India

ലവീത്ത മൂവ്മെന്റും ഇടുക്കി രൂപതയിലെ ഭക്ത സംഘടനകളും ഒന്നുചേർന്നു അഖണ്ഡ ജപമാല സമര്‍പ്പണത്തിന് ആരംഭം

പ്രവാചകശബ്ദം 24-03-2023 - Friday

വാഴത്തോപ്പ്: മംഗളവാർത്ത തിരുനാളിനോട് അനുബന്ധിച്ച് ലവീത്താ മൂവ്മെന്റും ഇടുക്കി രൂപതയിലെ വിവിധ ഭക്ത സംഘടനകളും സംയുക്തമായി നടത്തുന്ന അഖണ്ഡ ജപമാല സമര്‍പ്പണത്തിന് ആരംഭം. പ്രോലൈഫ് മൂവ്മെന്റ്, കുടുംബ പ്രേഷിതത്വം, കരിസ്മാറ്റിക് സോൺ, കെ.സി.വൈ.എം, ജീസസ് യൂത്ത് എന്നിവര്‍ സംയുക്തമായി നടത്തുന്ന അഖണ്ഡ ജപമാല 36 മണിക്കൂർ നീണ്ടു നില്‍ക്കുന്നതാണ്. ജീവന്റെ മഹത്വത്തിനായി ശക്തമായി നിലകൊണ്ട മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഭൗതീക ശരീരം സംസ്ക്കരിച്ചിരിക്കുന്ന ഇടുക്കി വാഴത്തോപ്പ്, സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തോടെയാണ് ശുശ്രൂഷകള്‍ക്ക് ആരംഭമായത്. കത്തീഡ്രല്‍ വികാരി ഫാ. ഫ്രാന്‍സിസ് ഇടവക്കണ്ടം സ്വാഗതം ആശംസിച്ചു.

ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ലവീത്താ ഡയറക്ടര്‍ ഫാ. റോബർട്ട് ചവറനാനിക്കൽ, ഫാ. അബ്രാഹം മണിമലക്കുന്നേല്‍, ഫാ. ജോസഫ് ഉമ്മിക്കുന്നേല്‍ എന്നിവര്‍ സഹകാര്‍മ്മികരായി. ലവീത്താ മലയാളം യൂട്യൂബ് ചാനലിൽ അഖണ്ഡ ജപമാല സമര്‍പ്പണം തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. സാധിക്കുന്നവരെല്ലാം ഇന്നും നാളെയും (മാർച്ച്‌ 24, 25) തീയതികളിൽ ഏതാനും മണിക്കൂറുകൾ ദിവ്യകാരുണ്യ സന്നിധിയിലുള്ള ഈ അഖണ്ഡ ജപമാലയിൽ സ്വന്തം കുടുംബത്തെയും തലമുറകളെയും സമർപ്പിച്ചു, നേരിട്ടോ, ഓൺലൈൻ വഴിയോ പങ്കെടുത്ത് പ്രാര്‍ത്ഥിക്കണമെന്ന് ലവീത്താ ഡയറക്ടര്‍ ഫാ. റോബർട്ട് ചവറനാനിക്കൽ വി. സി ഓർമപ്പെടുത്തി.

ക്രൈസ്തവ കുടുംബങ്ങളുടെയും തലമുറകളുടെയും വിശുദ്ധീകരണം (സങ്കീ.78:6), വിവാഹതടസങ്ങൾ ഉള്ളവർക്ക് അത് മാറുന്നതിന്, യുവജനങ്ങൾ യഥാകാലം കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന്.(ജറെ 29:6), മക്കൾ ഇല്ലാത്തവർക്ക് സന്താന സമൃദ്ധിക്കായി, ദമ്പതിമാർ, ദൈവം തരുന്ന മക്കളെ ദൈവകരങ്ങളിൽ നിന്ന് സ്വീകരിക്കുവാൻ, കുടുംബങ്ങളിൽ ജീവന്റെ സമൃദ്ധിക്ക് (ഉത് 1:27-28), ഭ്രൂണഹത്യയുടെ തിന്മ ഇല്ലാതാകുവാൻ.(സങ്കീ 51:14), വിവാഹമോചനങ്ങൾ ഇല്ലാതാകുവാൻ.(മത്താ19:6), ക്രൈസ്തവ കുടുംബങ്ങൾ അന്യംനിന്ന് പോകാതിരിക്കുവാൻ (ഉത് 12:2), തുടങ്ങി ജീവന്റെ സമൃദ്ധിയും, കുടുംബ വിശുദ്ധീകരണവും, വരാനിരിക്കുന്ന തലമുറകളുമായി ബന്ധപ്പെട്ട കാലഘട്ടത്തിന്റെ നിയോഗങ്ങളാണ് അഖണ്ഡ ജപമാലയിൽ പ്രത്യേകം സമര്‍പ്പിക്കുന്നത്.

ജീവന്റെ സമൃദ്ധിക്കും, കുടുംബങ്ങളുടെയും തലമുറകളുടെയും വിശുദ്ധീകരണത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ അത്മായ ശുശ്രൂഷയാണ് ലവീത്താ. 2010-ൽ അന്നത്തെ കെ‌സി‌ബി‌സി ഫാമിലി കമ്മീഷൻ ചെയർമാനായിരുന്ന ദിവംഗതനായ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ അനുമതിയോടെ കെ‌സി‌ബി‌സി ആസ്ഥാനമായ പി‌.ഒ. സി.യിൽ വച്ച് അദ്ദേഹത്തിൽ നിന്നും ആശീർവാദം സ്വീകരിച്ച് ഫാ. റോബർട്ട് ചവറനാനിക്കൽ വി. സി പ്രാരംഭം കുറിച്ച ആത്മീയ ശുശ്രൂഷയാണിത്.


Related Articles »