News - 2025
ഈസ്റ്റര്‍ ദിനത്തിലെ ക്രൈസ്തവ കൂട്ടക്കൊലയുടെ നീറുന്ന ഓര്‍മ്മയില്‍ ശ്രീലങ്കന്‍ ക്രൈസ്തവര്‍
പ്രവാചകശബ്ദം 10-04-2023 - Monday
കൊളംബോ: നാലു വര്‍ഷം മുന്‍പ് ഈസ്റ്റർ ഞായറാഴ്‌ച 267 പേരുടെ ജീവനെടുത്തു ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ക്രൈസ്തവ കൂട്ടക്കൊലയുടെ നീറുന്ന ഓര്‍മ്മയില്‍ ശ്രീലങ്കന്‍ ക്രൈസ്തവര്‍. ശ്രീലങ്കൻ ക്രിസ്ത്യാനികൾ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ട് നീതി തേടുന്നത് തുടരുകയാണെന്ന് കൊളംബോ അതിരൂപതയുടെ നിയമ വിഭാഗത്തിന്റെ സെക്രട്ടറി ഫാ. ജൂലിയൻ പാട്രിക് പെരേര കഴിഞ്ഞ ദിവസം പറഞ്ഞു. 2019 ഏപ്രിൽ 21 ഈസ്റ്റര്‍ ദിനത്തില്‍ രണ്ട് കത്തോലിക്കാ ദേവാലയങ്ങള്‍, ഒരു ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ പള്ളി, മൂന്ന് ഹോട്ടലുകൾ, കൂടാതെ ഒരു ഭവന സമുച്ചയം, അതിഥി മന്ദിരം എന്നിവയ്ക്ക് നേരെയാണ് തീവ്രവാദികള്‍ ചാവേര്‍ ആക്രമണം നടത്തിയത്.
ദുരന്തത്തിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തില്‍ ഇരകള്‍ക്ക് നീതി ലഭിക്കാത്തതിൽ ഫാ. പെരേര തന്റെ ഖേദം വെളിപ്പെടുത്തി. ശരിയായ അന്വേഷണം നടന്നിട്ടില്ലായെന്നും നിരവധി പ്രധാന അന്വേഷകരെ കേസ് അന്വേഷണത്തിൽ നിന്ന് നീക്കം ചെയ്തതിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ഒരു മൂടിവെക്കല്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബോംബ് സ്‌ഫോടനത്തിലെ എല്ലാ ഇരകൾക്കും നീതി ഉറപ്പാക്കുമെന്നും സ്വതന്ത്രമായും നിഷ്പക്ഷമായും നിയമനടപടികൾ നടക്കുന്നുണ്ടെന്നും ഇന്നലെ ഈസ്റ്റര്‍ ഞായറാഴ്ച നല്‍കിയ സന്ദേശത്തില്‍ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അവകാശപ്പെടുമ്പോഴും നീതി ഏറെ അകലയാണെന്നാണ് ക്രൈസ്തവരുടെ ഇടയിലെ പൊതുവികാരം.
അന്ന് ഈസ്റ്റര്‍ ബലിയര്‍പ്പണത്തിനിടെ നടന്ന സ്ഫോടനത്തില്‍ അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. ബോംബാക്രമണങ്ങള്‍ക്ക് ശേഷം രാജ്യത്തെ ഇന്റലിജന്‍സ് സംവിധാനം പരിപൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്ന ആരോപണം ശക്തമാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിൽ 25നു വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽവെച്ച് സ്ഫോടനത്തിനിടെ ജീവന്‍ വെടിഞ്ഞവരുടെ പ്രിയപ്പെട്ടവരെയും ഇറ്റലിയിൽ താമസിക്കുന്ന ശ്രീലങ്കകാരുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച നടത്തി സാന്ത്വനം പകര്‍ന്നിരിന്നു.