News - 2025
നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കുരുതി: 11 പേര്‍ ദാരുണമായി കൊല്ലപ്പെട്ടെന്ന് വൈദികൻ
പ്രവാചകശബ്ദം 21-01-2023 - Saturday
മാകുര്‍ഡി: ക്രൈസ്തവര്‍ വംശഹത്യക്കിരയായികൊണ്ടിരിക്കുന്ന നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കുരുതി. ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികള്‍ ജനുവരി 19-ന് നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 11 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മാകുര്‍ഡി രൂപതയിലെ അഭയാര്‍ത്ഥി ക്യാമ്പിന് സമീപം നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കത്തോലിക്കരാണ്. ‘കാത്തലിക് ന്യൂസ് ഏജന്‍സി’യുടെ ആഫ്രിക്കന്‍ വാര്‍ത്ത പങ്കാളിയായ എ.സി.ഐ ആഫ്രിക്കക്ക് നല്‍കിയ അഭിമുഖത്തില്‍ രൂപതയുടെ വികാരി ജനറാളായ ഫാ. മോസസ് ലോരാപ്പു ആക്രമണത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ചു. “ആക്രമണത്തിന്റെ ചിത്രങ്ങള്‍ ഭയാനകമാണ്, ഇസ്ലാമിക് സ്റ്റേറ്റിന് പോലും ഇത്ര ക്രൂരത ചെയ്യുവാന്‍ കഴിയുകയില്ല” എന്ന് പറഞ്ഞ ഫാ. മോസസ് കൊലപാതകത്തിന് ശേഷം അക്രമികള്‍ കൊല്ലപ്പെട്ടവരില്‍ ചിലരുടെ തലയറുത്ത് ആക്രമണത്തിന് പദ്ധതിയിട്ടവരെ തെളിവായി കാണിക്കുവാന്‍ കൊണ്ടു പോയെന്നും കൂട്ടിച്ചേര്‍ത്തു.
ബെന്യു സംസ്ഥാന തലസ്ഥാനത്തിലെ മാകുര്‍ഡിക്ക് സമീപമുള്ള ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രി 9 മണിക്കാണ് ആക്രമണം നടന്നത്. ജനുവരി 20 വൈകിട്ട് വരെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 11 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മാരകമായി മുറിവേറ്റ നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണെന്നും ഫാ. മോസസ് പറഞ്ഞു. ഇതിനു മുന്‍പുണ്ടായ ആക്രമണങ്ങള്‍ കാരണം ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങളില്‍ കഴിയുന്ന ഫുലാനികളാണ് ആക്രമണത്തിന്റെ പിന്നിലെന്നാണ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ പറയുന്നത്. സുരക്ഷാ ഏജന്‍സികള്‍ എത്തുവാന്‍ വൈകിയതായും ഫാ. മോസസ് ആരോപിച്ചു. ഈ സംഭവത്തിലും പോലീസും സുരക്ഷാ ഏജന്‍സികളും വൈകിയാണ് എത്തിയത്. അതുകൊണ്ട് തന്നെ അക്രമികളെ കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലായെന്നും ഫാ. മോസസ് പറഞ്ഞു.
ആക്രമണം നടന്നു ഇത്രദിവസം കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന്‍ ചൂണ്ടിക്കാട്ടിയ ഫാ. മോസസ്, നൈജീരിയന്‍ സര്‍ക്കാരും അന്താരാഷ്ട്ര സമൂഹവും തങ്ങളെ ഉപേക്ഷിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തിരിക്കുകയാണെന്ന്‍ വേദനയോടെ കൂട്ടിച്ചേര്‍ത്തു. 2009-ല്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ ഇസ്ലാമിക തീവ്രവാദി സംഘടനകളിലൊന്നായ ബൊക്കോഹറാം രൂപീകരിക്കപ്പെട്ടത് മുതല്‍ നൈജീരിയയില്‍ കടുത്ത അരക്ഷിതാവസ്ഥയാണ് ഉള്ളത്. നൈജീരിയയേ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ക്രൈസ്തവർ ഉൾപ്പെടെയുള്ള വിശ്വാസികള്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും, സാധാരണക്കാര്‍ക്കും എതിരേ തുടര്‍ച്ചയായ ആക്രമണങ്ങളാണ് ബൊക്കോഹറാം നടത്തിവരുന്നത്. ഇതിനു പുറമേയാണ് ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികള്‍ കൃഷിക്കാരായ ക്രൈസ്തവര്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍.
