുവെന്ന വ്യാജ കേസ് ചമത്തിയാണ് അദ്ദേഹത്തെ 2019-ൽ തടങ്കലിലാക്കിയത്. 404 ദിവസങ്ങളോളം ജയിലില്‍ ഏകാന്ത തടവ് അനുഭവിച്ച അദ്ദേഹത്തെ നിരപരാധിയായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നു കോടതി വെറുതെ വിടുകയായിരിന്നു.

Tag: Pope francis Cardinal George Pell, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം


Related Articles »