News - 2025

ചരിത്ര സന്ദർശനം; പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ഹോങ്കോങ്ങിലെ മെത്രാൻ ചൈനയുടെ തലസ്ഥാനത്ത്

പ്രവാചകശബ്ദം 20-04-2023 - Thursday

ബെയ്ജിംഗ്: മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ഹോങ്കോങ്ങിലെ മെത്രാൻ ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിൽ സന്ദർശനം നടത്തി. അഞ്ചുദിവസത്തെ സന്ദർശനത്തിനു വേണ്ടി ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ബിഷപ്പ് സ്റ്റീഫൻ ചോ ചൈനയിൽ എത്തിയത്. നിലവിലുള്ള കരാർ ലംഘിച്ച് വത്തിക്കാന്റെ അനുമതിയില്ലാതെ ചൈനീസ് ഭരണകൂടം ഷാങ്ഹായിൽ പുതിയ മെത്രാനെ വാഴിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് രണ്ടാഴ്ചയ്ക്കു ശേഷമാണ് ഈ സന്ദർശനം നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. 2021 ലാണ് ഫ്രാൻസിസ് മാർപാപ്പ, സ്റ്റീഫൻ ചോയെ ഹോങ്കോങ്ങിലെ മെത്രാനായി നിയമിക്കുന്നത്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണത്തിന് കീഴിലുള്ള ഹോങ്കോങ്ങിൽ വലിയൊരു ശതമാനം കത്തോലിക്ക വിശ്വാസികളുണ്ട്. 2018ൽ മെത്രാൻമാരുടെ നിയമനം സംബന്ധിച്ച് വത്തിക്കാനും, ചൈനയും ഒപ്പുവെച്ച കരാർ അടിസ്ഥാനമാക്കി ചൈനീസ് ഭരണകൂടം ഹോങ്കോങ്ങിലെ കത്തോലിക്ക സമൂഹത്തിന്റെ മേൽ പിടിമുറുക്കുന്നുവെന്നുളള ആരോപണം, വൈദികരും, മിഷ്ണറിമാരും ഉന്നയിക്കുന്നുണ്ട്.

ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഒരു പാലമായി മാറാനുളള ഹോങ്കോങ്ങിലെ സഭയുടെ ദൗത്യത്തിന് അടിവരയിടുന്നതായിരിക്കും തന്റെ സന്ദർശനമെന്ന് അടുത്തിടെ ബിഷപ്പ് ചോ പറഞ്ഞിരുന്നു. ബെയ്ജിംഗിലെ മെത്രാന്റെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം ചൈന സന്ദർശിക്കാനുള്ള തീരുമാനമെടുക്കുന്നത്. അഞ്ചു ദിവസത്തെ സന്ദർശനത്തിനിടയിൽ 1610ൽ ചൈനയിൽവെച്ച് മരണമടഞ്ഞ ജെസ്യൂട്ട് മിഷ്ണറി ആയിരുന്ന മാറ്റിയോ റിക്കിയുടെ ശവകുടീരവും ബിഷപ്പ് സ്റ്റീഫൻ ചോ സന്ദർശിക്കും. തങ്ങളുടെ ഭരണത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന് ഭയപ്പെട്ട് സംഘടിതമായ മതങ്ങളുടെ മേൽ വലിയ നിയന്ത്രണങ്ങളാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം നടപ്പിലാക്കിയിരിക്കുന്നത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിലുള്ള ദേവാലയങ്ങളിൽ മാത്രമേ വിശ്വാസികൾക്ക് ആരാധന നടത്താൻ അനുവാദമുള്ളൂ. എന്നാൽ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ നിരവധി ദേവാലയങ്ങൾ രാജ്യത്തുടനീളം പ്രവർത്തിക്കുന്നുണ്ട്. 2018 ലാണ് മെത്രാന്മാരുടെ നിയമനം അടക്കമുള്ള വിഷയങ്ങളിൽ വത്തിക്കാനും, ചൈനയും കരാർ ഒപ്പിടുന്നത്. ഈ കരാർ കഴിഞ്ഞ ഒക്ടോബർ മാസത്തിൽ രണ്ട് വർഷത്തേക്ക് കൂടി പുതുക്കിയിരുന്നു. ഹോങ്കോങ്ങിലെ മുൻ മെത്രാൻ കർദ്ദിനാൾ ജോസഫ് സെൻ കരാറിന്റെ വലിയ വിമർശകനാണ്.


Related Articles »