News - 2024
തുർക്കിയിലെയും സിറിയയിലെയും ദുരിതബാധിതര്‍ക്ക് സഹായവുമായി മാര്‍പാപ്പ
പ്രവാചകശബ്ദം 16-02-2023 - Thursday
വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ വത്തിക്കാനിലെ ഉപവി പ്രവർത്തനങ്ങളുടെ ഓഫീസായ ഡിക്കാസ്റ്ററി ഫോർ ദ സർവീസ് ഓഫ് ചാരിറ്റി മുഖേന, തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പയുടെ പ്രാഥമിക സഹായം. കത്തോലിക്കാസഭയുടെ തന്നെ കാരിത്താസ് സംഘടന നൽകിക്കൊണ്ടിരിക്കുന്ന സഹായങ്ങൾക്ക് പുറമേയാണിത്. ഇറ്റലിയിലെ നാപോളിയിൽ നിന്നും കപ്പൽ മാർഗമാണ് സഹായങ്ങൾ തുർക്കിയിലും സിറിയയിലും എത്തിക്കുന്നത്. അതിശൈത്യം മൂലം വിഷമിക്കുന്ന ജനതയ്ക്ക് സഹായമായി 10,000 തെർമൽ ഷർട്ടുകൾ കൈമാറിയിട്ടുണ്ട്. രാജ്യത്തിന്റെ അപ്പസ്‌തോലിക് കാര്യാലയം വഴിയും മാർപാപ്പ സിറിയയിലേക്ക് സാമ്പത്തിക സഹായങ്ങൾ അയച്ചിട്ടുണ്ടെന്ന് മാർപാപ്പയുടെ ഉപവി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്‌കി അറിയിച്ചു.
തെര്‍മല്‍ ഷർട്ടുകളും മറ്റ് സാധനങ്ങളും രണ്ട് ദിവസത്തിനുള്ളിൽ തുർക്കിയിലെ തുറമുഖ നഗരമായ ഇസ്കെൻഡറൂണിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തത്തില്‍ 41,000-ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് കണക്ക്. സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്, കാരിത്താസ് ഉള്‍പ്പെടെയുള്ള കത്തോലിക്ക സന്നദ്ധ സംഘടനകള്‍ സജീവമാണ്. ദുരന്തമുണ്ടായി 222 മണിക്കൂറിനുശേഷം തെക്കൻ തുർക്കിയിലെ കഹ്‌റമാൻമറാഷിലെ തകർന്ന കെട്ടിടത്തിനടിയിൽനിന്ന് നാൽപ്പത്തിരണ്ടുകാരിയെ രക്ഷപ്പെടുത്തിയത് രക്ഷാപ്രവര്‍ത്തനത്തിലെ നാഴികക്കല്ലായി. അതേസമയം ഭൂകമ്പമുണ്ടായി ഒന്‍പതു ദിവസത്തിനുശേഷവും വടക്ക് പടിഞ്ഞാറൻ സിറിയയിലേക്ക് ആവശ്യത്തിന് സഹായം എത്തിക്കാനായിട്ടില്ലായെന്നു റിപ്പോര്‍ട്ടുണ്ട്.