Daily Saints. - 2024

0: September 3: മഹാനായ വിശുദ്ധ ഗ്രിഗറി

ജേക്കബ് സാമുവേൽ 02-09-2015 - Wednesday

540-ൽ ഗ്രിഗറി റോമിൽ ജനിച്ചു. 30 വയസ് തികയുന്നതിന്‌ മുമ്പായി, തുടർച്ചയായി സെനറ്ററായും റോമിലെ പ്രിഫക്ടറായും സേവനം അനുഷ്ടിച്ചു. 5 വർഷങ്ങൾക്ക് ശേഷം, അദ്ദേഹം ഉദ്യോഗങ്ങളെല്ലാം രാജിവച്ച് ഒരു സന്യാസിയായി. സ്വന്തം ഭവനം ഒരു ‘ബനഡിക്റ്റൻ മഠ’മാക്കി മാറ്റുകയും, മറ്റ് 6 ആശ്രമങ്ങൾ കൂടി സ്ഥാപിക്കുകയും ചെയ്തു.

50--മത്തെ വയസ്സിൽ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. 590-മുതൽ 604-വരെയുള്ള 14 വർഷ കാലഘട്ടത്തിൽ, അദ്ദേഹം ‘ക്രിസ്തുവിന്റെ നിഗൂഢ ശരീരം’-അതായത് സഭക്ക് വേണ്ടി അനേകം നേട്ടങ്ങൾ കൈവരിച്ചു;

ബ്രിട്ടീഷ് കുട്ടികളെ അടിമകളായി റോമിൽ വില്ക്കപ്പെടുന്നെന്നറിഞ്ഞ സന്ദർഭത്തിൽ, കാന്റർബെറി കത്തീട്രൽ ആശ്രമ മഠത്തിലെ വിശുദ്ധ അഗസ്റ്റിനുൾപ്പടെ 40 സന്യാസിമാരെ ‘മാലാഖക്കുഞ്ഞുങ്ങളെ മാലാഖ’മാരാക്കാൻ അദ്ദേഹം യാത്ര അയച്ചു.

ഇംഗ്ലണ്ടിന്റെ ക്രിസ്തീയവല്ക്കരണത്തിന്‌, ആ രാജ്യം ഗ്രിഗറി മാർപ്പാപ്പയോട് കടപ്പെട്ടിരിക്കണം. കാട്ടാളന്മാരായ ലൊമ്മാർഡുകൾ ആക്രമണത്തിലൂടെ യൂറോപ്പിൽ ഒരു ദുർസ്ഥിതി സൃഷ്ടിച്ച സാഹചര്യത്തിൽ, അവരെ വിജയകരമായി കൈകാര്യം ചെയ്യാൻ പോപ്പിന്‌ കഴിഞ്ഞു. റോം തന്നെ ആക്രമണഭീഷണിയിലായിരുന്നപ്പോൾ, അദ്ദേഹം നേരിട്ട് ലൊംബാർഡ് രാജാവിനെ സന്ദർശിച്ചു.

അതു പോലെ തന്നെ, പുരോഹിതരുടെ വിശുദ്ധിയും, സഭയിലെ അച്ചടക്ക പരിപാലനവും, റോമിലെ ദൈവജനത്തിന്റെ ഭൗതികാവശ്യങ്ങളും, ആഗോളവിശ്വാസ സമൂഹത്തിന്റെ ആത്മീയാവശ്യങ്ങളും, അദ്ദേഹം ഒരേ സമയം ഒരുപോലെ സരംക്ഷിച്ചിരുന്നു.

കൊള്ളരുതാത്ത വൈദികരെ സ്ഥാനങ്ങളിൽ നിന്നും നീക്കി- സഭാകർമ്മങ്ങൾക്ക് പണം വാങ്ങുന്ന സമ്പ്രദായം വിലക്കി-ലൊംബാർഡുകൾ പിടിച്ചുവച്ചിരിക്കുന്ന തടവുകാരെ മോചിപ്പിക്കുന്നതിനും, പീഢിതരായ യഹൂദന്മാരേയും, പ്ലേഗും ക്ഷാമവും മൂലം കഷ്ടപ്പെട്ടവരെ ശുശ്രൂശിക്കുന്നതിനും വേണ്ടി, അദ്ദേഹം സ്വന്തം ഖജനാവ്‌ കാലിയാക്കി. ഇപ്രകാരമുള്ള സല്കർമ്മങ്ങളാൽ, അദ്ദേഹം ‘നഗരത്തിന്റെ പിതാവ്‌, ലോകത്തിന്റെ സന്തോഷം’ എന്ന നാമവിശേഷണത്താൽ പ്രശംസിക്കപ്പെട്ടു.

അദ്ദേഹത്തിന്റെ മറ്റൊരു നേട്ടം- ദേവാലയ ആരാധനാ പുസ്തക പരിഷ്ക്കരണമാണ്‌. ഇന്ന് പള്ളികളിൽ ചൊല്ലുന്ന പലമനോഹരമായ പ്രാർത്ഥനാ വരികളും അദ്ദേഹം രചിച്ചവയാണ്‌. "Gregorian Chant" (അതിസൂക്ഷ്മ അളവിൽ ശാസ്ത്രീയമായി നിർണ്ണയിക്കപ്പെട്ട നീട്ടും കുറുക്കുമില്ലാത്ത ലളിതഗാനങ്ങൾ) എന്നറിയപ്പെടുന്ന പ്രസിദ്ധ സ്തുതി ഗീതങ്ങൾ, ക്രിസ്ത്യൻ സംഗീതത്തിന്‌ ഈ മഹാനായ പോപ്പ് നല്കിയ വിലപ്പെട്ട സംഭാവനയായി ബഹുമതിക്കപ്പെടുന്ന ഗാനശാഖയാണ്‌.

മദ്ധ്യകാലഘട്ടത്തിലെ ക്രിസ്തീയ ചിന്താ ധാരയെ ബഹുർത്തായി സ്വാധീനിച്ചിട്ടുള്ളതാണ്‌ അദ്ദേഹത്തിന്റെ വേദപുസ്തകവ്യാഖ്യാനങ്ങൾ.

604 മാർച്ച് 12ന്‌ മഹാനായ വിശുദ്ധ.ഗ്രിഗറി ദിവംഗതനായി. റോമിലെ സെന്റ് പീറ്റേഴ്സ് ദേവാലയത്തിലാണ്‌ കബറിടം.

Patron:

ഗായകസംഘബാലകർ, വിദ്യാഭ്യാസ പ്രവർത്തകർ, രക്തവാതരോഗികൾ, കല്പ്ണിക്കാർ, സംഗീതം, സംഗീതജ്ഞന്മാർ, ഗായക സംഘങ്ങൾ, പാട്ടുകാർ, കല്ലുവെട്ടുകാർ, അദ്ധ്യാപകർ, മാർപ്പാപ്പമാർ, വിദ്യാർത്ഥികൾ, പണ്ഡിതന്മാർ, പ്ലേഗ് പ്രതിരോധം, രക്തവാതപ്രതിരോധം, ജ്വര പ്രതിരോധം, ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ്.