Arts - 2025
സുറിയാനി പണ്ഡിതൻ ഡോ. സെബാസ്ററ്യൻ ബ്രോക്കിനു ഓക്സ്ഫോർഡ് സർവകലാശാലയിൽ ആദരവ്
ഷൈമോൻ തോട്ടുങ്കൽ 04-03-2023 - Saturday
ഓക്സ്ഫോർഡ്: ഓക്സ്ഫോർഡ് സർവകലാശാലയിലെ സുറിയാനി പ്രൊഫസ്സർ ഡോക്ടർ സെബാസ്ററ്യൻ ബ്രോക്കിനെ ഓക്സ്ഫോർഡ് സർവകലാശാലയിലെ ക്യാമ്പിയൻ ഹോളിൽവെച്ച് ആദരിച്ചു. സുറിയാനി ഭാഷ, ചരിത്രം, ദൈവശാസ്ത്രം, തുടങ്ങിയ മേഖലകളിലുള്ള ഡോക്ടർ ബ്രോക്കിന്റെ അതുല്യ സംഭാവനകൾ പരിഗണിച്ചാണ് ഈ അനുമോദന സമ്മേളനം നടത്തിയത്. സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. മലങ്കര ഓർത്തോഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായ അബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഡോക്ടർ ബ്രോക്കിനെ പൊന്നാട അണിയിച്ചു.
പ്രൊഫസർ സെബാസ്ററ്യൻ ബ്രോക്കിനെ അഭിനന്ദിച്ചുകൊണ്ടുള്ള സീറോ-മലബാർ സഭയുടെ തലവൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആശംസാ സന്ദേശം സീറോ-മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത ചാൻസിലർ ഫാ. മാത്യു പിണക്കാട്ട് വായിച്ചു. ക്യാമ്പ്യൻ ഹോൾ മാസ്റ്റർ ഫാദർ നിക്കോളാസ്ഓസ്റ്റിൻ, എസ്സ്. ജെ, ഫാദർ കെ എം ജോർജ്ജ്, ഫാദർ ജിജിമോൻ പുതുവീട്ടിൽക്കളം എസ്സ്.ജെ, പ്രൊഫസ്സർ ഡേവിഡ് ടെയ്‌ലർ, പ്രൊഫസ്സർ ആലിസൺ ജി സാൽവെസൻ, പ്രൊഫസ്സർ ആന്റണി ഒമാനി എന്നിവർ പ്രസംഗിച്ചു. ഓക്സ്ഫോർഡ് സർവകലാശാലയിലെ നിരവധി അദ്ധ്യാപകരും വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും അനുമോദന സമ്മേളനത്തിൽ പങ്കെടുത്തു.
