News - 2024

തുർക്കിയ്ക്കും സിറിയയ്ക്കും 500,000 യൂറോയുടെ സഹായവുമായി ഇറ്റാലിയൻ മെത്രാന്‍ സമിതി

പ്രവാചകശബ്ദം 08-02-2023 - Wednesday

റോം: തുർക്കിയിലും സിറിയയിലും നാശം വിതച്ച ഭൂകമ്പത്തിന്റെ ഇരകളിലേക്ക് സഹായമെത്തിക്കാന്‍ 500,000 യൂറോ വകയിരുത്താന്‍ ഇറ്റാലിയൻ മെത്രാന്‍ സമിതി. ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ആളുകളുടെ നിസ്സഹായവസ്ഥയില്‍ വേദനയുണ്ടെന്നും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും മെത്രാന്‍ സമിതി പ്രസ്താവിച്ചു. ഇറ്റലിയിലെ സഭയെ പ്രതിനിധീകരിച്ച്, ജനങ്ങളോടുള്ള അഗാധമായ അനുശോചനവും അടുപ്പവും അറിയിക്കുകയാണെന്നും, ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും വേണ്ടിയുള്ള പ്രാർത്ഥന ഉറപ്പുനൽകുകയാണെന്നും ബൊളോഗ്ന ആർച്ച് ബിഷപ്പും പ്രസിഡന്റുമായ കർദ്ദിനാൾ മാറ്റിയോ സുപ്പി പറഞ്ഞു.

ദുരന്തം ബാധിച്ച രണ്ട് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ഇറ്റലിയന്‍ വിഭാഗം മുന്‍പ് സഹായമെത്തിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പ്രാദേശിക കാരിത്താസ് സംഘടനകളുമായും അന്താരാഷ്ട്ര ശൃംഖലയുമായും ചേര്‍ന്ന് കൂടുതല്‍ സഹായമെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സഭാനേതൃത്വം വ്യക്തമാക്കി. അതേസമയം ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമായി മരണസംഖ്യ 8000 കവിഞ്ഞു. പതിനായിരങ്ങൾക്കു പരുക്കേറ്റു. ആറായിരത്തിലേറെ തകർന്ന കെട്ടിടങ്ങൾക്കടിയിൽ ഇപ്പോഴും ആയിരങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. കൊടുംതണുപ്പിലും ഇവരെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. വിവിധ ക്രൈസ്തവ സന്നദ്ധ സംഘടനകള്‍ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് തിരിച്ചിട്ടുണ്ട്.


Related Articles »