Youth Zone - 2024

അമേരിക്കയില്‍ സക്രാരി കുത്തിതുറക്കാൻ ശ്രമിച്ച അക്രമിയെ പിന്തിരിപ്പിച്ചത് മരിയൻ തിരുസ്വരൂപം; പോലീസ് വെളിപ്പെടുത്തൽ

പ്രവാചകശബ്ദം 07-02-2023 - Tuesday

അർക്കൻസാസ്: അമേരിക്കയിലെ അർക്കൻസാസിൽ സ്ഥിതിചെയ്യുന്ന സുബിയാക്കോ ബെനഡിക്ടൻ ആശ്രമത്തില്‍ വിശുദ്ധ കുർബാന സൂക്ഷിച്ചിരിന്ന സക്രാരി കുത്തി തുറക്കാൻ ശ്രമിച്ച യുവാവിനെ പെട്ടെന്നു തീരുമാനത്തില്‍ പിന്തിരിപ്പിച്ചത് മരിയൻ തിരുസ്വരൂപമായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തൽ. ഒക്ലഹോമ സ്വദേശിയും മുപ്പത്തിരണ്ടുകാരനുമായ ജെറിത് ഫർണം എന്ന പ്രതിയുടെ പിന്‍മാറ്റത്തിന് പിന്നിലുള്ള കാരണമാണ് മാധ്യമ ശ്രദ്ധ നേടുന്നത്. ചുറ്റിക ഉപയോഗിച്ച് ജനുവരി മാസം ആദ്യമാണ് ജെറിത് അൾത്താര തകർത്തത്.

പിന്നീട് അയാൾ സക്രാരി കുത്തി തുറക്കാൻ ശ്രമിക്കുകയായിരുന്നു. സക്രാരിയുടെ മുകളിലെ കുരിശും, അത് മൂടിയിരുന്ന തുണിയും എടുത്ത് മാറ്റിയ സമയത്താണ് അക്രമി പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം കാണുന്നത്. തിരുസ്വരൂപം കണ്ടതിനുശേഷം സക്രാരി കുത്തിത്തുറക്കാൻ തനിക്ക് സാധിക്കാതെ വന്നുവെന്ന് ഇയാൾ വെളിപ്പെടുത്തിയതായി ലോഗൻ കൗണ്ടിയിലെ പോലീസ് മേധാവിയായ ജേസൺ മാസി കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ചെയ്യുന്നത് തെറ്റാണെന്നുള്ള ഒരു തോന്നലാണ് അക്രമിയെ പിന്തിരിപ്പിച്ചതെന്നും ജേസൺ മാസി കൂട്ടിച്ചേര്‍ത്തു. നാശനഷ്ടം, മോഷണം എന്നീ കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്യപ്പെട്ട ജെറിത് ഫർണം ഇപ്പോൾ ജയിലിൽ വിചാരണ കാത്ത് കിടക്കുകയാണ്.

1878ൽ സ്ഥാപിതമായ ആശ്രമത്തിൽ 39 ബെനഡിക്ടൻ സന്യാസികളുണ്ട്. അക്രമി വിശുദ്ധരുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരുന്ന കല്ലുകൾ പാകിയ ഇടം നശിപ്പിച്ചിരിന്നു. 1500 വർഷത്തോളം പഴക്കമുള്ള വിശുദ്ധരുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരുന്ന രണ്ടു പെട്ടികൾ ഇയാൾ മോഷ്ടിച്ചിരിന്നു. രണ്ടു പെട്ടികളിലുമായി മൂന്ന് വീതം തിരുശേഷിപ്പുകൾ ഉണ്ടായിരുന്നു. വിശുദ്ധ തിബേരിയൂസ്, വിശുദ്ധ ബോണിഫെസ്, നുർസിയയിലെ ബെനഡിക്ട് തുടങ്ങിയവരുടെ തിരുശേഷിപ്പുകളാണ് ഒരു പെട്ടിയിൽ ഉണ്ടായിരുന്നതെന്ന് ആശ്രമത്തിന്റെ അധിപനായ ഫാ. ഏലിയ ഓവൻസ് ജനുവരി മാസം കാത്തലിക്ക് ഏജൻസിയോട് വെളിപ്പെടുത്തി.

സംഭവം നടന്ന ദിവസം തന്നെ അയാളെ അറസ്റ്റ് ചെയ്യുകയും, വണ്ടിയിൽ നിന്ന് ആദ്യത്തെ പെട്ടിയിലെ തിരുശേഷിപ്പുകൾ കണ്ടുകിട്ടുകയും ചെയ്തു. അക്രമിയുടെ പിതാവിന്റെ ഭവനത്തിൽ നിന്നാണ് രണ്ടാമത്തെ പെട്ടിയിലെ തിരുശേഷിപ്പുകൾ കണ്ടുകിട്ടുന്നത്. സംഭവത്തില്‍ നടുക്കത്തില്‍ കഴിയുമ്പോഴും ദിവ്യകാരുണ്യം നശിപ്പിക്കപ്പെടാതെ അത്ഭുതകരമായി സംരക്ഷിക്കപ്പെട്ടതിന് ദൈവത്തിന് നന്ദി പറയുകയാണ് ആശ്രമവാസികളും വിശ്വാസി സമൂഹവും.


Related Articles »