News

“അന്ന് കൗതുകം കൊണ്ട് ദേവാലയത്തില്‍ പ്രവേശിച്ചു, ഇന്ന് ക്രിസ്തുവിന്റെ അനുയായി”: യേശുവിനെ രക്ഷകനായി സ്വീകരിച്ച് ബുദ്ധമത വിശ്വാസി

പ്രവാചകശബ്ദം 28-01-2024 - Sunday

ഹോ ചി മിൻ സിറ്റി: അകത്ത് എന്താണ് നടക്കുന്നതെന്നറിയുവാനുള്ള വെറും കൗതുകവും, ആകാംക്ഷയും കാരണം ദേവാലയത്തില്‍ കയറുക, പിന്നീട് 7 വര്‍ഷങ്ങള്‍ക്ക് ശേഷം കര്‍ത്താവിനെ രക്ഷകനും നാഥനുമായി ഏറ്റുപറഞ്ഞു ജ്ഞാനസ്നാനം സ്വീകരിക്കുക. ‘ലെ ഡാക്ക് മൈ’യുടെ ജീവിത വഴിത്തിരിവിനെ ഈ രണ്ടു വാചകങ്ങളായി സംഗ്രഹിക്കാം. ഹ്യുവിലെ ബെന്‍ ങ്ങു ദേവാലയത്തില്‍വെച്ചാണ് വിയറ്റ്നാം സ്വദേശിയും, ബുദ്ധമത വിശ്വാസിയുമായ ലെ ഡാക്ക് മൈ, ജ്ഞാനസ്നാനം സ്വീകരിച്ച് ക്രിസ്തു വിശ്വാസത്തെ പുല്‍കിയത്. ദേവാലയത്തിലേക്കുള്ള പ്രവേശനവും സഹജീവികളോടുള്ള കത്തോലിക്കരുടെ സ്നേഹവും, വിശ്വാസ ജീവിതവുമാണ് തന്നെ ക്രിസ്തുവിലേക്ക് അടുപ്പിച്ചതെന്ന് ഈ യുവാവ് പറയുന്നു. വിയറ്റ്‌നാമിന്റെ തലസ്ഥാനമായ തുവാ തിയന്‍ ഹ്യു പ്രവിശ്യാ തലസ്ഥാനമായ ഹ്യുവില്‍ തന്റെ ആന്റിക്കൊപ്പമായിരുന്നു അനാഥനായ മൈ താമസിച്ചിരുന്നത്.

2016-ല്‍ ലൂണാര്‍ പുതുവര്‍ഷാഘോഷത്തിന് ശേഷം ഗ്രാമത്തിലേക്ക് മടങ്ങും വഴി അകത്തെന്താണ് നടക്കുന്നതെന്ന ആകാംക്ഷ അടക്കുവാന്‍ കഴിയാതെയാണ് മൈ, ആദ്യമായി കത്തോലിക്കാ ദേവാലയത്തില്‍ പ്രവേശിക്കുന്നത്. ദേവാലയത്തിന്റെ മുന്‍പില്‍ ഉണ്ടായിരുന്ന ഒരു ബദാം മരത്തില്‍ ബൈബിള്‍ വാക്യങ്ങള്‍ എഴുതി മടക്കി ഒട്ടിച്ചു വെച്ചിരുന്നു. ഇവയില്‍ ഒരെണ്ണം ‘മൈ’യും പറിച്ചെടുത്തു. “ഇന്ന്‍ ഈ ഭവനത്തിന് രക്ഷ ലഭിച്ചിരിക്കുന്നു. ഇവനും അബ്രഹാമിന്റെ പുത്രനാണ്. നഷ്ടപ്പെട്ടു പോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്” (ലൂക്കാ 19:9-10) എന്ന ബൈബിള്‍ വാക്യമായിരുന്നു അവനു ലഭിച്ചത്. അതിന്റെ അര്‍ത്ഥം മനസ്സിലായില്ലെങ്കിലും, അത് മന്ത്രമെഴുതിയ ഏലസ്സ് പോലെ എന്തോ ആണെന്ന് തോന്നിയ മൈ, ദിവസവും വായിക്കുന്നതിനായി അത് തന്റെ അലമാരിയില്‍വെച്ചു.

എന്നാല്‍ ഇതിന് ശേഷം അപകടത്തിലാകുമ്പോഴൊക്കെ തന്നെ അനുഗമിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ശക്തനായ ദൈവത്തെ അനുഭവിക്കുവാന്‍ കഴിഞ്ഞുവെന്നു ഇന്ന് വസ്ത്ര വ്യാപാരിയായ മൈ പറയുന്നു. 2017-ല്‍ ആയുധധാരികളായ അഞ്ചംഗ സംഘം തന്റെ വാഹനം തടയുകയും, രണ്ടു കെട്ട് പുതിയ തുണി കൊണ്ടുപോവുകയും ചെയ്തപ്പോള്‍, ആ പ്രദേശത്തുള്ള ഒരു ക്രൈസ്തവ വിശ്വാസിയായ കച്ചവടക്കാരനാണ് സഹായത്തിനെത്തിയതെന്നും, മറ്റൊരിക്കല്‍ വാഹനാപകടത്തില്‍ ബോധംകെട്ട് റോഡില്‍ കിടന്ന തന്നെ രക്ഷിച്ചതും ക്രിസ്തുവിന്റെ അനുയായികളാണെന്നും, കഴിഞ്ഞ വര്‍ഷം തനിക്ക് കോവിഡ് ബാധിച്ചപ്പോള്‍ തന്നെ സഭയുടെ ആശുപത്രിയില്‍ എത്തിച്ചത് കത്തോലിക്ക സന്നദ്ധ പ്രവര്‍ത്തകരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താൻ ഒരു കത്തോലിക്കനല്ലെങ്കിലും ആ കത്തോലിക്കർ വിശ്വാസത്തിന്റെയും ദൈവിക സ്നേഹത്തിന്റെയും അഗ്നി തന്നിലേക്ക് പകരുകയായിരിന്നു. മാസങ്ങളോളം ആലോചിച്ച ശേഷമാണ് താന്‍ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുവാന്‍ തീരുമാനിച്ചതെന്നാണ് മൈ പറയുന്നത്. നീണ്ട 5 മാസത്തെ വിശ്വാസ പരിശീലനത്തിന് ശേഷമായിരുന്നു മൈയുടെ മാമ്മോദീസ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്നത്. “സ്നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്, സ്നേഹം അസൂയപ്പെടുന്നില്ല, ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല” എന്നതാണ് ഇക്കൊല്ലം മൈക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബൈബിള്‍ വാക്യം. നാം ഫോങ് ഇടവക സമിതിയംഗമായ പീറ്റര്‍ എന്‍ഗൂയെന്‍ ക്വോക്ക് ഫോങ്ങിനെയാണ് മൈ തന്റെ തലതൊട്ടപ്പനായി തിരഞ്ഞെടുത്തത്.

“ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്നെ തന്നെ നഷ്ടപ്പെടുത്തുകയോ, നശിപ്പിക്കുകയോ ചെയ്‌താല്‍ അവന് എന്ത് പ്രയോജനം” (ലൂക്കാ 9:25) എന്ന ബൈബിള്‍ വാക്യമാണ് മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഫോങ്ങിനെ കത്തോലിക്കാ വിശ്വാസവുമായി അടുപ്പിച്ചത്. മൈക്കൊപ്പം 13 പേര്‍ കൂടി അന്നേ ദിവസം മാമ്മോദീസ സ്വീകരിച്ചിരിന്നു. മൈയുടെ ആന്റിയും മാമ്മോദീസാ ചടങ്ങില്‍ സന്നിഹിതയായിരുന്നു. കത്തോലിക്ക വിശ്വാസത്തോട് താല്‍പ്പര്യമുള്ള ഇവരും ഭാവിയില്‍ മാമ്മോദീസ സ്വീകരിക്കുമെന്നാണ് കരുതപ്പെടുന്നത്.

»» Originally published on 17 March 2023

»» Republished on 28 January 2024

Tag: Curiosity leads Vietnamese Buddhist orphan to Catholic faith, Le Dac My conversion, Pravachaka Sabdam Catholic Malayalam News Portal, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 827