News - 2024

നമ്മുടെ ഹൃദയം രൂപാന്തരപ്പെടുന്നില്ലെങ്കിൽ നാം യഥാർത്ഥ ക്രൈസ്തവരല്ല: ഫ്രാൻസിസ് മാർപാപ്പ

അഗസ്റ്റസ് സേവ്യർ 01-09-2015 - Tuesday

ഓഗസ്റ്റ് 30 ഞായറാഴ്ചയിലെ സുവിശേഷഭാഗം വിശദമാക്കവേ, "ഹൃദയത്തിന്റെ ആഴങ്ങളിലെ നന്മയാണ് കർത്താവ് ആഗ്രഹിക്കുന്നത്" എന്ന് ഒർമ്മിപ്പിച്ചു കൊണ്ട് പരിശുദ്ധ പിതാവ് പ്രഭാഷണം ആരംഭിച്ചു.

"ബാഹ്യ പ്രകൃതിയല്ല നമ്മെ വിശുദ്ധരോ അതല്ലാത്തവരോ ആക്കുന്നത്; പ്രത്യുതഃ നമ്മുടെ ഹൃദയമാണ്.- നമ്മുടെ ഉദ്ദേശങ്ങളുടെയും നമ്മുടെ ആഗ്രഹങ്ങളുടെയും ആവിഷ്ക്കാരത്തിന്റെ നൈർമ്മല്യം ശുദ്ധമായ ഒരു ഹൃദയത്തിലൂടെ മാത്രമേ സാധ്യമാകു. ആ ഹൃദയശുദ്ധി നമ്മെ ദൈവത്തിന് പ്രിയങ്കരരാക്കുന്നു."

"നമ്മുടെ സത്യസന്ധമായ ഹൃദയത്തിന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും പുറംലോകത്തെ നന്മ നിറഞ്ഞ പ്രവർത്തികളായി രൂപാന്തരപ്പെടുന്നു. പുറം ലോകത്തെ നന്മകൾക്കായി നമ്മുടെ ഹൃദയം രൂപാന്തരപ്പെടുന്നില്ലെങ്കിൽ നാം യഥാർത്ഥ ക്രൈസ്തവരല്ല. നന്മയും തിന്മയും നമ്മുടെയുള്ളിൽ തന്നെയാണ്, നമ്മുടെ മന:സാക്ഷിയിലാണ്."

ഫ്രാൻസിസ് മാർപാപ്പ തുടർന്നു; "നാം സ്വയം ചോദിക്കുക: എന്റെ ഹൃദയം എവിടെയാണ്? യേശു പറഞ്ഞിട്ടുണ്ട്, നിന്റെ നിക്ഷേപം അഥവാ നിധി എവിടെയോ അവിടെയാണ് നിന്റെ ഹൃദയവും എന്ന്. എന്റെ നിധി എന്താണ്? അത് യേശുവാണോ? യേശുവിന്റെ വചനമാണോ?"

ഹൃദയമാണ് നമ്മൾ ശുദ്ധീകരിക്കേണ്ടത് - ആത്മാർത്ഥമായ സ്നേഹം, ആത്മാർത്ഥമായ കാരുണ്യം, ആത്മാർത്ഥമായ പശ്ചാത്താപം -ഇതെല്ലാം നിർമ്മലമായ ഒരു ഹൃദയത്തിൽ നിന്നു മാത്രമേ ഉറവയെടുക്കു!

പരിശുദ്ധ ജനനിയുടെ മദ്ധ്യസ്ഥതയിൽ, കപടനാട്യങ്ങളിൽ നിന്നെല്ലാം മോചിതമായ ഒരു നിർമ്മല ഹൃദയം നമുക്കുണ്ടാകേണ്ടതിന് ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം.

"കപടനാട്യക്കാർ!" ഫരിസേയരെ വിശേഷിപ്പിക്കാനായി യേശു ഉപയോഗിച്ച വാക്ക് അതാണ്. കാരണം അവർ നന്മകൾ പറയുന്നവരും തിന്മകൾ ചെയ്യുന്നവരുമായിരുന്നു.

നമ്മൾ കപടനാട്യക്കാരാകരുത്!

പകരം, നമുക്ക് ക്രൈസ്തവ മൂല്യങ്ങൾ അനുസരിച്ച് ജീവിക്കാം, കപടമല്ലാത്ത, സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു ജീവിതത്തിലേക്ക് നമുക്കെത്തിച്ചേരാം. അദ്ദേഹം പറഞ്ഞു.